ഉച്ചവെയിലിനെ പാൽനിലാവാക്കിയ പാട്ടുകൾ

രവിമേനോൻ

സ്വപ്‌നങ്ങൾ അധികവും ബ്ളാക്ക് ആൻഡ് വൈറ്റിലായിരുന്നു പണ്ട്. സിനിമകളും അങ്ങനെയായിരുന്നല്ലോ.

എങ്കിലും “മഴവില്ലിൻ പീലി ചുരുക്കി പകലാകും പൊൻമയിൽ പോയാൽ, പതിവായി പോരാറുണ്ടാ വിരുന്നുകാരൻ” എന്ന് പി സുശീല പാടിക്കേൾക്കുമ്പോൾ അന്നത്തെ സ്‌കൂൾ കുട്ടിയുടെ മനസ്സിൽ ഇന്നും മനോഹരമായ ഒരു വർണ്ണചിത്രം വിരിയും. “പതിവായി പൗർണ്ണമി തോറും പടിവാതിലിൻ അപ്പുറമെത്തി കണിവെള്ളരി കാഴ്ചവെക്കുന്ന കനകനിലാവി”നെ കുറിച്ച് ബഹുവർണ്ണ സങ്കല്പങ്ങൾ മിനയും അവന്റെ മനസ്സ്.

നിലാവിനെ കുറിച്ച് ഇത്ര ലളിതമനോഹരമായി, ഗ്രാമ്യഭംഗിയിൽ ചാലിച്ചെഴുതാൻ ഭാസ്കരൻ മാഷിനല്ലാതെ മറ്റാർക്ക് കഴിയും? “ആദ്യകിരണങ്ങളി”ലെ ആ ഗാനം പി ഭാസ്കരൻ ആദ്യമായി മൂളിക്കേൾപ്പിക്കവേ ഹോട്ടൽ മുറിക്ക് പുറത്തെ ഉച്ചവെയിൽ പാൽ നിലാവായി മാറിയപോലെ തോന്നിയെന്ന് പറഞ്ഞിട്ടുണ്ട് സംഗീത സംവിധായകൻ രാഘവൻ മാഷ്. ആറു പതിറ്റാണ്ടിനിപ്പുറവും ആ പാട്ട് മനസ്സിലുണർത്തുന്നത് അതേ അനുഭൂതി തന്നെ.

വേറെയുമുണ്ട് നിലാവലകളൊഴുകുന്ന ഭാസ്കരഗീതികൾ. പേരാറ്റിൻ കടവിങ്കൽ മഞ്ഞളരച്ചുവെച്ചു നീരാടുന്ന മഞ്ഞണിപ്പൂനിലാവ് മറ്റെവിടെ കാണാൻ കിട്ടും നമുക്ക്? “പാതിരാപ്പാലകൾ തൻ വിരലിങ്കൽ പൗർണ്ണമി മോതിരമണിയിക്കും മലർമാസത്തിൽ താന്നിയൂരമ്പലത്തിലെ കഴകക്കാരനെപ്പോലെ താമരമാലയുമായ് ചിങ്ങമെത്തുന്നതും കാത്ത്” അക്ഷമയോടെ ഇരുന്ന തരുണികളുടെ തലമുറ അരങ്ങൊഴിഞ്ഞിരിക്കാം. പക്ഷേ ആ വാങ്മയ ചിത്രങ്ങൾക്ക് മരണമില്ല.

