ജയസൂര്യ തടി കൂട്ടും കുറയ്ക്കും

കൊച്ചി: ഇന്ന് കാണുന്ന ജയസൂര്യ ആയിരിക്കില്ല രണ്ട് മാസം കഴിയുമ്പോള്‍. ഓരോ സിനിമയ്ക്ക് വേണ്ടിയും കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നു. പ്രേതത്തിലെ മെന്റലിസ്റ്റാവാന്‍ തടി കൂട്ടണമെന്ന് രഞ്ജിത് ശങ്കര്‍ ആവശ്യപ്പെട്ടപ്പോള്‍ 83 കിലോയാക്കി ഭാരം. എന്നാല്‍ ഫുക്രിക്ക് വേണ്ടി അഞ്ച് കിലോ കുറച്ചു. ഭക്ഷണ രീതിയില്‍ മാറ്റം വരുത്തിയും ജിമ്മില്‍ പോയുമാണ് താരം രൂപമാറ്റം വരുത്തുന്നത്. വി.പി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഒരുപാട് ശാരീരിക വെല്ലുവിളികള്‍ ജയസൂര്യ ഏറ്റെടുത്തിരിക്കുകയാണ്. അതിനായി ഫുഡ്ബാള്‍ പരിശീലനം നടത്തുകയാണ്. അതിനൊപ്പം കളിക്കാരന് വേണ്ട കായിക ക്ഷമതയും വരുത്താന്‍ ശ്രമിക്കുന്നു. വി.പി സത്യന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ജയസൂര്യ നേരില്‍ക്കണ്ട് സംസാരിച്ചു. അദ്ദേഹത്തെ കുറിച്ചുള്ള പുസ്തകങ്ങളും മറ്റ് വിവരങ്ങളും തേടിപ്പിടിച്ച് വായിക്കുകയാണ്.
രാവിലെ പതിവായി ജിമ്മില്‍ പോകുന്നയാളാണ് ജയസൂര്യ. രാവിലെ പോകാനൊത്തില്ലെങ്കില്‍ രാത്രി പോകും. രാവിലെ ഇഡലി, ദോശ എന്നിയാണ് കഴിക്കുന്നത്. ഉച്ചയ്ക്ക് കുറച്ച് ചോറും ഒന്നോ രണ്ടോ ചപ്പാത്തിയും. മിക്കവാറും മീന്‍ വിഭവങ്ങള്‍ കാണും. രാത്രിയില്‍ ബ്രഡ് പോലുള്ള ലൈറ്റായ ആഹാരമേ കഴിക്കൂ. സിഗരറ്റ് ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറില്ല. ഓരോ സിനിമയ്ക്കും ശേഷം ഒരു മാസത്തെ ഇടവേളയെടുക്കും. ഈ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് പതിവ്. ഭാര്യയുടെ പേരില്‍ കൊച്ചിയില്‍ ടെക്‌സ്റ്റൈല്‍ ഷോപ്പ് തുടങ്ങിയിട്ടുണ്ട്. ബാങ്കോക്കില്‍ നിന്നും ചൈനയില്‍ നിന്നും മറ്റും പുതിയ ഫാഷന്‍ വസ്ത്രങ്ങള്‍ എത്തിച്ചാണ് വില്‍ക്കുന്നത്.