ഡാ മോനെ, രംഗ ഹീറോയാടാ ഹീറോ (പവിത്ര ഉണ്ണി)

പവിത്ര ഉണ്ണി

അടി,ഇടി,വെട്ട്,കുത്ത്,രക്തം, തല വെട്ടിപ്പൊളിക്കൽ, കൈ പിടിച്ചു തിരിച്ചു ഒടിക്കൽ ഇത്യാദി ആഘോഷപരിപാടികളിൽ തരിമ്പും താല്പര്യം ഇല്ലാത്ത ഒരു സിനിമ പ്രേക്ഷകയാണ് ഞാൻ. ആ എന്നെ ഈ സിനിമയ്ക്ക് മുന്നിൽ പിടിച്ചിരുത്തിയത് ഒറ്റ വാചകമാണ്-Re Introducing FaFa. അതെന്ത് സംഭവം എന്നറിയാൻ തീയേറ്ററിലേക്ക് വച്ച് പിടിച്ചു. ആവേശം എനിക്കിഷ്ടപ്പെട്ടു.ഡയറക്ടർ ജിത്തു മാധവൻ ഏതോ ഇന്റർവ്യൂവിൽ പറഞ്ഞ പോലെ അഴിച്ചു വിട്ടിരിക്കുവാ ഫഹദിനെ. ഒരു ഗുണ്ട നേതാവിന് വേണ്ട ശരീരമോ ക്രൂരതയോ ഒന്നും നമ്മൾ മിസ് ചെയ്യില്ല. കാരണം ഇങ്ങേർ ഇങ്ങനെ സ്‌ക്രീനിൽ അഴിഞ്ഞാടുവല്ലേ?
വെള്ള ഷർട്ടും പാന്റും മാത്രം ഇടുന്ന, കിലോക്കണക്കിന് സ്വർണം കഴുത്തിലും കൈയിലും ഇട്ടോണ്ട് നടക്കുന്ന(ബപ്പി ലഹരിയെയാണ് ആദ്യം ഓർമ വന്നത്) കന്നഡയും മലയാളവും ഹിന്ദിയും മാറി മാറി ഉപയോഗിക്കുന്ന ഒരു ഗുണ്ടാ നേതാവായി ഫഹദ് പരകായപ്രവേശം നടത്തിയിട്ടുണ്ട്. ആക്ഷൻ പറഞ്ഞു കഴിയുമ്പോൾ ഒരു ട്രാൻസ് പൊസിഷനിലേക്ക് മാറുന്നുണ്ടോ ഈ നടൻ എന്ന് സംശയമുണ്ട്. അത്രയ്ക്ക് മാരകമായ ട്രാൻസ്ഫോർമേഷൻ. Dumb Comedy Action movie എന്ന ഗണത്തിൽപ്പെടുത്താവുന്ന ഒരു സ്വാഗ് പടം.
കഥ ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയാമ്പാടില്ല സാറെ. ഉണ്ടെങ്കിൽ തന്നെ പഴയത് തന്നെ. ബോളിവുഡിന് മുന്ന ഭായ്, കോളിവുഡിന് വസൂൽ രാജ, ദേ ഇപ്പോൾ മോളിവുഡിന് രംഗണ്ണൻ. സിനിമയിൽ നായിക ഇല്ല. രണ്ട് അമ്മമാരും 2 പെയ്ഡ് എസ്കോർട്സും ഒരു റിസെപ്ഷനിസ്റ്റും അല്ലാതെ മര്യാദയ്ക്ക് ഒരു സ്ത്രീ കഥാപാത്രത്തെ പോലും എഴുതാൻ മെനക്കെടാത്ത ഒരു സ്ക്രിപ്റ്റ് ആണെന്ന പരാതി മറച്ചു വയ്ക്കുന്നില്ല. എത്ര കാലം ഞങ്ങൾ പെണ്ണുങ്ങൾ ഈ ആൺ കഥകൾ തന്നെ കാണും മല്ലയ്യ? അതെന്താ അടിപ്പടത്തിൽ പെണ്ണുങ്ങൾക്ക് കഥയില്ലേ?
