ചെളിവെള്ളം തെറിപ്പിച്ച ഡ്രൈവര്‍ക്ക് തൊഴിലാളി യൂണിയന്‍ നേതാവിന്റെ മൂത്രാഭിഷേകം

കൊച്ചി: ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതില്‍ പ്രകോപിതനായ ചുമട്ടുതൊഴിലാളി യൂണിയന്‍ നേതാവ് മൂത്രം കുപ്പിയിലാെഴിച്ച് കൊണ്ടുവന്ന് ബസ് ഡ്രൈവറുടെ തലയില്‍ തളിച്ചതായി പരാതി. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ എറണാകുളം-കോട്ടയം റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി. രാവിലെ 7. 20 മുതല്‍ വൈകിട്ട് ഏഴ് വരെ 90 ഓളം ട്രിപ്പുകളാണ് മുടങ്ങിയത്. വൈറ്റില ഹബ്ബിലെത്തിയ യാത്രക്കാര്‍ ദുരിതത്തിലായി.

ഇന്നലെ രാവിലെ 7.10 നായിരുന്നു സംഭവം. എറണാകുളം-കോട്ടയം റൂട്ടിലെ സെന്റ് ജോണ്‍സ് ബസ് പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് മുന്നോട്ടെടുത്തപ്പോള്‍ അടുത്തു നിന്ന ചുമട്ടുതൊഴിലാളി യൂണിയന്‍ നേതാവ് പൊന്നുരുന്നി സ്വദേശി ദിലീപിന്റെ ദേഹത്ത് ചെളിവെള്ളം തെറിച്ചു. പ്രകോപിതനായ ദിലീപ് യാത്രക്കാരെ കയറ്റാനായി ബസ് ബേയില്‍ നിറുത്തിയപ്പോള്‍ ഡ്രൈവറെ പുറത്തേക്ക് പിടിച്ചിറക്കി കുപ്പിയില്‍ കൊണ്ടുവന്ന മൂത്രം തലവഴി ഒഴിച്ചെന്നാണ് പരാതി. ഡ്രൈവര്‍ വൈക്കം സ്വദേശി ജിതിനും ദിലീപുമായി വാക്കേറ്റമായി. മറ്റ് ബസ് തൊഴിലാളികള്‍കൂടി എത്തിയതോടെ പ്രശ്നം രൂക്ഷമായി.

ഇരുവരും മരട് പൊലീസില്‍ പരാതിയും നല്‍കി. പരാതി നല്‍കിയശേഷവും ദിലീപ് ഭീഷണി ആവര്‍ത്തിച്ചെന്ന് ആരോപിച്ച് എറണാകുളം-കോട്ടയം റൂട്ടിലോടുന്ന ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. രാത്രി ഏഴോടെയാണ് പണിമുടക്ക് പിന്‍വലിച്ചത്. പൊതുസ്ഥലത്ത് മാലിന്യം തളിക്കല്‍, തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ദിലീപിനെതിരെ മരട് പൊലീസ് കേസെടുത്തിട്ടുണ്ട്.