ഈ താന്നിയൂരമ്പലം എവിടെയാണെന്ന് ചോദിച്ചിട്ടുണ്ട് ഒരിക്കൽ മാഷോട്. ശരിക്കും അങ്ങനെയൊരമ്പലം ഉണ്ടോ? മാഷ് ചിരിച്ചു. എന്നിട്ട് പറഞ്ഞു: “താങ്കൾക്ക് തോന്നീലേ അങ്ങനെയൊരു സ്ഥലവും അവിടെയൊരു അമ്പലവും കഴകക്കാരനുമുണ്ടെന്ന്? അപ്പോ ഞാൻ ജയിച്ചൂ എന്നർത്ഥം.” സാങ്കല്പിക ഗ്രാമമായിരുന്നു താന്നിയൂര് എന്ന് പറയാതെ പറയുകയായിരുന്നു മാഷ്. എം ടി കഥകളിലെ താന്നിക്കുന്നും കൂടല്ലൂരും ചേർത്തുകെട്ടി പുതിയൊരു ഗ്രാമമുണ്ടാക്കുകയായിരുന്നത്രെ കവി. എങ്കിലെന്ത്? ഇന്നും ആ പാട്ട് കേൾക്കുമ്പോൾ താമരമാലയുമായി മെല്ലെ നടന്നുവരുന്ന ഒരു കഴകക്കാരന്റെ രൂപം മനസ്സിൽ തെളിയും; നിലാവലകളിൽ കുളിച്ച ചിത്രം.

കഥാസന്ദർഭവുമായി നിലാവിനെ വിളക്കിച്ചേർക്കാൻ പ്രത്യേകിച്ചൊരു വിരുതുണ്ട് ഭാസ്കരനിലെ കവിയ്ക്ക്. കഥാപാത്രങ്ങളുടെ സാംസ്‌കാരിക, സാമുദായിക പശ്ചാത്തലത്തിലേക്കും സൂക്ഷ്മ ഭാവങ്ങളിലേക്കുമെല്ലാം ഇറങ്ങിച്ചെന്നായിരിക്കും മിക്കപ്പോഴും രചന. “രാരിച്ചൻ എന്ന പൗരനി”ലെ വിഖ്യാതമായ “നാഴൂരിപ്പാല്” ആ പകർന്നാട്ടത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണം: “മഞ്ഞിന്റെ തട്ടമിട്ടു ചന്ദ്രൻ മേലെ, സുറുമയാൽ കണ്ണെഴുതി താരകൾ നീളേ, അന്തിക്ക് പടിഞ്ഞാറേ ചെന്തെങ്ങിൻ കുലവെട്ടി കല്യാണവീട്ടിലാരോ തൂമുല്ലപ്പന്തല് കെട്ടി..” ആ മുല്ലപ്പന്തലിനൊപ്പം നമ്മുടെ മനസ്സിൽ വിരിയുന്ന ദൃശ്യം എത്ര ചേതോഹരം. ആരോടും ചൊല്ലാതെ, ആരുമാരുമറിയാതെ പാരിന്റെ മാറത്തൊരു പൊൻമെത്തപ്പായ നിവർത്തുകയാണ് പ്രകൃതി.

മാഷ് ആദ്യം സ്വതന്ത്രമായി പാട്ടെഴുതിയ മലയാളസിനിമയുടെ പേരിനു തന്നെയുണ്ട് നിലാവിന്റെ ചാരുത: ചന്ദ്രിക (1950). അടുത്ത പടമായ “നവലോക”ത്തിൽ അതാ വിരിയുന്നു ആദ്യ നിലാപ്പൂ: തങ്കക്കിനാക്കൾ ഹൃദയേ വീശും വനാന്തചന്ദ്രികയാരോ നീ സങ്കല്പമാകെ പുളകം പൂശും വസന്തസുമമേ ആരോ നീ? “തിരമാല”യിലെ പാലാഴിയാം നിലാവും മധുമാസ നീലരാവും കടന്ന് “നീലക്കുയിലി”ലെത്തുമ്പോൾ അവിടെയുണ്ട് തങ്കനിലാവത്ത് താലികെട്ടിയ താമരവള്ളി (കുയിലിനെ തേടി). പിന്നീടങ്ങോട്ട് നിലാവിൽ കുളിച്ചു നിൽക്കുകയാണ് ഭാസ്കരൻ.

