ആര്‍.സി.സിയുടെ കാന്‍സറായി ഫിനാന്‍സ് കണ്‍ട്രോളര്‍

ഡയറക്ടര്‍ക്കും ഫിനാന്‍സ് കണ്‍ട്രോളര്‍ക്കുമെതിരെ ഗുരുതര ആരോപണം

ആര്‍.സി.സി.സിയുടെ പേരില്‍ കണ്‍ട്രോളര്‍ 50 ലക്ഷം വായ്പയെടുത്തു

തിരുവനന്തപുരം: ഇന്ന് ലോക കാന്‍സര്‍ ദിനം. രോഗികള്‍ക്ക് ആശ്രയമാകേണ്ട റീജിയണല്‍ കാന്‍സര്‍ സെന്ററില്‍നിന്ന് ഉയരുന്നത് തട്ടിപ്പിന്റെ കഥകള്‍. ആര്‍.സി.സിയിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പതിനായിരക്കണക്കിന് രോഗികളുടെ ആശ്രയകേന്ദ്രമായ ആര്‍.സി.സിയെ ഉന്നത ഉദ്യാഗസ്ഥന്‍ കൊള്ളയടിക്കുകയും തട്ടിപ്പ്‌കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നെന്ന ഗുരുതര പരാതി ആരോഗ്യ വകുപ്പിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ആര്‍.സി.സി ഡയറക്ടര്‍ക്കും ഫിനാന്‍സ് കണ്‍ട്രോളര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ധനകാര്യവകുപ്പിലെ ജീവനക്കാരനായ സഞ്ജീവിനുമെതിരെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി. രവി ആണ് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതിനല്‍കിയിരിക്കുന്നത്.

സഞ്ജീവ് ഫിനാന്‍സ് കണ്‍ട്രോളറായി ചുമതലയേറ്റതോടെയാണ് ആര്‍.സി.സിയില്‍ താളപ്പിഴകള്‍ ആരംഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. ജീവനക്കാരെ അനാവശ്യമായി ഭീഷണിപ്പെടുത്തുക,ജോലിയില്‍നിന്ന് പുറത്താക്കുക, ആനാവശ്യമായി മരുന്ന് ക്ഷാമമുണ്ടാക്കുക, സാമ്പത്തിക തിരിമറി, ആര്‍.സി.സിയുടെ പേരില്‍ സ്വകാര്യ വായ്പ തുടങ്ങി നിരവധി ആരോപണങ്ങളാണ് സഞ്ജീവിനെതിരെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

പണം നല്‍കാത്തതിനെ തുടര്‍ന്ന് കമ്പനികള്‍ മരുന്ന് വിതരണം നിര്‍ത്തിയിരുന്നു. ഇതിനെക്കുറിച്ച് പരാതിപ്പെട്ട ദിനേശന്‍ എന്ന ഫാര്‍മസിസ്റ്റിനെ ലൈഗിക പീഡനം ചുമത്തി സഞ്ജീവ് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമെന്ന് കണ്ടെത്തി. ഇതിനിടെ ഹൈക്കോടതിയെ സമീപിച്ച് ദിനേശന്‍ സര്‍വീസില്‍ മടങ്ങിയെത്തുകയുംചെയ്തു.

ഫിനാന്‍സിലാണ് ജോലിയെങ്കിലും സഞ്ജീവന്റെ കണ്ണ് പര്‍ച്ചേസ് വിഭാഗത്തിലായതിനാല്‍ ആര്‍.സി.സിയുടെ ചരിത്ത്രിലാദ്യമായി 2015-16 കാലഘട്ടത്തില്‍ പദ്ധതി വിഹിതം ചെലവഴിക്കാനാകാതെ തിരിച്ചടയ്‌ക്കേണ്ടി വന്നു. പര്‍ച്ചേസ് വിഭാഗത്തില്‍ തട്ടിപ്പ് നടത്തുന്നതിന്റെ ഭാഗമായി പര്‍ച്ചേസ് ഓഫീസറെ അകാരണമായി മാറ്റി സഞ്ജീവ് ആ വിഭാഗത്തിന്റെ ചുമതലകൂടി ഏറ്റെടുക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഇയാള്‍ ചുമതലയേറ്റശേഷം നടത്തിയഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. അവശ്യ മരുന്നുകള്‍ പോലും ലഭ്യമല്ലാത്തപ്പോള്‍ ഏറെ തിരക്കിട്ട് ഇ- ഓഫീസ് സംവിധാനം നടപ്പാക്കിയതും സംശയകരമാണ്. ഇതിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ വാങ്ങേണ്ടിവരുമെന്നതിനാല്‍ ഐ.ടി ഡിവിഷന്‍ മേധാവിയെ നീലിമയെ നിസാരകുറ്റം ചുമത്തി പുറത്താക്കി. കാഷ്യറായിരുന്ന ജോണ്‍സനെയും പണാപഹരണം ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തു. പകരം തന്റെ നാട്ടുകാരനായ ഒരാളെ സഞ്ജീവ് കാഷ്യര്‍ തസ്തികയില്‍ നിയമിക്കുകയായിരുന്നു. സെന്ററിലെ ഏതെങ്കിലും വകുപ്പില്‍ ഫിനാന്‍സ് കണ്‍ട്രോളര്‍ക്ക് താല്‍പര്യം തോന്നിയാല്‍ ആ വകുപ്പിന്റെ തലപ്പത്തുള്ളയാളെ പുറത്താക്കി അവിടെആധിപത്യം സ്ഥാപിക്കുകയാണ് പതിവെന്നും ആരോപണമുണ്ട്.

