കയ്യിലുള്ളത് 1000 രൂപ, സ്വന്തമായി വീടോ പുരയിടമോ ഇല്ല; വി മുരളീധരന്റെ സ്വത്തുവിവരങ്ങള്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരന് ആകെയുള്ളത് 24 ലക്ഷം രൂപ മൂല്യമുള്ള സ്വത്ത്. കയ്യിലുള്ളത് 1000 രൂപയും, സ്വന്തമായി വീടോ പുരയിടമോ ഇല്ല. തിരുവനന്തപുരം കലക്ടറേറ്റില്‍ ഇന്നലെ നല്‍കിയ നാമനിര്‍ദേശ പത്രികയിലാണു സ്വത്തുവിവരങ്ങളുള്ളത്.

എസ്ബിഐ ഡല്‍ഹി ശാഖയില്‍ 10.5 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ട്. സ്വന്തം പേരില്‍ 1.18 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയുണ്ട്. സ്വന്തമായി 12ലക്ഷം വിലയുള്ള കാറും ഒരു സ്വര്‍ണ മോതിരവുമുണ്ടെന്നും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഭാര്യയുടെ പേരില്‍ 46.75 ലക്ഷം രൂപ മൂല്യം വരുന്ന സ്വത്തുണ്ട്. ഭാര്യക്ക് സ്വന്തം പേരിലും പങ്കാളിത്തത്തിലുമായാണ് ഇത്രയും സ്വത്തുള്ളത്. 11ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും ഉണ്ട്.

വി മുരളീധരന് 83,437രൂപയുടെ കടബാധ്യതയാണുള്ളത്. ഭാര്യയ്ക്ക് 10 ലക്ഷത്തിന്റെ ഹൗസിങ് ലോണ്‍ ഉണ്ട്. സമരം നടത്തിയതിന് തിരുവനന്തപുരത്തും തൃശൂരും മലപ്പുറത്തുമായി മുരളീധരന്റെ പേരില്‍ അഞ്ച് പൊലീസ് കേസുകളുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.