സതീശന്‍ നായര്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രസിഡണ്ട്

ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ കേരള ഘടകം പ്രസിഡണ്ടായി സതീശന്‍ നായരെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷക്കാലമായി ഐഒസിയില്‍ സജീവ സാന്നിദ്ധ്യമാണ് സതീശന്‍ നായര്‍.
ഐഒസിയുടെ ചിക്കാഗോ ചാപ്റ്ററിന്‍റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായും പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. ഐഒസിയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ ഏകോപിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു. സ്കൂള്‍, കോളജ് കാലഘട്ടങ്ങളില്‍ കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും സജീവ സാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിന്‍റെ എല്ലാ പ്രവര്‍ത്തനമണ്ഡലങ്ങളിലും ആത്മാര്‍ത്ഥതയോടെ തനതായ ശൈലിയില്‍ എല്ലായ്പ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
എന്‍.എഫ്.ഐ.എ, കെ.എച്ച്.എന്‍.എ, ഫൊക്കാന തുടങ്ങിയ ദേശീയ സംഘടനകളിലും എഫ്.ഐ.എ, മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്‍, നായര്‍ അസോസിയേഷന്‍, ഓംകാരം, കരുണ ഫൗണ്ടേഷന്‍ തുടങ്ങിയ പ്രാദേശിക സംഘടനകളിലും പ്രവര്‍ത്തിച്ചുവരുന്നു.
ഐഒസി കേരളാ ഘടകത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും കൂടാതെ ഇപ്പോഴുള്ള പന്ത്രണ്ട് ചാപ്റ്ററുകളിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്നും കൂടുതല്‍ ചാപ്റ്ററുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സതീശന്‍ നായരുടെ പ്രവര്‍ത്തനങ്ങള്‍ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തട്ടെയെന്നും കൂടാതെ അദ്ദേഹത്തിന്‍റെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സാം പിട്രോഡ, എ.കെ. ആന്‍റണി, രമേശ് ചെന്നിത്തല, ജോര്‍ജ് ഏബ്രഹാം, മോഹിന്ദര്‍ സിംഗ്, ഹര്‍ബജന്‍ സിംഗ്, തോമസ് മാത്യു, ലീലാ മാരേട്ട്, സന്തോഷ് നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ നല്കി. സജി കരിമ്പന്നൂര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.