ആനകളുടെ ആള്‍ അരങ്ങൊഴിഞ്ഞു

ആനക്കാര്യത്തില്‍ ആനത്തലയോളം കാര്യങ്ങള്‍ പറഞ്ഞിരുന്ന ഡേവീസ് മറഞ്ഞു. തിരുവമ്പാടി ദേവസ്വം ഭരണ സമിതിയില്‍ അംഗമല്ലാത്ത അംഗമായിരുന്നു ഡേവിസ് ചിറ്റിലപ്പള്ളി. നടുവിലാലുള്ള തിരുവമ്പാടി ദേവസ്വം ഓഫീസില്‍ ഡേവീസ് ചെല്ലാത്ത ദിവസമില്ല. ആനയുടമ കൂടിയായ ഡേവീസിന്റെ ജീവിതം തൃശൂരിന്റെ ഒപ്പമാണ്.
50 കൊല്ലമായി പൂരത്തിന്റെ ഭാഗം. അതില്‍ തിരുവമ്പാടിയുടെ കൊമ്പന്മാരുടെ മേല്‍നോട്ടക്കാരന്‍. മൃഗഡോക്ടറില്ലെങ്കിലും ആനയുടെ കാര്യത്തില്‍ ഡേവിസ് അന്തിമവാക്ക്.

സംസ്ഥാനത്തെ നൂറിലധികം ആനകളെ ഡേവിസിന് നേരിട്ട് അറിയാം. എവിടെ ആന ഓടിയാലും ആ വിളി വരുമായിരുന്നു ‘ഡേവീസേട്ടാ… ആന കൈവിട്ടു” തൃശൂര്‍ പൂരത്തിന്റെ സംഘാടകരില്‍ ഒന്നാമനാണോ ഡേവിസ് എന്നു ചോദിച്ചാല്‍ അല്ലെന്ന് പറയാന്‍ തെല്ല് മടി വരും. കാരണം അത്രയ്ക്കും ഇഴ ചേര്‍ന്നതാണ് ആ ജീവിതം. രാവിലെ ശക്തന്‍ നഗറിന് സമീപത്തുള്ള മുണ്ടുപാലത്തിനടുത്തുള്ള് വലിയ വീട്ടില്‍ നിന്നും സൈക്കിളില്‍ ഡേവീസ് തിരുവമ്പാടി ദേവസ്വത്തിലെത്തും.
പിന്നീട് എല്ലാം ആന നിശ്ചയിക്കുമെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല.

പകലന്തിയോളം ഡേവിസിന് പണി എന്തെന്ന് ചോദിച്ചാല്‍ ആനപരിപാലനം എന്ന് ഉത്തരം. സ്വന്തം ആനയോട് മാത്രമല്ല എല്ലാ ആനകളും ഡേവിസിന് സ്വന്തമാണ്. രാത്രി 10 മണിയോടെ സൈക്കിളില്‍ തിരിച്ച് വീട്ടിലേക്ക്. അമ്പതാണ്ടായി ഡേവിസും സൈക്കിളും ചങ്ങാതിമാരാണ്. ആനയെ വാങ്ങിയ ഡേവിസിന് കാറ് വാങ്ങാന്‍ മനസ്സിലായിരുന്നു. നാലു നാള്‍ മുമ്പാണ് രാത്രി വൈകി ഡേവിസിനെ തെക്കേ ഗോപുര നടയില്‍ കണ്ടത്.

ഡേവീസേ എന്നൊരു വിളി നല്‍കാന്‍ മാത്രമേ അന്നായുള്ളൂ. രണ്ട് ദിവസം മുമ്പ് ചെറിയ പനി വന്ന ഡേവിസ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഹൃദ്രോഗ ചികിത്സക്കായി എലൈറ്റ് ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ കിടന്ന് സ്നേഹത്തിരെ വിളിച്ച് പൂരത്തിന് ആനകളെ അയക്കേണ്ട കാര്യമാണ് സംസാരിച്ചതെന്ന് കൂട്ടുകാര്‍ പറഞ്ഞു.
പൂരക്കാലമായാല്‍ വാര്‍ത്താലോകം ഡേവിസിന് പിന്നാലെയാകും. ആനക്കഥകള്‍ കിട്ടാന്‍. ഏതൊക്കെ ആന പൂരത്തിന് വരുമെന്ന് തിരക്കാന്‍. ഡേവിസ് പറഞ്ഞാല്‍ അതില്‍ ഭേദഗതിയില്ല. അറിയാത്ത കാര്യം പറയില്ല. ആനകളെ അളന്ന് സംസാരിക്കാന്‍ ഡേവിസിനെ സാധിക്കൂ. ചിറ്റിലപ്പിള്ളി ഡേവിസിന് പേരുകള്‍ പലവിധം. ആന ഡേവിസാണ് പൊതുനാമം. ഡേവിസ് നായര്‍, ഡേവിസ് വാര്യര്‍ എന്നെല്ലാം വിളിപ്പേരുകള്‍. ആദ്യമായി പൂരം കണ്ടത് കൂട്ടുകാരന്‍ ഗോപി വാര്യര്‍ക്കൊപ്പമായിരുന്നു.