ഭാർഗ്ഗവീനിലയത്തിലെ “താമസമെന്തേ വരുവാൻ” ഉൾപ്പെടെ ഭാസ്കരൻ മാഷിന്റെ ക്ലാസിക് നിലാപ്പാട്ടുകൾ പലതും ചിട്ടപ്പെടുത്താൻ ഭാഗ്യമുണ്ടായത് ബാബുരാജിനാണ്. ഹേമന്തയാമിനിയുടെ പൊൻവിളക്കും പാലൊളി ചന്ദ്രികയെ വെല്ലുന്ന പ്രണയിനിയുടെ മന്ദഹാസവും ബ്ളാക്ക് ആൻഡ് വൈറ്റിന്റെ പരിമിതികൾ എല്ലാം ഉൾക്കൊണ്ടു തന്നെ നിഴലും വെളിച്ചവും ഇടകലർത്തി ചിത്രീകരിച്ച സംവിധായകൻ വിൻസന്റ് മാഷിന്റെ പ്രതിഭക്ക് നമോവാകം. “നല്ല വിഷ്വൽ സെൻസ് ഉള്ള ഒരു ചലച്ചിത്രകാരൻ കൂട്ടി ഉള്ളിൽ ഉള്ളതുകൊണ്ട് ഭാസ്കരൻ എഴുതുന്ന പാട്ടുകളിൽ നിറയെ ദൃശ്യങ്ങളുണ്ടാകും. അത് നമുക്കൊരു വെല്ലുവിളിയാണ്.” — വിൻസെന്റിന്റെ വാക്കുകൾ.

ചാന്ദ്രശോഭയുടെ വൈവിധ്യമാർന്ന ഭാവങ്ങളാണ് ഭാസ്കര രചനയിൽ നിന്ന് ബാബുരാജ് സ്വരപ്പെടുത്തി സമ്മാനിച്ചത്. പടിഞ്ഞാറേ മാനത്തുള്ള പനിനീർപ്പൂ ചാമ്പക്ക പഴുത്തുവല്ലോ മുഴുത്തുവല്ലോ പറിച്ചുതിന്നാനെനിക്ക് ചിറകില്ലല്ലോ (നിണമണിഞ്ഞ കാൽപ്പാടുകൾ) എന്ന പാട്ടിൽ നിറയുന്നത് പ്രണയം. കന്നിനിലാവത്ത് കസ്തൂരി പൂശുന്ന കൈതേ കൈതേ കൈനാറീ കയ്യിലിരിക്കണ പൂമണമിത്തിരി കാറ്റിന്റെ കയ്യിൽ കൊടുത്താട്ടെ (തച്ചോളി ഒതേനൻ) എന്ന പാട്ടിൽ പ്രതീക്ഷ. ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന (ഇരുട്ടിന്റെ ആത്മാവ്) എന്ന പാട്ടിലെ മാനവഹൃദയത്തിൻ നൊമ്പരമോർക്കാതെ മാനത്ത് ചിരിക്കുന്ന വാർതിങ്കളേ മൂടുപടമണിഞ്ഞ മൂഢവികാരത്തിൻ നാടകം കണ്ടുകണ്ടു മടുത്തുപോയോ എന്ന വരിയിൽ വിഷാദം. ഒരു കൂട്ടം ഞാനിന്ന് (ബാല്യകാലസഖി) എന്ന പാട്ടിലെ ശരൽക്കാല ചന്ദ്രലേഖ മയങ്ങിക്കോട്ടെ ചിരിക്കുന്ന നക്ഷത്രങ്ങൾ ഉറങ്ങിക്കോട്ടെ എന്ന വരിയിൽ കുസൃതി. ലക്ഷപ്രഭുവിലെ വെണ്ണിലാവിനെന്തറിയാം വെറുതെ വെറുതെ ചിരിക്കാം എന്ന പാട്ടിൽ വിരഹം. പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ (പരീക്ഷ) എന്ന പാട്ടിലെ പൊന്തിവരും സങ്കൽപ്പത്തിൻ പൊന്നശോക മലർവനിയിൽ ചന്തമെഴും ചന്ദ്രിക തൻ ചന്ദന മണി മന്ദിരത്തിൽ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ എന്ന വരിയിൽ പ്രണയവാഗ്ദാനം…. അങ്ങനെ നൂറു കൂട്ടം ഭാവങ്ങൾ.

വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്നതാണ് “ഇന്നലെ മയങ്ങുമ്പോൾ” എന്ന പാട്ടിലെ വാസന്തചന്ദ്രലേഖ. പൗർണ്ണമി സന്ധ്യ തൻ പാലാഴി നീന്തിവരുന്ന വിണ്ണിലെ വെണ്മുകിൽ കൊടിപോലെ, ഏതോ സ്മരണ തൻ തംബുരുശ്രുതി മീട്ടി തങ്കക്കിനാവിൽ കടന്നുവരുന്നു അവൾ. മാഷിന്റെ തന്നെ മറ്റൊരു പാട്ടിലെ മധുമാസ സുന്ദര ചന്ദ്രലേഖയാകട്ടെ “താനേ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും മയക്കം വരാതെ” കിടക്കുകയാണ് മാനത്ത്. ഉള്ളിലെ പ്രണയപാരവശ്യം മുഴുവനുണ്ട് ആലസ്യമാർന്ന ആ കിടപ്പിൽ.

ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട ചെമ്പകവെൺമലർ തൂവിരിപ്പിൽ ചുണ്ടിൽ പ്രേമ മകരന്ദമഞ്ജരിയുമായി ശയിക്കുന്ന ചന്ദ്രലേഖ — എന്തൊരു മനോഹരമായ വാങ്മയ ചിത്രം. കാമുകൻ വന്നണയുമ്പോൾ ആ കാഴ്ച്ച കാണാനാകാതെ നാണിച്ചു നാണിച്ചു വാതിലടച്ചുപോകുന്നു മാനത്തെ പൊൻമുകിൽ. ബാബുരാജ് ഹാർമോണിയം മീട്ടി ആ വരി പാടിക്കേൾക്കുമ്പോൾ അത്രയും നാണിച്ചു വാതിലിടച്ചിരിക്കില്ല ലോകത്തൊരു കാമുകിയും എന്ന് തോന്നും നമുക്ക്. ഭാസ്കരൻ — ബാബുരാജ് — ജാനകി കൂട്ടുകെട്ടിന്റെ ഇന്ദ്രജാലം.

പൗർണമികന്യക്ക് പതിനേഴോ പതിനെട്ടോ വയസ്സേ പ്രായമുള്ളൂ “മനസ്വിനി”യിലെ പാതിരാവായില്ല എന്ന പാട്ടിൽ. മൂവന്തിപ്പൊയ്കയിൽ മുങ്ങിക്കുളിച്ചു പാവാട മാറ്റി വരുകയാണവൾ. കണ്ണിൽ കവിതയുമായി തൂവാല തുന്നിയിരിക്കുന്ന വെണ്മുകിൽ കൂടി ചേരുമ്പോഴേ ആ ചിത്രം പൂർണ്ണമാകൂ.

