കരുത്താർജിക്കുന്ന ജനാധിപത്യവും മൂന്നാമൂഴം ഉറപ്പിക്കുന്ന നരേന്ദ്ര മോദിയും

സുരേന്ദ്രൻ നായർ
പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വിധി പുറത്തുവരുമ്പോൾ ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ. സഖ്യം 292 സീറ്റുകളിലും കോൺഗ്രസ് നയിക്കുന്ന ഇൻഡി മുന്നണി 233 സീറ്റുകളും മറ്റു കക്ഷികൾ 18 സീറ്റുകളിലുമായി വിജയം ഉറപ്പിച്ചിരിക്കുന്നു.
ഫലപ്രഖ്യാപനത്തിനു തൊട്ടു മുൻപ് പുറത്തുവന്ന ബിജെപി അനുകൂല അതിമോഹ ഹൈപ്പുകളും പ്രചാരണ രംഗത്ത് മോദി ഉയർത്തിയ
400 സീറ്റുകളുടെ വിജയ പ്രതീക്ഷയും പൂവണിഞ്ഞില്ല എന്ന സത്യത്തെ ഇൻഡി മുന്നണിയുടെ ഭരണസാധ്യതയാക്കി കോൺഗ്രസ്സും ചില മാധ്യമങ്ങളും അർമ്മാദിക്കുന്നതു കാണുമ്പോൾ നാളെ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുകയാണെന്ന പ്രതീതിയാണ് അവർ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സമ്മതിദായകർ പങ്കാളികളായ ഈ തിരെഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മികച്ച വിജയവും വോട്ടർമാരുടെ മുന്തിയ രാഷ്ട്രീയ ബോധത്തിന്റെ പ്രതിഭലനവുമായിരുന്നു.
പത്തുവർഷത്തെ ഭരണം പൂർത്തിയാക്കിയ ഒരു
സർക്കാരിന് സ്വാഭാവികമായി ഉണ്ടാകാവുന്ന
ഭരണവിരുദ്ധ വികാരത്തിന്റെ വലിയ ആഘാതങ്ങൾ ഉണ്ടായില്ല എന്ന് മാത്രമല്ല തുടർ ഭരണത്തിന് ആവശ്യമായ വ്യക്തമായ ഭൂരിപക്ഷം നേടാനുമായിട്ടുണ്ട്.
എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം 2004 ൽ യൂ.പി.എ. മുന്നണിയുണ്ടാക്കി അധികാരം പിടിക്കുകയും തുടർച്ചയായി പത്തു വർഷം ഭരിച്ചു 2014 ൽ പടിയിറങ്ങുമ്പോൾ കോൺഗ്രസിന് ഒരു പ്രതിപക്ഷ നേതാവിനെപ്പോലും നേടാനുള്ള അംഗബലം തികയ്ക്കാൻ കഴിയാത്ത ദുര്യോഗമാണുണ്ടായത്. വെറും 44 സീറ്റുമായി പരാജയത്തിന്റെ പടുകുഴിയിലായ കോൺഗ്രെസ്സാണ് പത്തുവർഷത്തെ സംഭവ ബഹുലമായ ഭരണം പൂർത്തിയാക്കി സ്വന്തമായി
240 സീറ്റുകളും മുന്നണിക്കാകെ 292 സീറ്റുകളുമായി തുടർഭരണം ഉറപ്പിച്ച മോദിയെ വിമർശിച്ചു പരിഹാസ്യരാകുന്നത്. പാർട്ടിയെയാകെ കൈപ്പിടിയിലാക്കി അധികാരം കൈയ്യാളിയ ഇന്ദിരക്കുപോലും കഴിയാതിരുന്ന മൂന്നാമൂഴമാണ്‌ മോഡിയിവിടെ സാധിച്ചിരിക്കുന്നത്.
പാർലമെന്റിൽ വെറും രണ്ടു സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി 2004 ൽ 138, 2009 ൽ 116, 2014 ൽ എത്തിയപ്പോൾ 282 എന്ന കുതിപ്പിലേക്കും തുടർന്ന് 303 ലേക്കും ഇപ്പോൾ 240 ലേക്കും അംഗസംഖ്യ നിലനിർത്തുന്ന ജനവിധി അവരുടെ ക്രമാനുക്രമമായ വളർച്ചയുടെയും അചഞ്ചലമായ ജനപ്രീതിയുടെയും ലക്ഷണങ്ങൾ തന്നെയാണ്. നിലവിൽ ഇന്ത്യയിൽ
21 സംസ്ഥാനങ്ങളിൽ ഭരണ പങ്കാളിത്വമുള്ള പാർട്ടി പാർലമെന്റ് തിരഞ്ഞെടുപ്പിനോടൊപ്പം നടന്ന ഒഡിഷ സംസ്ഥാനത്തു ആദ്യമായി ഒറ്റയ്ക്ക് ഭരണം നേടുകയും ആന്ധ്രാ പ്രദേശിൽ എൻഡിഎ ആയി അധികാരത്തിൽ എത്തുകയും ചെയ്തിരിക്കുന്നു. ഇന്ത്യൻ ഇന്ന് വളരുന്ന ഏക രാഷ്ട്രീയ പാർട്ടി ബിജെപി തന്നെയാണ്.
ബിജെപി അംഗസംഖ്യയിൽ കുറവുണ്ടായ ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി അവിടങ്ങളിൽ ഉണ്ടായിരുന്ന ജാതി രാഷ്ട്രീയത്തെ ദേശീയതകൊണ്ട് പ്രതിരോധിച്ചു ആധിപത്യം ഉറപ്പിച്ചിരുന്ന ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നിലവിലുള്ള ജാതി സംവരണം അവസാനിപ്പിക്കുമെന്നും തങ്ങൾ വിജയിച്ചാൽ ജാതിയും ഉപജാതികളും സെൻസസ് നടത്തി വ്യാപിപ്പിക്കുമെന്നും ഇൻഡി മുന്നണിയും അഖിലേഷ് യാദവും നടത്തിയ പ്രചാരണം കുറെയൊക്കെ ഫലം കാണുകയും ബിജെപിയുടെ അംഗബലം കുറയ്ക്കുകയും ചെയ്തു. ഹിന്ദു ജനതയെ വിഭജിക്കാനുള്ള ജാതിക്കാർഡ് ചിലയിടങ്ങളിൽ ഇൻഡി മുന്നണിക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. പൗരത്വമുള്ള ഒരു മുസൽമാനും ബാധിക്കാത്ത പൗരത്വ ബില്ലിനെ കുറിച്ച് പ്രതിപക്ഷം നടത്തിയ വ്യാജ പ്രചാരണം സാധാരണ മുസ്ലിങ്ങളിൽ ഭീതി ജനിപ്പിക്കാനും അവരുടെ പിന്തുണ നേടാനും യൂപിയിൽ സാധിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലെ സ്ഥിതി നോക്കിയാൽ ദ്രാവിഡ സ്വത്വം ഉറപ്പിച്ചു സ്വാതന്ത്ര്യാനന്തര കാലം മുതൽ അവിടെ തുടരുന്ന അഴിമതിയുടെയും കുടുംബ വാഴ്ചയുടെയും അവസാനം ലക്ഷ്യമിട്ട ഒരു പരീക്ഷണ ദേശിയ മുന്നേറ്റമാണ് അണ്ണാമലയുടെ നേതൃത്വത്തിൽ ബിജെപി പരീക്ഷിച്ചത്. അധികാരമായിരുന്നു ലക്ഷ്യമെങ്കിൽ എ.ഐ.എ.ഡി.എം.കെ. സഖ്യം ഉപേക്ഷിക്കാതെ ബിജെപി ക്ക് മത്സരിക്കാമായിരുന്നു.
കേരളത്തിൽ അവശേഷിച്ചിരുന്ന ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് കനൽ ആലത്തൂരിലേക്കു മാറിയതൊഴിച്ചാൽ ഇൻഡിയിലെ സിപിഎം നു കാര്യമായ ഒരു നേട്ടവും ഉണ്ടായിട്ടില്ല.
ഡിഎംകെ യുടെ ഔദാര്യത്തിൽ ലഭിച്ച രണ്ടു സീറ്റുകളും രാജസ്ഥാനിലെ ഒന്നും ചേർത്ത് നാലു സീറ്റുകളുമായി ആ പാർട്ടിയും മോദിക്ക് പകരക്കാരനാകാൻ ശ്രമിക്കുന്നു. എന്നാൽ മോദിയുടെ കേരള ദൗത്യത്തെ പൂവണിയിച്ച രീതിയിൽ മുൻ പിസിസി പ്രസിഡന്റിനെ മൂന്നാം സ്ഥാനത്താക്കി തൃശ്ശൂരിൽ സുരേഷ് ഗോപി
75000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി
അക്കൗണ്ട് തുറക്കുകയും തിരുവനന്തപുരത്തു
രണ്ടാം സ്ഥാനത്തെത്തുകയും മിയ്ക്കയിടത്തും ഒരു ലക്ഷത്തിലേറെ വോട്ടുകൾ നേടുകയും ചെയ്തിരിക്കുന്നു.
ഊതിവീർപ്പിച്ച ആവേശം മാറ്റി അവധാനതയോടെ ചിന്തിച്ചാൽ മോദിയുടെ തുടർഭരണവും ക്രിയാത്മകമാകേണ്ട ഒരു പ്രതിപക്ഷ നിരയെയും സമ്മാനിച്ച വോട്ടർമാർ പ്രബുദ്ധതയുള്ളവർ തന്നെയാണ്.