സെന്റ് തോമസ് കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. ആദ്യ പൂരം കാണലോടെ ഡേവീസ് പൂരപ്പറമ്പിന്റെ സ്വന്തമായി. ഗോപിയുടെ സ്ഥാപനത്തിലായിരുന്നു ഏതാണ് 7 കൊല്ലം വരെ ഡേവിസിന്റെ ഇരുപ്പ്. അതിനാല്‍ ഡേവിസ് വാര്യര്‍ എന്ന് തമാശപ്പേര് വന്നു. സ്ഥാപനം ഇല്ലാതായപ്പോള്‍ തിരുവമ്പാടി ഷോപ്പിംഗ് കോംപ്ലക്സിലെ എംഎല്‍ജി മാഷുടെ കടയില്‍
സഹായി. തൃശൂര്‍ പൂരം നടത്തുന്നത് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളാണ്.

അതില്‍ ഡേവിസിന്റെ തട്ടകം പാറമേക്കാവാണെങ്കിലും ഗോപി വാര്യരുമായുള്ള ചങ്ങാത്തം തിരുവമ്പാടിയിലെത്തിച്ചു. തിരുവമ്പാടിയുടെ വലിയ ഗജസൗന്ദര്യമായിരുന്ന ചന്ദ്രശേഖരന്‍ ആനയോട് ഡേവിസിനുള്ള സ്നേഹം പറയാവതല്ല. മുളയത്ത് ക്ഷേത്രത്തില്‍ കരിവീരന്‍ തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രന്റെ കുത്തേറ്റ് കുടല്‍ പുറത്തായ ചന്ദ്രശേഖരന്‍ എന്ന സമാധാന പ്രിയനായ ആനയുടെ അടുക്കല്‍ 40 ദിവസം ഉറക്കം കളഞ്ഞ് കാവലിരുന്ന ഡേവിസിന്റെ ചിത്രം അത്ഭുതമാണ്.

ഒരു ഭാഗം ചരിഞ്ഞ് കിടന്നാല്‍ ഉദരഭാഗത്ത് മണ്ണ് കയറുമെന്നതിനാലാണ് ആന കിടക്കാതിരിക്കാന്‍ കാവലിരുന്നതെന്ന്്ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവന്‍കുട്ടി ഓര്‍ക്കുന്നു. തിരവമ്പാടി ദേവസ്വത്തിനു മുന്നില്‍ ഏതാണ്ട് എല്ലാസമയത്തും ഡേവിസ് ഉണ്ടാകും. അന്വേഷിച്ച് അലയേണ്ടതില്ലായിരുന്നു. പൂരക്കാലത്ത് ആനക്കാര്യത്തില്‍ തിരുവമ്പാടിക്ക് ഡേവിസ് ഏതാണ്ട് അവസാന വാക്കായിരുന്നു.

ആന തര്‍ക്കത്തില്‍ ഡേവിസ് പലപ്പോഴുംപ്പെട്ടിട്ടുണ്ട്. ആനയില്ലാതെന്ത് ജീവിതമെന്ന് ഡേവിസ് ചിന്തിച്ചുവെന്ന് പറഞ്ഞാല്‍ എതിരഭിപ്രായം വരില്ല. ഒരുവിധ ലഹരി വസ്തുക്കളും ഉപയോഗിക്കാത്ത ഡേവിസിനെ ആനകള്‍ ഗന്ധം കൊണ്ട് തിരിച്ചറിയുമായിരുന്നു. ആനകളുമായുള്ള സഹവാസം തുടങ്ങിയിട്ട് കൊല്ലങ്ങളായെങ്കിലും ഒരാനയും ഡേവിസിനെ ആക്രമിച്ചിട്ടില്ല.

സ്വന്തം ആന തിരുവമ്പാടി കുട്ടിശങ്കരന്‍ പൂരത്തിന് സ്ഥിരം സാന്നിദ്ധ്യമായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി പൂരക്കാലത്താണ് ആനയ്ക്ക് മദപ്പാട്. ഇക്കാര്യത്തില്‍ ഡേവിസ് ഏറെ ദുഃഖിതനുമായിരുന്നു. മെയ് മാസത്തിലാണ് തൃശൂര്‍ പൂരം. ഒരുക്കം ഏതാണ്ട് തുടങ്ങിക്കഴിഞ്ഞു. സഹിക്കാനാവില്ല പൂരക്കമ്പക്കാര്‍ക്ക് ഡേവിസിന്റെ മരണം. പൂരനാളുകള്‍ അടുക്കുന്തോറും ഡേവിസ് സംഘാടക മനസ്സിലെത്തുമെന്ന് തീര്‍ച്ച. മുണ്ട് മടക്കിക്കുത്തി കൊമ്പന്‍മീശയുള്ള തന്റേടിയായ രൂപത്തെ പെട്ടെന്ന് പറിച്ചെറിയാനാവില്ല. പൂരത്തിന് പ്രധാനം ആനകളാണ്. ആനകളുടെ ആശാനാണ് ഡേവിസ്. ആനയില്ലാതെന്ത് പൂരം. ഡേവിസില്ലാതെ…