അമല്‍ജ്യോതിയിലെ വിദ്യാര്‍ത്ഥി സമരം എസ്.എഫ്.ഐ പിന്‍വലിച്ചതിനെച്ചൊല്ലി വിവാദം

കത്തോലിക്ക സഭ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി പീഡനങ്ങള്‍ക്കെതിരെ എസ്.എഫ്.ഐ നടത്തിയ സമരം പിന്‍വലിച്ചതിനെ ചൊല്ലി വിവാദം. സഭാ നേതൃത്വം കണ്ണുരുട്ടിയതോടെ സി.പി.എം കോട്ടയം ജില്ലാ നേതൃത്വം എസ്.എഫ്.ഐക്കാരെ വെരട്ടി സമരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

വിദ്യാര്‍ത്ഥികളെ ക്രൂരമായി പീഡിപ്പിക്കുന്ന ഹോസ്റ്റല്‍ വാര്‍ഡന്‍ ഫാദര്‍. റൂബന്‍ തോട്ടപ്പുറം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവരെ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സമരം നടത്തിയത്. സമരം ശക്തമാക്കുന്നതിനിടയിലാണ് എസ്.എഫ്.ഐ പൊടുന്നനെ പിന്മാറിയത്.

സി.പി.എമ്മിന്റെ അടുപ്പക്കാരനായ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ നേരിട്ട് ഇടപ്പെട്ടാണ് സമരം പൊളിച്ചതെന്നാണറിയുന്നത്. കോളേജിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യ ഘടകമായ ഫാദര്‍. റൂബനെ മാറ്റാന്‍ സാധിക്കില്ലെന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്നാണ് കുട്ടികള്‍ പറയുന്നത്.

കുട്ടികള്‍ തമ്മില്‍ സംസാരിക്കാനോ ചിരിക്കാനോ ഈ വൈദികന്‍ അനുവദിക്കാറില്ല. അലറി വിളിച്ച് കുട്ടികളെ ഭീഷണിപ്പെടുത്തുന്ന ഒരു ദുഷ്ട ജന്തുവാണ് ഈ ഫാദര്‍ റൂബനെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന മനോരോഗാവസ്ഥയുള്ള വ്യക്തിയാണ് ഇയാളെന്ന് കുട്ടികള്‍ ഒന്നടങ്കം പറയുന്നു. കുട്ടികളെ പീഡിപ്പിക്കുന്നതിനു പുറമേ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ സ്വഭാവമാണെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ഒരു വൈദികന് നിരക്കാത്ത പ്രവര്‍ത്തികളാണ് ഇയാള്‍ ചെയ്യുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം. ഇയാള്‍ പോകാനിടയുള്ള സ്വര്‍ഗ്ഗം തങ്ങള്‍ക്ക് വേണ്ടെന്നാണ് അമല്‍ജ്യോതിയിലെ കുട്ടികളുടെ അഭിപ്രായം. എതിര്‍ത്ത് സംസാരിക്കുന്നവരെ കഞ്ചാവ് വലിക്കുന്നവരും കഞ്ചാവ് കച്ചവടക്കാരുമായി ചിത്രീകരിക്കുകയാണ് ഇയാളുടെ പരിപാടി.

ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഇയാള്‍ക്കെതിരെ പരാതി പറഞ്ഞിട്ടും മാനേജ്‌മെന്റ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. മാനേജ്‌മെന്റിന്റെ പ്രതികാരം ഏത് നിമിഷവും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതീക്ഷിക്കുന്നുണ്ട്.