ക്രിസ്തു ചൈതന്യം നമ്മിൽ നിറയട്ടെ

സുലേഖ ജോർജ്
ഓർമ്മകൾ മാത്രമായി തീർന്ന ചില സാധനങ്ങളുടെ ചിത്രങ്ങൾ ഇട്ട് ഇതെന്തെന്നറിയുമോ എന്ന് ചോദിക്കുന്ന ഒരു കൂട്ടുകാരി നമുക്ക് FB യിൽ ഉണ്ട്. ബീന ആന്റണി. ബീന കഴിഞ്ഞ ദിവസം ഒരു ചോദ്യം ചോദിച്ചിരുന്നു.നിങ്ങളോടു ഒരു വരം ചോദിച്ചാൽ എന്തായിരിക്കും ചോദിക്കുക. എനിക്ക് വേണ്ട വരം ജാതി മത ചിന്തകൾക്ക് അതീതമായി മനുഷ്യർ ഐക്യപ്പെടണം എന്നതാണ് .ഭൂതലത്തിൽ അപ്പോഴുണ്ടാകുന്ന പ്രകാശത്തിന് ഇരട്ടി തെളിച്ചമായിരിക്കും. ഇവിടെ നിണപ്പുഴ കൾക്ക് പകരം കാരുണ്യത്തിന്റെ പുഴ ഒഴുകും.ഒരിക്കൽ ഒരു പയ്യനെ പരിചയപ്പെടാൻ ഇടയായി. അവന്റെ ഗ്രാമത്തിൽ കൂടുതൽഇസ്ലാം വിശ്വാസികളും കുറവ് ഹിന്ദുക്കളും ആണ്. എങ്കിലും വളരെ സൗഹാർദ്ദത്തിൽ തന്നെ അവർ കഴിയുന്നു.ഒരിക്കൽ അവൻ അമ്പല മുറ്റത്ത് ആലിൻചുവട്ടിൽ ഇരിക്കുക ആയിരുന്നു.മുന്നിലെ വിളക്കിൽ തിരി താഴ്ന്നിരിക്കുന്നത് കണ്ട ആ ഇസ്ലാം മത വിശ്വാസി കൂട്ടുകാരനോട് പറഞ്ഞു, “ദേ, ആ തിരി പൊക്കി വെക്കാമായിരുന്നു.”കൂട്ടുകാരൻ പറഞ്ഞു”നിനക്കും അതാകാം.”അതെ, ഉള്ളിലെ സ്നേഹത്തിന്റെ ദീപം കെടാതെ കാത്തു സൂക്ഷിക്കുകയല്ലേ വേണ്ടത്.അത് ആർക്കും ആകാം. മനുഷ്യൻ ആയാൽ മതി. “ദൈവംഎന്നാൽ ആത്മവിശ്വാസംആണ്.സമാധാനം ആണ്”അവൻ പറഞ്ഞു. ഞാനവനെ മനസ്സാ നമസ്കരിച്ചു.
ഇന്ന് ദുഃഖ വെള്ളിയാഴ്‌ച്ച ആണ്. പള്ളിയിൽ പോയിരുന്നു. തിരുഓസ്തി നാവിൽ വെക്കുമ്പോൾ ക്രിസ്തു ചൈതന്യം ഉള്ളിൽ നിറയുകയും കരയുകയും ചെയ്യും. ആ ഒരു അനുഭവത്തിനു വേണ്ടിയാണ് പള്ളിയിൽ പോവുക. ഇത്രയധികം ക്ഷമയിലും സ്നേഹത്തിലും കരുണയിലും വാർത്തെടുക്കപ്പെട്ട ക്രിസ്തു കണ്ണീരായി ഉള്ളിൽ നിറയുമ്പോൾ കൃതജ്ഞത കൊണ്ടെന്റെ ശിരസ്സ് കുനിഞ്ഞു പോകുന്നു.
ഓർക്കുക ആയിരുന്നു യൂദായേശുവിനെ ഒറ്റു കൊടുക്കാൻ എന്തുകൊണ്ടാണ് ചുംബനം അടയാളം ആക്കിയത് എന്ന്. ചുമ്മാ കയ്യിൽ പോയി പിടിച്ചാൽ ഗുരു എന്ന് മനസ്സിലാകാതെ പോകുമോ…. ആ ഉമ്മ യേശുവിന് എങ്ങനെ ആയിരിക്കും അനുഭവപ്പെട്ടിട്ടുണ്ടാവുക…. പടയാളികളിൽ ഒരാൾ യേശുവിനെ ഉപദ്രവിച്ചപ്പോൾ ഒരു ശിഷ്യൻ ചെന്ന് അവന്റെ കാത് മുറിക്കുന്നുണ്ട്.ക്രിസ്തു ഉടനെ തന്നെ അത് സ്പർശിച്ചു സുഖപ്പെടുത്തുന്നു.ഉപാധികൾ ഇല്ലാത്ത സ്നേഹത്തിന്റെ പാതയാണ് ക്രിസ്തു . തള്ളിപ്പറയലുകളുടെ ,ഒറ്റുകൊടുക്കലുകളുടെ എല്ലാം ചങ്കു തകർക്കുന്ന വേദനകളിൽ നിന്നും ഉയിർത്തെഴുന്നേൽക്കാതിരിക്കാൻ ആവില്ലെന്ന ക്രിസ്തു ചൈതന്യം നമ്മിൽ നിറയട്ടെ