അക്കൗണ്ടിൽ ബാക്കിയായി കോടികൾ; മുന്നിൽ കൊടിക്കുന്നിൽ സുരേഷും ഡീൻ കുര്യാക്കോസും

എല്ലാ പാര്‍ലമെന്റ് അംഗങ്ങളും തങ്ങളുടെ മണ്ഡലത്തില്‍ ചിലവഴിക്കേണ്ട തുകയ്ക്ക് കണക്കുണ്ട്.അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ പല എംപിമാരുടെയും ഫണ്ടില്‍ ഇനിയും ചെലവഴിക്കാത്ത കോടികള്‍ ബാക്കിയാണ്. ഒരു വര്‍ഷത്തേക്ക് അഞ്ച് കോടിരൂപയാണ് ഒരു എംപിക്ക് പ്രാദേശിക വികസന ഫണ്ടായി അനുവദിക്കപ്പെടുന്നത്. ഈ നിലയില്‍ അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ 25 കോടി രൂപ ഒരു എംപിക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കും. എന്നാല്‍ കൊവിഡ് സാഹചര്യങ്ങളെത്തുടര്‍ന്ന് എംപിമാരുടെ ഫണ്ട് പരിമിതപ്പെടുത്തിയത് മൂലം 17 കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ പല എംപിമാരുടെയും ഫണ്ടില്‍ ഇനിയും ചെലവഴിക്കാത്ത കോടികള്‍ ബാക്കിയാണ്. അതായത് ആ മണ്ഡലത്തിന് അവകാശപ്പെട്ട തുക ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്ന് ചുരുക്കം.

മാവേലിക്കരയിൽ നിന്നുള്ള കോൺ​ഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിന്റെ അക്കൗണ്ടിലാണ് ചിലവഴിക്കാത്ത തുക ഏറ്റവും കൂടുതൽ ഉള്ളത്. 6.24 കോടി രൂപയാണ് ചിലവഴിക്കാതെ ബാക്കിയുള്ളത്. രണ്ടാം സ്ഥാനം ഇടുക്കി എംപി ഡീൻ കുര്യാക്കോസിനാണ്. 4.044 കോടി രൂപ ഡീനിന്റെ എംപി ഫണ്ടിൽ ബാക്കിയാണ്. കഴിഞ്ഞ അഞ്ച് വർഷം മാവേലിക്കരയുടെയും ഇടുക്കിയുടെയും വികസനത്തിന് ചില വഴിക്കേണ്ടിയിരുന്ന തുകയാണ് ഇത്.

പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ അക്കൌണ്ടിൽ 3.19 കോടി രൂപ, കണ്ണൂർ എംപി കെ സുധാകരന്റെ അക്കൌണ്ടിൽ 2.70 കോടി, പൊന്നാനി എംപി ഇ.ടി.മുഹമ്മദ് ബഷീര്‍ 2.56 കോടി, ആലത്തൂർ എംപി രമ്യ ഹരിദാസ് 2.46 കോടി കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ 2.41 കോടി, തൃശൂർ എംപി ടി എന്‍ പ്രതാപന്‍ 2.04 കോടി, എറണാകുളം എംപി ഹൈബി ഈഡന്‍ 1.80 കോടി, മലപ്പുറം എംപി അബ്ദുള്‍സമദ് സമദാനി 1.55 കോടി, കോഴിക്കോട് എംപി എം കെ രാഘവന്‍ 1.43 കോടി, വയനാട് എംപി രാഹുല്‍ ഗാന്ധി 1.25 കോടി എന്നിങ്ങനെയാണ് എംപി ഫണ്ടിലെ കോടികളുടെ കിലുക്കം.

ചാലക്കുടി എംപി ബെന്നി ബെഹനാന്‍റെ അക്കൌണ്ടിൽ 91 ലക്ഷം രൂപ ബാക്കിയുണ്ട്. പത്തനംതിട്ട ആന്റോ ആന്റണിയുടേതായി 85 ലക്ഷലും ആലപ്പുഴ എംപി എ എം ആരിഫിന്റെ അക്കൌണ്ടിൽ 76 ലക്ഷവും വടകര എംപി കെ.മുരളീധരന്റെ പക്കൽ 75 ലക്ഷവും ബാക്കിയുണ്ട്. രാജ്മോഹന്‍ ഉണ്ണിത്താന്‍റെ എംപി ഫണ്ടിൽ ചിലവഴിക്കാതെ ബാക്കിയുള്ളത് 28 ലക്ഷം രൂപയാണ്. അടൂര്‍ പ്രകാശിന്റേത് 11 ലക്ഷം രൂപയും. ശശി തരൂരിന്റെ അക്കൌണ്ടിൽ ബാക്കിയായി 4 ലക്ഷം രൂപയുമുണ്ട്. ഏറ്റവും കുറവ് തുക ബാക്കിയുള്ളത് തോമസ് ചാഴികാടന്റെ അക്കൌണ്ടിലാണ്. 2 ലക്ഷം രൂപ മാത്രമാണ് തോമസ് ചാഴിക്കാടൻ എം പി ഫണ്ടിൽ നിന്ന് ചിലവഴിക്കാതിരുന്നത്, ബാക്കി മുഴുവൻ തുകയും മണ്ഡലത്തിൽ ചിലവഴിച്ച് കഴിഞ്ഞു.

2019 – 2024 കാലഘട്ടത്തിൽ എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിലേക്ക് കേന്ദ്ര സർക്കാർ നൽകിയത് 17 കോടി രൂപയാണ്. ഇതിൽ ഒരു വർഷം എംപി ഫണ്ടിനായി സർക്കാർ നൽകുന്നത് 5 കോടി രൂപയാണ്. ഈ തുക പൂർണ്ണമായും അതത് മണ്ഡലങ്ങളിൽ വിനിയോഗിക്കാം. എന്നാൽ കൊവിഡ് വ്യാപന പശ്ചത്തലത്തിൽ 2020-2021 സാമ്പത്തിക വർഷം എംപി ഫണ്ട് നൽകേണ്ടെന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഈ തുക കൊവിഡിനെ ചെറുക്കാനായാണ് സർക്കാർ മാറ്റി വച്ചത്. എന്നാൽ പിന്നീട് 2021-2022 വർഷം പകുതിയോടെ എംപി ഫണ്ട് വിതരണം ചെയ്യാൻ തീരുമാനിച്ച സർക്കാർ 2 കോടി രൂപയാണ് ഓരോ എംപിമാർക്കും ഇതിനായി അനുവദിച്ചത്. തുടർ വർഷങ്ങളിൽ കൃത്യമായി 5 കോടി രൂപ വീതവും അനുവദിച്ചു. ആകെയുള്ള 17 കോടിയിൽ 6.24 കോടി രൂപ ബാക്കി വെച്ച കൊടിക്കുന്നിൽ സുരേഷ് കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിനായി ചെലവഴിച്ചത് 10.76 കോടി രൂപയാണ്. എന്നാൽ തോമസ് ചാഴിക്കാടനാകട്ടെ 16.98 കോടി രൂപയും ചിലവഴിച്ചു.