നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും

യമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ആദ്യപടിയായി യെമന്‍ ഗോത്രത്തലവന്മാരുമായി ചര്‍ച്ച നടക്കും. സേവ് നിമിഷ പ്രിയ ഫോറം അംഗങ്ങളുടെ അഭിമുഘ്യത്തിലാവും ചര്‍ച്ച. 12 വര്‍ഷങ്ങള്‍ക്ക് ശേഷം നിമിഷയെ മാതാവ് പ്രേമകുമാരി ഇന്നലെ ജയിലില്‍ എത്തിക്കണ്ടിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിലും പങ്കെടുത്തു. ഗോത്രത്തലവന്മാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

മമ്മീ.. മമ്മി കരയരുത് സന്തോഷമായിട്ടിരിക്കണം എന്നാണ് അവള്‍ എന്നോട് പറഞ്ഞത്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അവള്‍ എന്നെ കെട്ടിപ്പിടിച്ചുകരഞ്ഞു. ഞാനും കരഞ്ഞു. അവളെ കല്യാണം കഴിപ്പിച്ച് കൊടുത്തതിന് ശേഷം ഞാനിന്നാണ് ആദ്യമായി അവളെ കാണുന്നത്. ദൈവകൃപ കൊണ്ട് അവള്‍ നന്നായിട്ടിരിക്കുന്നു. നിയമപോരാട്ടത്തിനൊടുവില്‍ നേടിയെടുത്ത ഏറെ വൈകാരികമായ നിമിഷങ്ങളെക്കുറിച്ച് നിമിഷപ്രിയയുടെ അമ്മ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ജയിലില്‍ ഏറെ കാത്തിരിക്കേണ്ടി വന്നെന്നും ഭാഷ അറിയാത്തത് ഉള്‍പ്പെടെ വെല്ലുവിളിയായെന്നും പ്രേമകുമാരി ട്വന്റിഫോറിനോട് പറഞ്ഞു.2017ലാണ് നിമിഷപ്രിയ ജയിലിലാകുന്നത്. അതിനുശേഷം ഒരു പതിറ്റാണ്ടിലേറെ പ്രേമകുമാരി നടത്തിയ നിമയപോരാട്ടത്തിന് ഒടുവിലാണ് അവര്‍ക്ക് സ്വന്തം മകളെ കാണാന്‍ അവസരം ലഭിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് സനയിലെ ജയിലില്‍ വികാര നിര്‍ഭര കൂടിക്കാഴ്ച നടന്നത്. സേവ് നിമിഷപ്രിയ ഫോറത്തിലെ അംഗം സാമുവല്‍ ജെറോമും പ്രേമകുമാരിയ്‌ക്കൊപ്പമുണ്ടായിരുന്നു.

യെമനിലെത്തിയ മാതാവ് പ്രേമകുമാരി മകളെ നേരില്‍ കണ്ടിരുന്നു. 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവര്‍ നേരിട്ടുകണ്ടത്. ഏറെ നേരം കാത്തുനിന്ന ശേഷം മകളെ കണ്ട ആ നിമിഷത്തില്‍ മകള്‍ ഓടിയെത്തി തന്നെ കെട്ടിപ്പിടിച്ചെന്ന് തൊണ്ടയിടറിക്കൊണ്ട് പ്രേമകുമാരി പറഞ്ഞു. കുറേ നേരം മകള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാധിച്ചെന്നും പ്രേമകുമാരി കൂട്ടിച്ചേര്‍ത്തു.