അതേ തൂവാലയുടെ ഇളക്കമല്ലേ നമ്മൾ “ഭാർഗ്ഗവീനിലയ”ത്തിലെ ഗന്ധർവഗാനത്തിൽ കണ്ടതും? “താമസമെന്തേ വരുവാൻ” എന്ന ക്ലാസിക് ഗാനത്തിലെ പാതിരാക്കാറ്റിൽ നിന്റെ പട്ടുറുമാൽ ഇളകിയല്ലോ എന്ന അവസാനവരി യേശുദാസ് എത്ര പാടിക്കേട്ടാലും മതിവരില്ല എനിക്ക്. ബാബുരാജിന്റെ ഈണത്തിൽ, ഗാനഗന്ധർവന്റെ യൗവനദീപ്തമായ ശബ്ദത്തിൽ ആറു പതിറ്റാണ്ടിനിപ്പുറവും മോഹിപ്പിച്ചു കൊണ്ടേയിരിക്കുന്നു ആ പട്ടുറുമാൽ. “പരീക്ഷ”യിലെ പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ എന്ന പാട്ടിൽ ഇതേ കൂട്ടുകെട്ട് (ഭാസ്കരൻ — ബാബുരാജ് — യേശുദാസ്) പ്രണയിനിയെ ക്ഷണിക്കുന്നത് ചന്തമെഴും ചന്ദ്രിക തൻ ചന്ദനമണി മന്ദിരത്തിലേക്കാണ്; സുന്ദരവസന്തരാവിന്റെ ഇന്ദ്രനീലമണ്ഡപത്തിലേക്ക്. അവിടെയും ചന്ദ്രൻ തന്നെ താരം.

“നഗരമേ നന്ദി”യിൽ പി സുശീല പാടിയ “കന്നിരാവിൽ കളഭക്കിണ്ണം പൊന്നാനിപ്പുഴയിൽ വീണപ്പോൾ” എന്ന ഭാസ്കരഗീതം സ്വരപ്പെടുത്തിയത് രാഘവൻ മാസ്റ്റർ. കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കും മട്ടിലാണ് പാട്ടിന്റെ പ്രയാണം — “ഒന്നാം കുന്നിലെ ഒന്നാം പൈങ്കിളി മുങ്ങാംകുളിയിട്ടെടുക്കാൻ പോയ്, ഓളങ്ങൾ കിണ്ണമെടുത്തൊളിപ്പിച്ചൂ ഒന്നാം പൈങ്കിളിയെ കളിപ്പിച്ചു….” എന്നിങ്ങനെ. മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസചന്ദ്രിക വന്നിട്ടും കാമുകി വന്നണഞ്ഞില്ലല്ലോ എന്ന് പരിഭവിക്കുന്നു ഭാവഗായകന്റെ ശബ്ദത്തിൽ “കളിത്തോഴ”നിലെ കാമുകൻ. “പേയിങ് ഗസ്റ്റ്” എന്ന ചിത്രത്തിൽ ലതാ മങ്കേഷ്‌കർക്ക് പാടാൻ മജ്‌റൂഹ് സുൽത്താൻപുരി എഴുതിയ വിരഹാർദ്ര ഗാനത്തിന്റെ വരികളാണ് ദേവരാജൻ മാസ്റ്റർ ഈണമിട്ട ഈ പാട്ട് കേൾക്കുമ്പോൾ ഓർമ്മവരിക: “ചാന്ദ് ഫിർ നികലാ മഗർ തും ന ആയേ…”

നീലാംബരി രാഗത്തിന്റെ പ്രണയഭാവം മുഴുവൻ ചാലിച്ചുചേർത്ത് ദക്ഷിണാമൂർത്തി സൃഷ്ടിച്ച ഹർഷബാഷ്പം തൂകി (മുത്തശ്ശി) എന്ന ഗാനത്തിന്റെ ചരണത്തിലുള്ളതും പ്രതീക്ഷാനിർഭരമായ ആ കാത്തിരിപ്പ് തന്നെ: “ശ്രാവണനിശീഥിനി തൻ പൂവനം തളിർത്തു, പാതിരാവിൻ താഴ്വരയിലെ പവിഴമല്ലികൾ പൂത്തു, വിഫലമായ മധുവിധുവാൽ വിരഹശോക സ്മരണകളാൽ, അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു, സഖീ ഞാനിരിക്കുന്നു…” ജയചന്ദ്രന്റെ ഹൃദ്യമായ ആലാപനം അലൗകികമായ ഏതോ ഭാവ തലത്തിലേക്കുയർത്തുന്നു ആ ഗാനത്തെ.

