ന്യൂയോര്‍ക്ക് സോഷ്യല്‍ ക്ലബിന്‍റെ നേതൃത്വത്തില്‍ ഇന്‍റര്‍നാഷണല്‍ വടംവലിമത്സരം റോക്ലാന്‍ഡില്‍ നടത്തപ്പെടുന്നു

സിജോ ചെരുവന്‍കാലായില്‍
ന്യൂയോര്‍ക്ക്: കാല്‍ക്കരുത്തിന്‍റെ മാന്ത്രികബലവും കൈക്കരുത്തിന്‍റെ മാന്ത്രികശക്തിയും മെയ്വഴക്കത്തിന്‍റെ മനോഹാരിതയുമായി ന്യൂയോര്‍ക്ക് സോഷ്യല്‍ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ഒന്നാമത് ഇന്‍റര്‍നാഷണല്‍ വടംവലി മത്സരം ഓഗസ്റ്റ് 17-ന് ശനിയാഴ്ച ന്യൂയോര്‍ക്ക് റോക്ക്ലാന്‍ഡ് ക്നാനായ കമ്യൂണിറ്റി സെന്‍ററില്‍ വെച്ച് നടത്തപ്പെടുന്നു. സാജന്‍ കുഴിപ്പറമ്പില്‍-ചെയര്‍മാന്‍, പോള്‍ കറുകപ്പിള്ളില്‍ ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിന്‍റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുണ്ടായി.
പ്രായഭേദമെന്യേ ഏവര്‍ക്കും കലാ, കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുന്നതിനായി രൂപീകരിച്ച ന്യൂയോര്‍ക്ക് സോഷ്യല്‍ ക്ലബിന്‍റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും ശ്രദ്ധേയമാകുന്നു. ആധുനിക ജീവിതത്തിലെ തിരക്കിനിടയില്‍ കായിക, കലാ മേഖലയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഏവര്‍ക്കും സുരക്ഷിതവും ആത്മവിശ്വാസം പകരുന്നതുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതുമാണ് ക്ലബിന്‍റെ പ്രധാന ലക്ഷ്യം. ന്യൂയോര്‍ക്കില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനാ നിയമങ്ങള്‍ക്കു കീഴിലാണ് ക്ലബ് പ്രവര്‍ത്തനങ്ങള്‍.
അംഗങ്ങള്‍ക്കാവശ്യമായ ഗുണനിലവാരമുള്ള പ്രോഗ്രാമുകള്‍ ഒരുക്കുന്നതില്‍ ക്ലബ് മുന്‍നിരയിലുണ്ട്. പരസ്പരമുള്ള കൂട്ടായ്മ നിലനിര്‍ത്തുക, അതിലെ അംഗങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സംഭാവന നല്കുക, എല്ലാ പ്രായത്തിലുമുള്ള ആളുകളെ ഉള്‍പ്പെടുത്തി ഗുണനിലവാരമുള്ള കായിക-കലാപരിപാടികള്‍ ഒരുക്കുക, പഠനത്തോടൊപ്പം സ്വയം വളരാനും മുന്നോട്ടു പോകുന്നതിനും പ്രോത്സാഹിപ്പിക്കുക, കമ്യൂണിറ്റിയിലെ മറ്റ് ഓര്‍ഗനൈസേഷനുകളുമായുള്ള പങ്കാളിത്തത്തോടെ മാര്‍ക്കറ്റിംഗിലും ഔട്ട്റീച്ചിലുമുള്ള പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്കുക എന്നിവയും ക്ലബിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
റോയ് മറ്റപ്പിള്ളില്‍ (പ്രസിഡണ്ട്), സാജന്‍ കുഴിപ്പറമ്പില്‍ (വൈസ് പ്രസിഡണ്ട്), ജിമ്മി പൂഴിക്കുന്നേല്‍ (സെക്രട്ടറി), ഷിബു ഏബ്രഹാം (ജോയിന്‍റ് സെക്രട്ടറി), ജോസ്കുട്ടി പൊറ്റംകുഴി (ട്രഷറര്‍), സിജു ചെറുവങ്കാല (പിആര്‍ഒ), നിബു ജേക്കബ്, ബിജു മുപ്രപ്പള്ളില്‍, ജോയല്‍ വിശാഖന്‍തറ, മനു അരയന്താനത്ത് എന്നിവര്‍ ന്യൂയോര്‍ക്ക് സോഷ്യല്‍ ക്ലബ് ബോര്‍ഡ് അംഗങ്ങളാണ്.
അന്താരാഷ്ട്ര തലത്തില്‍ നടത്തപ്പെടുന്ന പ്രസ്തുത കായിക മാമാങ്കത്തില്‍ പ്രൈസ് നിശ്ചയിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ഫസ്റ്റ്പ്രൈസ് 5000 ഡോളര്‍+ട്രോഫിയും, സെക്കന്‍ഡ് പ്രൈസ് 3000 ഡോളര്‍+ട്രോഫിയും, തേര്‍ഡ് പ്രൈസ് 2000 ഡോളര്‍+ട്രോഫിയും, ഫോര്‍ത്ത് പ്രൈസ് 1000 ഡോളര്‍+ട്രോഫിയുമാണ്.
കാനഡ, യുകെ, ഇറ്റലി, മാള്‍ട്ട, കുവൈറ്റ്, ഖത്തര്‍, ഇന്ത്യ തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അതുപോലെതന്നെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുമുള്ള മികവുറ്റ ടീമുകള്‍ പങ്കെടുക്കുന്ന ഈ കായികമേളയില്‍ പങ്കെടുത്തു വിജയിപ്പിക്കുക.