തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം; എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയാകും

ദിവസങ്ങളായി തുടരുന്ന തമിഴ്നാട്ടിലെ രാഷട്രീയ പ്രതിസന്ധിക്ക് പരിഹാരം. എടപാടി പളനി സ്വാമിയെ ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 15 ദിവസത്തിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെല്‍യിക്കണമെന്നും ഗവര്‍ണ്ണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാവല്‍ മുഖ്യമന്ത്രിയായിരുന്ന പനീര്‍സെല്‍വത്തിന്റെ അവകാശവാദം ഗവര്‍ണ്ണര്‍ തള്ളി.

സുപ്രീംകോടതി വിധി ശശികലയ്ക്ക് എതിരായതോടെയാണ് പളനി സ്വാമിയെ നിയമസഭാകക്ഷി നേതാവായി എഐഎഡിഎകെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം പളനി സ്വാമി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണറെ കണ്ടിരുന്നു.

ഇതിനു പിന്നാലെ നിയമ വശങ്ങളെല്ലാം പരിഗണിച്ച ശേഷമാണ് ഗവര്‍ണ്ണര്‍ ഇന്ന് തീരുമാനമെടുത്തത്. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശവും ഇതായിരുന്നുവെന്നാണ് സൂചന. വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ പിന്തുണ ഉറപ്പിക്കാനാണ് ഈ നീക്കം.പനീര്‍സെല്‍വത്തിന് എം.എല്‍.എമാരുടെ പിന്തുണ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതും മറിച്ച് ചിന്തിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചു.

അമ്മയുടെ വിജയം എന്നാണ് നടപടിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. കൂവത്തുരിലെ റിസോര്‍ട്ടിലുള്ള എം.എല്‍.എമാരെല്ലാം ആഘോഷത്തോടെയാണ് ഗവര്‍ണ്ണറുടെ തീരുമാനത്തെ വരവേറ്റത്. അതേ സമയം പാര്‍ട്ടിയിലെ ഭിന്നത തീര്‍ക്കാന്‍ ഒ പനീര്‍ സെല്‍വവും പളനിസ്വാമിയും തമ്മില്‍ സമവായത്തിന് നീക്കം തുടങ്ങി. ശശികലയോടുള്ള അത്രയും എതിര്‍പ്പ് പനീര്‍സെല്‍വത്തിനും സംഘത്തിനും പളനിസ്വാമിയോടില്ല എന്നതാണ് സമവായ നീക്കത്തിന് ഊര്‍ജ്ജം പകരുന്നത്.