ഇ- ഓഫീസ് നടപ്പാക്കിയതിന്റെ മറവില്‍ 123 കമ്പ്യൂട്ടറുകളാണ് വാങ്ങിയതെന്നും ഇതില്‍നിന്ന് വന്‍തുക കമ്മീഷനായി ലഭിച്ചെന്നും പരാതിയിലുണ്ട്. നേരത്തെ ആര്‍.സി.സിയില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് നോട്ടീസിറങ്ങിയതിനാല്‍ ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കേസില്‍ അന്വേഷണ കമ്മീഷനായി ഇയാളുടെ സുഹൃത്തായ  ജേജു ബാബുവിന്റെ ജൂനിയറായ അഭിഭാഷകനെ നിയമിക്കുകയായിരുന്നു. ഇയാള്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അറിയാതെ പ്രതിഫലം നല്‍കുകയും ചെയ്തു. കൂടാതെ ജേജു ബാബുവിനെ ആര്‍.സി.സിയുടെ സ്റ്റാന്‍ഡിംഗ് കോണ്‍സുലായി നിയമിക്കുകയും ചെയ്ത് കമ്മീഷന്‍ പറ്റുന്നതായും ആരോപണമുണ്ട്. ഇതിനിടെ കണ്‍ട്രോളറുടെ തട്ടിപ്പുകള്‍മനസിലാക്കിയ ഓഡിറ്റര്‍ പ്രസാദിനെയും പുറത്താക്കി.

നവീകരണ കരാര്‍ നല്‍കാത്തതിനാല്‍ ലക്ഷങ്ങള്‍ വിലയുള്ള പല ഉപകരണങ്ങളും പ്രവര്‍ത്തനക്ഷമല്ലാത്ത അവസ്ഥയിലാണ്. നന്നാക്കുന്നതിന് പകരം ഗുണനിലവാരം കുറഞ്ഞ ഉപകരങ്ങള്‍ പുതുതായി വാങ്ങി കമ്മീഷന്‍ തട്ടിയെടുക്കുകയാണെന്നും ആരോപണമുണ്ട്. ഒരു കോടി ചെലവഴിച്ച് കാമറ വാങ്ങിയതിലും അഴിമതിയുണ്ടെന്നാണ് ആരോപണം. നോട്ട് നിരോധനം മറയാക്കി എ.സ്.ബി.ടിയില്‍ അക്കൗണ്ടുള്ള ആര്‍.സി.സിയില്‍ ഐ.സി.ഐ.സി ബാങ്കിന്റെ സ്വയിപ്പിംഗ് മെഷീന്‍ സ്ഥാപിച്ചതും ദുരൂഹമാണ്. ഇതിന് പ്രത്യുപകാരമായി സഞ്ജീവിന് എം.ജി റോഡിലുള്ള ഐ.സി.ഐ.സി ബാങ്കില്‍നിന്ന് 50 ലക്ഷം രൂപ വായ്പ അനുവദിച്ചു. ഇതിനുള്ള രേഖകളും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

ഇയാളുടെ തട്ടിപ്പുകള്‍ക്കെല്ലാം ഡയറക്ടര്‍ കൂട്ടുനില്‍ക്കുകയാണ്. ഡയറക്ടറുടെ സെക്രട്ടറിയായി ദീപയെ നിയമിച്ചത് വ്യാജരേഖയുണ്ടാക്കിയാണ്. കണ്‍ട്രോളര്‍ക്ക് ഇക്കാര്യം അറിയാമെന്നതിനാലാണ് ഡയറക്ടര്‍ ഇയാളുടെ തട്ടിപ്പിന് കൂട്ട്‌നില്‍ക്കുന്നത്. സെക്രട്ടറിയുടെനിയമനം നടത്താന്‍ വ്യാജമായിസൃഷ്ടിച്ച ജി.ഒയുടെ പകര്‍പ്പും പരാതിക്കാരന്‍ ഹാജരാക്കിയിട്ടുണ്ട്.  പരാതി ഏറെ ഗൗരവമുള്ളതാണെന്നും തുടര്‍ നടപടി ഉടന്‍ ഉണ്ടാകുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.