തീർന്നില്ല: മേഘജാലം വകഞ്ഞുമാറ്റി ചന്ദ്രബിംബം മാനത്ത് തെളിയുന്ന ചിത്രം എത്ര സുന്ദരമായാണ് ഭാസ്കരൻ മാഷ് “ആഭിജാത്യ”ത്തിലെ “വൃശ്ചികരാത്രിതൻ അരമന മുറ്റത്തൊരു പിച്ചകപ്പൂപ്പന്തലൊരുക്കി” എന്ന പാട്ടിൽ വരച്ചു ചേർത്തിട്ടുള്ളതെന്നോർക്കുക. എ ടി ഉമ്മറിന്റെ ലാളിത്യമാർന്ന സംഗീതസ്പർശം കൊണ്ട് കൂടി അനശ്വരതയാർജ്ജിച്ച ഗാനം:

“നാലഞ്ചു താരകള്‍ യവനികയ്‌ക്കുള്ളില്‍ നിന്നും
നീലച്ച കണ്മുനകള്‍ എറിഞ്ഞപ്പോള്‍
കോമള വദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്തകൗമുദി ഇറങ്ങിവന്നു

ഈ മുഗ്ദ്ധ വധുവിന്റെ കാമുകനാരെന്ന്

ഭൂമിയും വാനവും നോക്കിനിന്നു

പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദു പവനന്‍ ചോദിക്കുന്നു..”

“മൂലധന”ത്തിലെ “സ്വർഗ്ഗഗായികേ” (സംഗീതം: ദേവരാജൻ) എന്ന പ്രശസ്തഗാനത്തിൽ ചന്ദ്രന്റെ രംഗപ്രവേശം ഇങ്ങനെ: “മൂടുപടം മാറ്റി മുഖം കുനിച്ചെത്തുന്ന നാടൻ നവവധുവെന്നതു പോലെ നവമീ ചന്ദ്രിക നിന്നുടെ മുന്നിൽ നവനീതദലം വാരിത്തൂകി.” കള്ളിച്ചെല്ലമ്മയിൽ രാഘവൻ മാഷിന്റെ ഈണത്തിലേറി ആകാശമണപ്പുറത്ത് വന്നടുത്ത ആ താമരക്കളിത്തോണി എങ്ങനെ മറക്കാൻ? (മാനത്തെ കായലിൽ).

“തങ്കം നിനക്കുള്ള പിച്ചകമാലയുമായ്
സംക്രമപ്പൂനിലാവിറങ്ങിവന്നൂ
നിന്‍കിളിവാതിലില്‍ പതുങ്ങിനിന്നൂ
മയക്കമെന്തേ മയക്കമെന്തേ
മെരുക്കിയാല്‍ മെരുങ്ങാത്ത മാൻകിടാവേ ?”

മേഘപാളികളിൽ ഒളിക്കുന്ന ചന്ദ്രനെ മനുഷ്യമനസ്സിന്റെ വിഷാദഭാവവുമായി ചേർത്തുവെക്കുന്ന പാട്ടുകളുമുണ്ട് പി ഭാസ്കരന്റെ വകയായി. ഏറ്റവും പ്രശസ്തം രാഘവൻ മാഷ് ചിട്ടപ്പെടുത്തി യേശുദാസ് ഹൃദയസ്പർശിയായി പാടിയ “തുറക്കാത്ത വാതിലി”ലെ പാട്ട് തന്നെ: “പാർവണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ, കരിമുകിൽ കണ്ണീരടക്കിയടക്കി ഒരു തിരി വീണ്ടും കൊളുത്തി…” ചരണത്തിലെ രണ്ടേ രണ്ടു വരികളിൽ കഥാസന്ദർഭത്തിന്റെ ഭാവതീവ്രത മുഴുവൻ ചിമിഴിലെന്നോണം ഒതുക്കിവെച്ചിരിക്കുന്നു ഭാസ്കരൻ മാഷ്: “അകലയെകലെയായ് സാഗരവീചികൾ അലമുറ വീണ്ടും തുടരുന്നു, കറുത്ത തുണിയാൽ മൂടിയ ദിക്കുകൾ സ്മരണാഞ്ജലികൾ നൽകുന്നു..”