മദ്യവും സിഗരറ്റും പച്ചവെള്ളം പോലെ സേവിക്കുന്ന ഒരു കൂട്ടം അലമ്പന്മാരുടെ സംസ്ഥാന സമ്മേളനത്തിന് ചെന്നെത്തിയ പോലെയാണ് ആദ്യ ഭാഗം. ഈ സിനിമ കാണുന്ന, വിജയിപ്പിക്കുന്ന ആണുങ്ങളുടെ അഡ്രെനലിൻ റഷ് എനിക്ക് സങ്കൽപ്പിക്കാം-ഡ്രീം ലൈഫ് സെറ്റപ്പ് അല്ലയോ?
ഈ മാനറിസം എവിടെയോ കണ്ടിട്ടുണ്ടല്ലോ രംഗണ്ണാ എന്നാലോചിച്ചിരുന്നപ്പോഴാണ് ഭരദ്വാജ് രംഗന്റെ റിവ്യൂ കണ്ടത്. കിട്ടിപ്പോയി! നമ്മുടെ ജിം കാരിയുടെ ചില ചേഷ്ടകൾ ഓർമിപ്പിക്കുന്നുണ്ട് രംഗണ്ണന്റെ കഥാപാത്രസൃഷ്ടി.
എന്തായാലും തല്ലാൻ വേണ്ടി മാത്രം തല്ലുണ്ടാക്കി രസിക്കുന്ന തല്ലുമാലയെക്കാൾ എനിക്ക് രസിച്ചു ആവേശം. ഏത് ഗുണ്ടയ്ക്കും ഒടുവിൽ വേണ്ടത് സ്നേഹമാണെന്ന് പറഞ്ഞു വച്ചതും കൊള്ളാം. ഇൻസ്റ്റാഗ്രാമിൽ പോലും ലൈക്ക് കിട്ടാത്ത രംഗയെ ആർക്കും ഒന്നിഷ്ടമാകും. ടാലെന്റ് ടീസറിൽ പറയും പോലെ ഗുണ്ട ആയില്ലായിരുന്നെങ്കിൽ എവിടെ എത്തേണ്ട ആളാണെന്ന് നമ്മളും പറയും. പക്ഷെ ഒരു കുഴപ്പമുണ്ട് വർമ സാറെ, അല്ല ജിത്തു സാറെ, സിനിമ ഒരു അധോലോക സറ്റയർ ആണെന്ന് പ്രേക്ഷകർക്ക് എല്ലാവർക്കും തിരിയണം എന്നില്ല. ഇതൊരു കോമഡി മൂവി ആയി ലോജിക് ഒക്കെ വീട്ടിൽ വച്ചിട്ട് വന്നു കാണാൻ കഴിഞ്ഞാൽ ഓക്കേ. സിനിമ സമൂഹത്തെയാണോ സ്വാധീനിക്കുന്നത് സമൂഹം സിനിമയെ ആണോ സ്വാധീനിക്കുന്നത് എന്ന് ഉറപ്പിച്ച് പറയാൻ പറ്റില്ലെങ്കിലും ഈ വയലൻസ് ഒക്കെ എന്ന് മുതലാണ് എന്റർടൈൻമെന്റ് ആയത് എന്നാലോചിക്കുന്ന ഒരു തള്ള വൈബ് തികട്ടി വരുന്നുണ്ട്. ഇതേ template ലേക്കാണ് മലയാള സിനിമയുടെ പോക്കെങ്കിൽ ഒന്നും പറയാനില്ല.
