ഓണ്‍ലൈന്‍ ടാക്‌സി: 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡിജിപി

കൊച്ചി: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുമായി ബന്ധപ്പെട്ട് 2015-17 കാലഘട്ടത്തില്‍ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ഇതില്‍ 20 കേസില്‍ കുറ്റംചുമത്തുകയും നാലെണ്ണം പിഴയടപ്പിക്കുകയും ഒരു കേസില്‍ തുടര്‍നടപടി അവസാനിപ്പിക്കുകയും ചെയ്തു. 14 കേസുകളില്‍ അന്വേഷണം തുടരുകയാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സ്വതന്ത്രമായി സര്‍വീസ് നടത്താനുള്ള സാഹചര്യം പോലിസ് ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ നവാസ് സമര്‍പ്പിച്ച ഹരജിയിലാണ് ഡിജിപിയുടെ സത്യവാങ്മൂലം. ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോവാനും ഇവിടെ നിന്ന് യാത്രക്കാരെ കയറ്റാനും അവകാശമുണ്ടെന്ന് വ്യക്തമാക്കിയാണ് പോലിസിനോട് പ്രശ്നത്തില്‍ ഇടപെടാന്‍ ഹൈക്കോടതി 2016 മാര്‍ച്ചില്‍ ഇടക്കാല ഉത്തരവു നല്‍കിയത്.

എന്നാല്‍, ഉത്തരവു പാലിക്കപ്പെടുന്നില്ലെന്നും ബസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലുമൊക്കെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളെ മറ്റ് ടാക്സിക്കാരും ഓട്ടോറിക്ഷക്കാരും തടയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയത്. ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍സംബന്ധിച്ച് ഐജിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതു പ്രകാരം സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ മാത്രമാണ് പ്രശ്നങ്ങളുണ്ടായിട്ടുള്ളത്. ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഡിജിപി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.