അപര സാന്നിധ്യം

1980 -ൽ മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് ആ അർത്ഥത്തിൽ നിരവധി അപൂർവതകൾ നിറഞ്ഞ ഒന്നാണ്. മത്സരിച്ച പ്രധാന സ്ഥാനാർത്ഥികൾ തന്നെ പരസ്പരം അപരന്മാർ ആയിരുന്നു. ആന ചിഹ്നത്തിൽ മത്സരിച്ച ജോർജ് ജോസഫ് മുണ്ടക്കലും കുതിര ചിഹ്നത്തിൽ കേരള കോൺഗ്രസ് സ്ഥാനാർഥി ജോർജ് ജെ മാത്യുവും തമ്മിലായിരുന്നു പ്രധാന മത്സരം. 4330 ന്റെ ഭൂരിപക്ഷത്തിനു ജോർജ് ജോസഫ് മുണ്ടക്കൽ ജോർജ് ജെ മാത്യുവിനെ അട്ടിമറിച്ചപ്പോൾ, ഒട്ടകം ചിഹ്നത്തിൽ മത്സരിച്ച എൻവി ജോർജ് 11859 വോട്ടുമറിച്ചു.

2001 -ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ മത്സരിച്ച അന്നത്തെ ഡിവൈഎഫ്ഐ നേതാവ് ടി ശശിധരൻ 406 വോട്ടിനാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ തോമസ് ഉണ്ണിയാടനോട് തോൽക്കുന്നത്. അപരനായെത്തി 1867 വോട്ടുകൾ കവർന്ന മറ്റൊരു ശശിധരൻ, ടി ശശിധരന് പാരയായി.

2004 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിലെ പോരാട്ടം സിപിഎം സ്ഥാനാർഥി കെ.എസ്.മനോജും വി.എം.സുധീരനും തമ്മിൽ ആയിരുന്നു. അപ്പോഴാണ് അപരനായി വി.എസ്.സുധീരൻ രംഗത്തെത്തുന്നത്. മത്സരത്തിൽ 1,009 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മനോജ് വിജയിച്ചു. അപരൻ സ്വന്തമാക്കിയത് 8,282 വോട്ടുകൾ. ഈ റെക്കോർഡ് മറ്റൊരു അപരനും തകർക്കാനായിട്ടില്ല. അന്നു വിജയിച്ചിരുന്നെങ്കിൽ വി.എം.സുധീരൻ കേന്ദ്രമന്ത്രിയാകാൻ സാധ്യതയുണ്ടായിരുന്നു. ഷട്ടിൽ കോക്കായിരുന്നു വി.എസ്.സുധീരന്റെ ചിഹ്നം. ബാലറ്റിൽ അത് അച്ചടിച്ചുവെച്ചിരിക്കുന്നത് കാണുമ്പോൾ കൈപ്പത്തി പോലെ തോന്നിയതും വോട്ടർമാരെ കുഴപ്പിച്ചു

2004 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ പി സി തോമസ് ജോസ് കെ മാണി, അഡ്വ. പിഎം ഇസ്മായിൽ എന്നിവർ തമ്മിൽ ശക്തമായ ശക്തമായ ത്രികോണ മത്സരം നടന്നപ്പോൾ പി സി തോമസ് എന്ന പേരിൽ രണ്ടപരന്മാർ കൂടി ഉണ്ടായിരുന്നു. അവരുടെ ചിഹ്നങ്ങളായ ഹാർമോണിയവും വീടും, ഒറിജിനൽ പിസി തോമസിന്റെ ചിഹ്നമായ ടെലിവിഷനുമായി ബാലറ്റിൽ നല്ല സാമ്യമുള്ളവയായിരുന്നു. എന്തായാലും രണ്ടപരന്മാരും ചേർന്ന് ആഞ്ഞു പിടിച്ച് 5189 വോട്ട് നേടിയിട്ടും, പി സി തോമസ് 529 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഷ്ടിച്ച് കടന്നുകൂടി.

2009- ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയത് കോൺഗ്രസിൽ നിന്ന് എംകെ രാഘവൻ. സിപിഎമ്മിൽ നിന്ന് പിഎ മുഹമ്മദ് റിയാസ്. കെ രാഘവനും എം രാഘവനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്മാരായി മത്സരിച്ചു. റിയാസ്, പിഎ മുഹമ്മദ് റിയാസ്, പി മുഹമ്മദ് റിയാസ്, മുഹമ്മദ് ഹാജി എന്നിവരായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിക്ക് ഉണ്ടായിരുന്ന അപര വെല്ലുവിളി. ആകെ പോൾ ചെയ്ത 797578 വോട്ടിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്മാര്‍ 2743 വോട്ടാണ്. എന്നാൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്മാര്‍ 6371 വോട്ട് നേടി. ആകെ 838 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്റെ വിജയം.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സുരേന്ദ്രൻ 89 വോട്ടിന് യു.ഡി.എഫിലെ പി.ബി.അബ്ദുൾറസാഖിനോട് പരാജയപ്പെട്ടപ്പോൾ അതിനും ഒരു അപര സാന്നിധ്യം കാരണമായി. ’ഐസ്‌ക്രീം’ ചിഹ്നത്തിൽ സ്വതന്ത്രനായി മത്സരിച്ച് 467 വോട്ട് പിടിച്ച കെ സുന്ദര. അന്ന് കെ സുരേന്ദ്രന് ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ കെ സുന്ദരയ്ക്ക് വീണില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നേമത്തിനൊപ്പം വടക്കൻ കേരളത്തിലും ’താമര’ വിരിയുമായിരുന്നു.