മോഹന്‍ലാല്‍-ശോഭന തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിന്റെ ‘L 360’

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിന്റെ ‘L 360’ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. സിനിമയുടെ ക്ലാപ്പ് ബോര്‍ഡിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഒരു റിയലിസ്റ്റിക് കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ‘l 360’.

മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോംബോയായ മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

മോഹന്‍ലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആര്‍ സുനിലും ചേര്‍ന്നാണ്. നിരവധി അന്താരാഷ്ട്ര ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആര്‍ട്ടിസ്റ്റായ കെ ആര്‍ സുനില്‍ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളും എഴുതാറുമുണ്ട്.