സാൻഫ്രാൻസിസ്കോ: മങ്ക വിമൻസ് ക്ലബിന് ഉജ്ജ്വല തുടക്കം

ബിന്ദു ടി.ജി

മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക) യുടെ ഭാഗമായി രൂപീകരിച്ച വിമൻസ് ക്ലബ് ന്റെ ഔദ്യോഗിക ഉത്‌ഘാടനം പ്രൗഢ ഗംഭീരമായി നടന്നു . അന്തർദേശീയ വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് ഒൻപതാം തിയ്യതി യൂണിയൻ സിറ്റി -ഹോളി കമ്മ്യൂണിറ്റി സെന്ററിൽ വെച്ചായിരുന്നു ഉത്‌ഘാടന സമ്മേളനം നടന്നത് . നൂറ്റി അറുപതോളം വനിതകൾ പങ്കെടുത്ത ചടങ്ങിൽ യു എസ് എ വിമൻസ് നാഷണൽ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സിന്ധു ശ്രീഹർഷ മുഖ്യാതിഥി ആയിരുന്നു . ഫ്രീമോണ്ട് സിറ്റി കൗൺസിൽ അംഗങ്ങളായ തെരേസ കോക്സ്, മങ്ക ട്രസ്റ്റീ ബോർഡ് ചെയർ പേഴ്സൺ ഗീത ജോർജ്ജ് എന്നിവരും അതിഥി കളായി എത്തി . ബേ ഏരിയ യിലെ കലാകാരികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് നിറപ്പകിട്ടേകി .

തുടർന്ന് നടന്ന മിസ് എലഗൻസ് മത്സരം കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഏകദേശം ഇരുപത്തി അഞ്ച് വനിതകൾ പങ്കെടുത്ത മത്സരം ബിജി പോൾ ആണ് നിയന്ത്രിച്ചത് . ഡിംപിൾ ജോസഫ് മിസ് എലഗൻസ് ആയി കിരീടം ചൂടി. ഉഷ ഡോൺ രണ്ടാം സ്ഥാനവും , ഷീജ രാജീവ് മൂന്നാം സ്ഥാനവും നേടി . മങ്ക വിമൻസ് ക്ലബ് ന്റെ ന്യൂസ് ലെറ്റർ “തൂലിക” മങ്ക പ്രസിഡന്റ് സുനിൽ വർഗീസ് പ്രകാശനം ചെയ്തു. തൂലിക യുടെ ആദ്യ പതിപ്പ് സിന്ധു ശ്രീ ഹർഷ യ്ക്ക് നൽകി യാണ് പ്രകാശനകർമ്മം നിർവഹിച്ചത്.
പരിപാടികൾക്കൊടുവിൽ നർത്തകി സേതു വിന്റെ നേതൃത്വത്തിൽ പ്രേക്ഷകർ ആവേശപൂർവ്വം ഹാളിൽ നൃത്തം ചെയ്തു .

വിമൻസ് ക്ലബ് കോർഡിനേറ്റർസ് ആയ ജാസ്മിൻ പരോൾ , കവിത പ്രമോദ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം കൊടുത്തു. വിമൻസ് ക്ലബ് ലെ മറ്റു ഭാരവാഹികൾ ആയ ലിസി ജോൺ, റെനി പൗലോസ് , പദ്‌മപ്രിയ പാലോട്ട്, സ്മിത രാമചന്ദ്രൻ തുടങ്ങിയവർ ചേർന്നാണ്‌ മുഴുവൻ പരിപാടികളും ക്രമീകരിച്ചത് .മങ്ക ട്രെഷറർ മേരി ദാസൻ ജോസഫ് , ബോർഡ് ഓഫ് ഡയറക്ടർസ് ജോൺ പോൾ, ഹരി പുതുശ്ശേരി , ജോബി പൗലോസ് , ജിതേഷ് ചന്ദ്രൻ , ജോൺ പുലിക്കോട്ടിൽ, സിജോ പാറപ്പള്ളിൽ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ബേ ഏരിയ വനിതാ ശാക്തീകരണത്തിനുള്ള
വിവിധ പരിപാടികളുമായി വിമൻസ് ക്ലബ് മുന്നോട്ടു വരുമെന്ന് ഭാരവാഹികൾ അറിയിച്ചു.