ചരിത്രമുറങ്ങുന്ന വാങ്ക്ഡെയില്‍ മുംബൈ ഇന്ത്യന്‍സിനെ അനായാസം കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ആതിഥേയർ ഉയർത്തിയ 126 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റും 27 പന്തും ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. 54 റണ്‍സെടുത്ത റിയാന്‍ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. രാജസ്ഥാന്റെ തുടർച്ചയായ മൂന്നാം ജയമാണ്.
ദുർബലമായ വിജയലക്ഷ്യം മറികടക്കുന്നതില്‍ നിന്ന് രാജസ്ഥാനെ തടയാന്‍ ഒരു ഘട്ടത്തിലും മുംബൈക്കായില്ല. ഏഴ് ഓവറിനുള്ളില്‍ തന്നെ യശസ്വി ജയ്‌സ്വാള്‍ (10), ജോസ് ബട്ട്ലർ (13), സഞ്ജു സാംസണ്‍ (12) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്താനായി. എന്നാല്‍ പരാഗും അശ്വിനും ചേർന്ന് നാലാം വിക്കറ്റില്‍ 40 റണ്‍സ് ചേർത്ത് വിജയലക്ഷ്യത്തിലേക്ക് രാജസ്ഥാനെ അടുപ്പിച്ചു.
കൂട്ടുകെട്ട് പൊളിക്കാന്‍ ആകാശ് മധ്വാളിന് കഴിഞ്ഞെങ്കിലും രാജസ്ഥാന്റെ വിജയം തടയാന്‍ കഴിഞ്ഞില്ല. 38 പന്തിലായിരുന്നു തുടർച്ചയായ രണ്ടാം അർധ ശതകം പരാഗ് നേടിയത്. അഞ്ച് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെയാണ് പരാഗ് 54 റണ്‍സ് നേടി പുറത്താകാതെ നിന്നത്.
ന്യൂ ബോളില്‍ ട്രെന്റ് ബോള്‍ട്ട് ഒരിക്കല്‍ക്കൂടി കൊടുങ്കാറ്റായി, ഒപ്പം ചഹലും കൂടി. വാങ്ക്‌ഡേയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 125 റണ്‍സിലൊതുങ്ങി മുംബൈ ഇന്ത്യന്‍സ്. ഹാർദിക്ക് പാണ്ഡ്യ (34), തിലക് വർമ (32) എന്നിവരുടെ പ്രകടനമാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. രാജസ്ഥാനായി ബോള്‍ട്ടും ചഹലും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.
രോഹിത് ശർമ, നമന്‍ ധീർ, ഡേവാള്‍ഡ് ബ്രേവീസ് എന്നിവരെ ഗോള്‍ഡന്‍ ഡക്കാക്കിക്കൊണ്ടായിരുന്നു ബോള്‍ട്ട് രാജസ്ഥാന് സ്വപ്നതുല്യമായൊരു തുടക്കം വീണ്ടും സമ്മാനിച്ചത്. ആ തകർച്ചയില്‍ നിന്ന് കരകയറും മുന്‍പ് തന്നെ നന്ദ്രെ ബേർഗർ ഇഷാന്‍ കിഷനെയും (16) മടക്കി. പിന്നീട് തിലകും ഹാർദിക്കും ചേർന്ന് പ്രത്യാക്രമണങ്ങളിലൂടെ ആഘാതം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി.
അനായാസം ബൗണ്ടറികളുമായി ഹാർദിക്കും മികച്ച പിന്തുണയുമായി തിലകും മുന്നേറുന്നതിനിടെയാണ് അഞ്ചാം വിക്കറ്റ് മുംബൈക്ക് നഷ്ടമായത്. ഹാർദിക്കിനെ (34) പുറത്താക്കി ചഹലാണ് 56 റണ്‍സ് നീണ്ട കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ എത്തിയ പിയൂഷ് ചൗള (3) ആവേശ് ഖാനും കീഴടങ്ങി.
തിലകിന്റെ ചെറുത്തു നില്‍പ്പും അവസാനിപ്പിച്ചത് ചഹലായിരുന്നു. ജെറാള്‍ഡ് കോറ്റ്സിയെ പുറത്താക്കിയാണ് ചഹല്‍ മൂന്ന് വിക്കറ്റ് തികച്ചത്. നാല് ഓവറില്‍11 റണ്‍സ് മാത്രമായിരുന്നു ചഹല്‍ വഴങ്ങിയത്.
അവസാന ഓവറുകളില്‍ ആളിക്കത്താന്‍ കാത്തിരുന്ന ടിം ഡേവിഡും നിരാശപ്പെടുത്തി. 24 പന്തുകള്‍ നേരിട്ട താരം നേടിയത് 17 റണ്‍സ് മാത്രമായിരുന്നു. ബേർഗറിന്റെ പന്തില്‍ ബോള്‍ട്ടിന്റെ കൈകളിലായിരുന്നു ഡേവിഡിന്റെ ഇന്നിങ്സ് അവസാനിച്ചത്. ജസ്പ്രിത് ബുംറയുടെ (8) ചെറുത്തുനില്‍പ്പാണ് മുംബൈയുടെ സ്കോർ 120 കടത്തിയത്.