മരണപ്പെട്ടവളുടെ പരിഭവം (കവിത-ഉമ പട്ടേരി )

ഉമ പട്ടേരി

ഞാൻ മരിച്ചത് നീയറിഞ്ഞില്ലേ…
നിന്നോട് ഞാൻ പറഞ്ഞിരുന്നു …
ഞാൻ മരിക്കുമ്പോൾ
നിന്നെയറിയിക്കില്ലെന്ന്…
പലരിൽ നിന്നു നീയറിഞ്ഞു വരണമെന്ന്…
എനിക്ക് വേണ്ടി നീയൊരു
ആദരാഞ്ജലി കുറിപ്പെങ്കിലും
എഴുതുമെന്നു ഞാൻ കരുതി…
നീ വല്ല്യ എഴുത്തുകാരനല്ലേ…
എന്നിട്ടും എനിക്ക് വേണ്ടി
രണ്ടു വരി എഴുതാൻ നിനക്കായില്ലല്ലോ….
അയ്യേ…. കരയുവാണോ നീ…
നിനക്കെന്നെ വേണ്ടാതായെന്നു
തോന്നിയപ്പോൾ
ഞാൻ പോയതല്ലേ…
ഞാൻ വരും….
പറഞ്ഞുറപ്പിച്ച ജന്മങ്ങൾ
നമുക്കായിനിയും ബാക്കിയില്ലേ….
നമുക്കായ് മാത്രമായുള്ള പുനർജന്മം…
ആർക്കും വിട്ടു കൊടുക്കാതെ…
ആരും തട്ടിയെടുക്കാതെ …
നീ നോക്കിക്കോളണം ഇനി…
സമയം വൈകുന്നു…
ഞാനിനി പോട്ടെ…
കാത്തിരിക്കുന്നവളെ നീ മറക്കരുത്…
നിനക്ക് മതിയാവുന്നിടത്തോളം ജീവിച്ച്…
പിന്നെ നീയെനിക്കരികിലേക്ക് വരിക….
ഞാനവിടുണ്ടാവും….
കുഞ്ഞു താരകങ്ങളന്തിയുറങ്ങുന്ന
നീലാകാശ ചെരുവിൽ…