അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫൻ താക്കോൽ ദാനം നടത്തി

ഡോ. കല ഷഹി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തൻ്റെ വീൽ ചെയർ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളിൽ നിന്ന് വെള്ളം വീണ് തൻ്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിൻകര ഹരിജൻ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം കാണണ്ട. ഈ കുടുംബത്തിന് അടച്ചുറപ്പുള്ള വീടൊരുക്കി ഫൊക്കാന . ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫനും , കടകംപള്ളി സുരേന്ദ്രൻ എം. എൽ. എയും ചേർന്ന് കഴിഞ്ഞ ദിവസം അതുല്യയ്ക്കും കുടുംബത്തിനും പുതിയ വീടിൻ്റെ താക്കോൽ ഏൽപ്പിക്കുമ്പോൾ വർഷങ്ങളായി ചോർന്നൊലിക്കുന്ന കൂരയിൽ നിന്നും എന്നേക്കുമായുള്ള മോചനത്തിൻ്റെ നിമിഷമായിരുന്നു അത്. കടകംപള്ളി സുരേന്ദ്രൻ എം. എൽ. എയാണ് ഈ കുടുംബത്തെക്കുറിച്ച് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫനെ വിവരം അറിയിക്കുന്നത്. അങ്ങനെയാണ് ഫൊക്കാന ഭവന പദ്ധതിയിൽ അതുല്യയ്ക്ക് വീടൊരുങ്ങിയത്. കഴക്കൂട്ടം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അതുല്യ .

ജീവിതത്തിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമൂഹത്തെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ് ഫൊക്കാനയെന്നും ഫൊക്കാനയുടെ ഭവന പദ്ധതിയിൽ അതുല്യയ്ക്കും വീടൊരുക്കാൻ സാധിച്ചതിൽ ഏറ്റവും വലിയ സന്തോഷമായെന്നും ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. തൻ്റെ മണ്ഡലത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഫൊക്കാന ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഒരു ലോക മാതൃക തന്നെയാണെന്ന് മുൻമന്ത്രിയും കഴക്കൂട്ടം എം. എൽ. യുമായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. താക്കോൽ കൈമാറ്റ ചടങ്ങിൽ റോട്ടറി പ്രസിഡൻ്റ് എസ്. എസ് നായർ, കൗൺസിലർ എൽ എസ് കവിത സി.പി. എം ലോക്കൽ സെക്രട്ടറി ആർ . ശ്രീകുമാർ, എസ് .പ്രശാന്ത്, സതീശൻ, ഷാജി മോൻ, സജു ലജീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

ഡോ. കല ഷഹി, ജനറൽ സെക്രട്ടറി ഫൊക്കാന