സൈക്കോ കഥാപാത്രങ്ങൾ ഫഹദിന്റെ കയ്യിൽ ഭദ്രമെന്ന് ആവേശം തെളിയിക്കുന്നുണ്ട്. ഷമ്മി വയലന്റ് ആകും മുൻപേ മൂലയ്ക്ക് പോയി നിന്നു കരയുമെങ്കിൽ, രംഗ ചുമരിലേക്ക് നോക്കി പിന്നിൽ കൈ കെട്ടി നിൽക്കുന്നു എന്ന വ്യത്യാസമുണ്ട്. ഹോംസ്റ്റേയിലേക്ക് ഒളിഞ്ഞു നോക്കുന്ന അൽപനാണ് ഷമ്മിയെങ്കിൽ, അടി choreography ചെയ്തു കണ്ടു രസിക്കുന്ന സൈക്കോയാണ് രംഗ. സർവഗുണ സമ്പന്നന്മാരായ നായകരിൽ നിന്നൊക്കെ നമ്മൾ മുന്നോട്ട് വരുന്നത് നല്ലത് തന്നെ. ആളുകൾ ഗ്രേ ആണെന്നാണല്ലോ പുതുയുഗ സൈക്കോളജി. എങ്കിലും മിണ്ടിയാൽ തല്ലുന്ന, കൊല്ലുന്ന അതികായന്മാരെ കണ്ട് ആർപ്പുവിളിക്കുന്ന, പൈസയും കൊടുത്ത്‍ പഠിക്കാൻ വന്നാലും പരീക്ഷയും പാസാകലും മാറ്റിവച്ച് കുടിക്കാനും മദിക്കാനും പോകാനാണ് താല്പര്യം എന്ന് വിളിച്ചു പറയുന്ന,ഈ ന്യൂ ജനറേഷൻ വൈബ് മാത്രം എനിക്ക് പിടികിട്ടുന്നില്ല. ഞങ്ങൾ വസന്തങ്ങൾ പറയുന്നത് നിങ്ങൾ കേൾക്കേണ്ട. നിങ്ങൾ എന്തെങ്കിലും കാണിക്ക്! എല്ലാരും ഹാപ്പി അല്ലെ?
അയ്യോ! പറയാൻ മറന്നു. മായാവിയിലെ വിക്രമനെ ഓർമിപ്പിക്കുന്ന വരയൻ ബനിയനുമിട്ട്, കട്ടി മീശയും കുട്ടികളുടെ മനസുമായി, രംഗണ്ണനെ ഇങ്ങനെ തള്ളി തള്ളി മറിക്കുന്ന അമ്പാൻ കിടിലൻ ആയിട്ടുണ്ട്. അജു-ബിബി-ശാന്തൻ, മൂവരും നന്നായി ചെയ്തിട്ടുണ്ട്. നഞ്ചപ്പയും ബിബിയുടെ അമ്മയും രസിപ്പിച്ചു.
ആനി സ്വന്തം കുഞ്ഞിനെ സ്നേഹിക്കുന്ന പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ എന്ന് അന്ന് രാജീവ് മേനോൻ ചോദിച്ച പോലെ…അമ്പാൻ രംഗണ്ണനെ സ്നേഹിക്കുന്നത് പോലെ നിങ്ങൾക്ക് ഈ പോസ്റ്റിനെ സ്നേഹിക്കാൻ പറ്റുമോ? ഇല്ലെങ്കിൽ വേണ്ട ആവേശക്കാർ 100 കോടി ഉണ്ടാക്കി വീട്ടിൽ പോയി. ഇത് കണ്ട് ആവേശം കയറി ഓരോന്ന് ചെയ്യാൻ പോയാൽ ആശുപത്രിയിൽ പോയി കിടക്കാം, ചിലപ്പോൾ മോർച്ചറിയിലും. തള്ള അല്ല ഛെ ഞാൻ പോണേണ്.
ആത്മഗതം: ഇവന്മാർക്ക് ഇത്ര നല്ല വൈബ് ഉള്ള ‘ഇല്ലുമിനാട്ടി’ പാട്ട് ടെയിൽ എൻഡിൽ മാത്രം ഇടാതെ ഇടയ്ക്ക് കൂടി ഇടാമായിരുന്നു. ശ്രദ്ധിക്ക് ജിത്തു ശ്രദ്ധിക്ക്!