വീണ ജോര്‍ജിനെതിരെ പരാതി നല്‍കിയവരെ പൊലീസ് മറ്റ് കേസുകളില്‍ കുടുക്കുന്നു

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെയും  അഭിഭാഷകന്റെയും വീട്ടില്‍ പൊലീസ് പരിശോധന

സാക്ഷിക്കെതിരെ കള്ളക്കേസ്

അഭിഭാഷകന്‍െറ കമ്പ്യൂട്ടര്‍ മോഷ്ടിക്കപ്പെട്ടു

തിരുവനന്തപുരം: ആറന്മുള എം.എല്‍.എ വീണ ജോര്‍ജിനും ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫിനുമെതിരെ ലോകായുക്തയില്‍ കേസ് നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം.

ലോകായുക്തയില്‍ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബൈജു ഭാസ്‌ക്കറിനെയാണ് എം.എല്‍.എയെ അസഭ്യം പറഞ്ഞു എന്ന കള്ളക്കേസ് ചുമത്തി ജയിലിലടയ്ക്കാന്‍ ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായി ബൈജു ഭാസ്‌ക്കറിന്റെ വാര്യാപുരത്തുള്ള വീട്ടില്‍ സ്ത്രീകള്‍ മാത്രമുള്ള സമയത്ത് ഒരു വാറണ്ടുമില്ലാതെ പൊലീസ് പരിശോധന നടത്തി. വീണ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതി നല്‍കിയ അഭിഭാഷകന്‍ സോജി മെഴുവേലിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി.

എംഎല്‍എയുടെ തിരഞ്ഞെടുപ്പ് ലംഘനവുമായി ബന്ധപ്പെട്ട് കേസിന്റെ വിധി 23ന് വരാനിരിക്കെയാണ് പൊലീസിനെ ഉപയോഗിച്ച് എതിരാളികളെ തളയ്ക്കാന്‍ ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കേസുമായി ബന്ധപ്പെട്ട് എം.എല്‍.എയ്ക്കെതിരെ സാക്ഷി പറഞ്ഞ ഉള്ളന്നൂര്‍ സ്വദേശി ബാബുവിനെ ഇന്നലെ കള്ളക്കേസ് ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. എം.എല്‍.എയ്ക്കെതിരെ സംസാരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാന്‍ ശ്രമം നടക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവച്ചെന്നും സാമുദായിക പ്രീണനം നടത്തി വോട്ടര്‍മാരെ സ്വാധീനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് മെഴുവേലി സ്വദേശി വി.ആര്‍. സോജി ഹര്‍ജി നല്‍കിയത്. വീണയുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ദുബയിയിലെ ഒരു കമ്പനിയുടെ പേരിലുള്ള, ഭര്‍ത്താവിന്റെ നോണ്‍ റസിഡന്റ് ഓര്‍ഡിനറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് സത്യവാങ്മൂലത്തിലെ ഫോം നമ്പര്‍ 26ല്‍ വീണ പരാമര്‍ശിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും പുറത്തും ഒരു പോലെ കൈകാര്യം ചെയ്യാവുന്ന അക്കൗണ്ട് പത്തനംതിട്ട ചന്ദനപ്പള്ളിയിലെ ഫെഡറല്‍ ബാങ്ക് ശാഖയിലാണുള്ളത്. ഭര്‍ത്താവിന്റെ പേരിലുള്ള ഭവനവായ്പ സംബന്ധിച്ച് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ടെങ്കിലും വായ്പാത്തുക മേല്‍പറഞ്ഞ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.  കുരിശിന് സമീപം പ്രാര്‍ത്ഥനാനിരതയായിരിക്കുന്ന വീണയുടെ ചിത്രം തെരഞ്ഞെടുപ്പ് കാലത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതു തന്റെ സഹപാഠിയായിരുന്നയാള്‍ പോസ്റ്റ് ചെയ്തതാണെന്നാണ് വീണയുടെ വിശദീകരണം.

വീണയുടെ ഭര്‍ത്താവ് ജോര്‍ജ് സെക്രട്ടറിയായിരിക്കുന്ന, മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മാനേജിംഗ് കമ്മിറ്റിയംഗമാണ് ചിത്രം പോസ്റ്റ് ചെയ്തത്. അതിനാല്‍, ഈ നടപടി സാമുദായികമായി വോട്ട് തട്ടാന്‍ വീണയുടെ അറിവോടെ ചെയ്തതാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. വീണയ്ക്കുവേണ്ടി അഖില മലങ്കര അല്‍മായ വേദി ലഘുലേഖകളും ചിത്രങ്ങളും വിതരണം ചെയ്തു. ഇതേത്തുടര്‍ന്ന് വരണാധികാരിക്ക് യഥാസമയം ഹര്‍ജിക്കാരന്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

മതപ്രീണനത്തിലൂടെ വോട്ട് നേടിയെന്ന ആരോപണത്തെ തുടര്‍ന്ന് മൂവാറ്റുപുഴ എംപിയായിരുന്ന പിസി തോമസിന്റെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി നേരത്തെ റദ്ദ് ചെയ്തിട്ടുണ്ട്. ഈ കേസിന് സമാനമായ വാദമാണ് വീണയ്ക്കെതിരേയും ഉയര്‍ത്തുന്നത്.

ഇതിനിടെ സോജി മെഴുവേലിയുടെ ഓഫീസ് കുത്തിത്തുറന്ന് തെരഞ്ഞെടുപ്പ് കേസിന്റെ തെളിവുകള്‍ ശേഖരിച്ച് വച്ചിരുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചതും എറെവിവാദങ്ങള്‍ക്കും ദുരൂഹതയ്ക്കും ഇടയാക്കിയിരുന്നു.