ചന്ദ്രബോസ് വധം: നിസാമിന് ജാമ്യം അനുവദിക്കരുതെന്ന് ജമന്തി

തിരുവനന്തപുരം: ഫോണിലൂടെയും ഗുണ്ടകളെ വിട്ടും തന്നെ കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നതിനാല്‍ ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് പരോള്‍ അനുവദിക്കരുതെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി. മുഖ്യമന്ത്രിക്കാണ് ഇതുസംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മുഹമ്മദ് നിസാം ഇടയ്ക്കിടെ മൊബൈല്‍ ഫോണില്‍ വിളിച്ച് വധഭീഷണി ഉയര്‍ത്തുന്നുണ്ട്. പരോള്‍ ലഭിച്ച് പുറത്തു വരുമ്പോള്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി.

കൂടാതെ, നിസാമിന്റെ സുഹൃത്തുക്കള്‍ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുണ്ട്. നിസാം പരോളില്‍ വന്നാലുടന്‍ ശിക്ഷ നടപ്പാക്കുമെന്നാണ് സുഹൃത്തുക്കളുടെ ഭീഷണിയെന്നും മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതുസംബന്ധിച്ച് വിവരങ്ങള്‍ അറിയാന്‍ പരാതി ജയില്‍ ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. മൂന്നുദിവസത്തിനുള്ളില്‍ മറുപടി ലഭിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ കണ്ണൂര്‍ ജയില്‍ വെല്‍ഫെയര്‍ ഓഫിസറോട് റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും രണ്ടുദിവസത്തിനുള്ളില്‍ ജയില്‍വകുപ്പ് മുഖ്യമന്ത്രിക്ക് മറുപടി നല്‍കുക. അതേ സമയം, ജയിലില്‍ തടവുകാരും ജയില്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. തടവുകാര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നത് ജയില്‍ വാര്‍ഡന്‍മാര്‍ അടക്കമുള്ളവരാണ്.

തടവുകാരും ജയില്‍ വാര്‍ഡന്‍മാരും തമ്മിലുള്ള നിയമവിരുദ്ധ ബന്ധത്തിന്റെ ഭാഗമായാണ് ജയില്‍വളപ്പില്‍ കഞ്ചാവ്, മറ്റ് മയക്കുമരുന്നുകള്‍, മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍, ചെറിയ ആയുധങ്ങള്‍ എന്നിവ എത്തുന്നത്. തടവുകാരെ കാണാനെത്തുന്നവര്‍ വഴി പണവും, മറ്റ് അവശ്യ സാധനങ്ങളും ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചു കൊടുത്താണ് പ്രത്യുപകാരം ചെയ്യുന്നത്. ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ജീവനക്കാരുടെ ഒത്താശയോടെയാണെന്ന് നേരത്തേ തന്നെ ജയില്‍വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരേ നടപടി എടുക്കുമെന്നു മുന്‍ ജയില്‍ ഡി.ജി.പി അനില്‍കാന്ത് പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ഇപ്പോള്‍ ചന്ദ്രബോസിന്റെ ഭാര്യയുടെ പരാതിയിന്‍മേല്‍ മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ടിരിക്കുകയാണ്.

നിസാമിന്റെ ഹമ്മര്‍ കാറിന് പോകാന്‍ ഗേറ്റ് തുറക്കാന്‍ വൈകിയതിന്റെ പേരിലാണ് സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടശാംകടവ് കാരമുക്ക് കാട്ടുങ്ങല്‍ ചന്ദ്രബോസിനെ കാറിടിച്ചും മറ്റും ക്രൂരമായി മര്‍ദിച്ചത്. 2015 ജനുവരി 29ന് പുലര്‍ച്ചെയാണ് സംഭവം. തുടര്‍ന്ന് പൊലിസ് നിസാമിനെ അറസ്റ്റ് ചെയ്തു. ചികിത്സയിലായിരുന്ന ചന്ദ്രബോസ് 19 ദിവസത്തിനുശേഷം മരണമടഞ്ഞു. നിസാമിനെതിരെ കാപ്പചുമത്തി. തുടര്‍ന്ന് ചന്ദ്രബോസ് വധക്കേസില്‍ നിസാം കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു.