തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ആംഡ് പൊലീസ് ഇന്‍സ്പക്ടര്‍ മോശമായി പെരുമാറിയതായി പരാതി

തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതായി പരാതി. ആംഡ് പൊലീസ് ഇന്‍സ്പക്ടര്‍ക്കെതിരെയാണ് പരാതി. ആഭ്യന്തര അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായാണ് സൂചന.

രാമവര്‍മ്മപുരത്തെ പൊലീസ് അക്കാദമിയില്‍ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ക്കുനേരെ ലൈംഗിക അതിക്രമ ശ്രമമുണ്ടായെന്നാണ് പരാതി. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവങ്ങള്‍ ഉണ്ടായത്. ആംഡ് പൊലീസ് ഇന്‍സ്പക്ടര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പതിനേഴിന് ഓഫീസിലേക്ക് വിളിച്ച് വരുത്തിയശേഷം ലൈംഗിക താത്പര്യത്തോടെ സംസാരിച്ചു. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. താത്പര്യമില്ലെന്ന് അറിയിച്ചിട്ടും മോശമായി പെരുമാറിയെന്നാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി.

വീട്ടിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥ ബന്ധുക്കളോടും സുഹൃത്തുക്കളോടും ആലോചിച്ച ശേഷമാണ് അക്കാദമി ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. പിന്നാലെയാണ് ഡയറക്ടര്‍ ആഭ്യന്തര സമിതിക്ക് അന്വേഷണം കൈമാറിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് സമിതി കണ്ടെത്തിയെന്നാണ് സൂചന. സമിതി റിപ്പോര്‍ട്ട് ഡയറക്ടര്‍ പരിശോധിച്ച ശേഷം കേസ് വിയ്യൂര്‍ പൊലീസിന് കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കും