ഭാസ്കര കവി പ്രണയമഷിയിൽ ചാലിച്ചെഴുതിയ നിലാഗീതങ്ങൾ ഇനിയുമെത്രയെത്ര: ചന്ദ്രന്റെ പ്രഭയിൽ ചന്ദനമഴയിൽ സുന്ദര രാവിൻ പുഞ്ചിരിയിൽ മറന്നു നമ്മൾ മറന്നു നമ്മൾ മണ്ണും വിണ്ണും പ്രാണസഖീ (സ്നേഹദീപം- എം ബി ശ്രീനിവാസൻ), പനിനീര് തൂവുന്ന പൂനിലാവേ പതിനേഴ് താണ്ടിയ പെൺകിടാവേ (മുതലാളി — പുകഴേന്തി), കുളികഴിഞ്ഞു കോടി മാറ്റിയ ശിശിരകാല ചന്ദ്രികേ (മുൾക്കിരീടം — പ്രതാപ്‌ സിംഗ്), നീ മധു പകരൂ മലർ ചൊരിയൂ അനുരാഗ പൗർണ്ണമിയേ (മൂടൽമഞ്ഞ് — ഉഷാഖന്ന), നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധം (ശ്രീകൃഷ്ണപ്പരുന്ത് — രാഘവൻ), മാനത്ത് വെണ്ണിലാവ് മയങ്ങിയല്ലോ (കളിത്തോഴൻ — ദേവരാജൻ),

മധുമാസചന്ദ്രലേഖയെ കുറിച്ചുള്ള ഭാസ്കരഗീതികളിൽ മറക്കാനാവാത്ത ഒരു ലളിതഗാനം കൂടിയുണ്ട്. എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അരുന്ധതി പാടിയ പാട്ട്:

“മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി

അപ്പോൾ മധുമാസചന്ദ്രൻ വന്നു മടങ്ങിപ്പോയി

പാദവിന്യാസമൊട്ടും കേൾപ്പിക്കാതെത്തിയ

പാതിരാപൂന്തെന്നലും മടങ്ങിപ്പോയി

കാലൊച്ച കേൾപ്പിക്കാതെൻ ജാലകോപാന്തത്തിങ്കൽ

കാമുകദേവൻ വന്നതറിഞ്ഞില്ല ഞാൻ

അറിഞ്ഞില്ല ഞാൻ തെല്ലുമറിഞ്ഞില്ല ഞാൻ

അങ്കണത്തൈമാവിന്മേൽ രാക്കിളിയിരുന്നൊരു

ശൃംഗാരപ്പാട്ടു പാടിയുണർത്തിയപ്പോൾ

മുല്ലപ്പൂ നിലാവില്ല വാതായനത്തിലെൻ

അല്ലിത്താർബാണനില്ല ആരുമില്ല

ആരുമില്ല അടുത്താരുമില്ല.”

മധുമാസ ചന്ദ്രനോട് കിന്നരിച്ചു മതിയാകാതെ ഭാസ്കരകവി ആകാശവീഥിയിൽ മറഞ്ഞിട്ട് വർഷം പതിനേഴ്. പക്ഷേ ഭാസ്കര ഗീതികളിലെ നിലാവിനെന്നും മധുരപ്പതിനേഴ് തന്നെ. ഇന്നും മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു അത് നമ്മെ.