shocking news: നടവഴി അടച്ച് കോലിയക്കോടന്‍, തളര്‍ന്നുപോയ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നത് തോളിലേന്തി

തിരുവനന്തപുരം: ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുന്‍ എം.എല്‍.എയും സംസ്ഥാന കമ്മറ്റി അംഗവുമായ ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായര്‍ വഴി വേലികെട്ടി അടച്ച് ഒരു കുടുംബത്തെ ബന്ധിയാക്കി. വഴിയില്ലാത്തതിനാല്‍ ശരീരം തളര്‍ന്ന യുവാവ് ചികിത്സ ലഭിക്കാതെ നരകിക്കുന്നു.

അപകടത്തില്‍ ശരീരം തളര്‍ന്ന വെമ്പായം തിട്ടയത്തുകോണം ഹരികൃഷ്ണ വിലാസത്തില്‍ അരുണ്‍ കൃഷ്ണന്‍(28) ആണ് പൊതുപ്രവര്‍ത്തകന്റെ കിരാത പ്രവര്‍ത്തിയില്‍ ചികിത്സ ലഭിക്കാതെ വീല്‍ചെയറില്‍ കഴിയുന്നത്. വഴി അടച്ചതോടെ അനുജന്‍ ഹരികൃഷ്ണന്‍ അരകിലോമീറ്ററോളം തോളില്‍ ചുമന്നാണ് അരുണിനെ ആശുപത്രിയിലെത്തിക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പ് പോത്തന്‍കോട്ടു വച്ച് അരുണ്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടാണ് ചലനശേഷി നഷ്ടപ്പെട്ടത്.
ഒരുവര്‍ഷത്തെ ചികിത്സയ്ക്കൊടുവില്‍ ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ശരീരം തളര്‍ന്നു. അരുണിനെ ആയുര്‍വേദ കോളേജിലേക്ക് മാറ്റി. ഇതിനിടയിലാണ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ ഇവരുടെ വീട്ടിലേക്കുള്ള നടവഴി അടച്ച് വേലി കെട്ടിയത്. ഒപ്പം നാട്ടുകാരുടെ ശ്രമദാനത്തിലൂടെയുള്ള റോഡ് നിര്‍മ്മാണവും തടഞ്ഞു. അരുണിന്റെ അമ്മ ഉഷയ്ക്ക് കുടുംബപരമായി കിട്ടിയ 15 സെന്റ് വസ്തുവിലേക്ക് പുറമ്പോക്കിലൂടെ വഴി ഉണ്ട്. പക്ഷെ ആ പുറമ്പോക്കും കയ്യേറിയാണ് വേലി. എംഎല്‍എയുടെ അധികാരവും ലോഅക്കാദമിയുടെ പിന്‍ബലവുമുള്ള കൃഷ്ണന്‍നായരോട്

എതിര്‍ക്കാന്‍ ഉഷയ്ക്കും ഇളയമകന്‍ ഹരികൃഷ്ണനും നാട്ടുകാര്‍ക്കും ഭയമാണ്.
ഒന്നിടവിട്ട ദിവസങ്ങളില്‍ മൂന്ന്മാസം മുടങ്ങാതെ ആയുര്‍വേദ ചികിത്സ നടത്തിയാല്‍ അരുണ്‍ എഴുനേറ്റ് നടക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിരുന്നു. അരുണിന് ഭേദമാകുന്നതുവരെയെങ്കിലും അതുവഴി പോകാനുള്ള അനുവാദം നല്‍കണമെന്ന് ഉഷ കാലുപിടിച്ച് അപേക്ഷിച്ചെങ്കിലും വഴി നല്‍കാനാകില്ലെന്ന് കൃഷ്ണന്‍ നായര്‍ നിലപാടെടുത്തു. ഇതോടെ രണ്ട് വര്‍ഷമായി ഹരികൃഷ്ണന്‍ അരുണിനെ അരകിലോമീറ്ററോളം ചുമലില്‍ എടുത്താണ് ചികിത്സയ്ക്കായി കൊണ്ടുപോകുന്നത്. ഒരാള്‍ക്ക് പോലും നടന്നുപോകാനാകാത്ത വരമ്പു വഴിയിലൂടെയും തെങ്ങിന്‍തടി പാലത്തിലൂടെയും തന്നെക്കാള്‍ ഭാരമുള്ള അരുണിനെയും ചുമന്നുകൊണ്ടുപോകുന്ന കാഴ്ച കരളലിയിക്കും.

കാലൊന്നു തെറ്റിയാല്‍ ഇരുവരും നിലത്ത് വീഴും. ഇടയക്ക് വഴിയിലെ മരത്തില്‍ ചാരിനിനിന്ന് വിശ്രമിക്കും. വഴിക്ക് വീതിയില്ലാത്തതിനാല്‍ സുഹൃത്തുക്കള്‍ക്കോ കണ്ടുനില്‍കുന്നവര്‍ക്കോ സഹായിക്കാനും കഴിയില്ല. മൂന്ന് ദിവസത്തിലൊരിക്കല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാകാതെ വന്നതോടെ ചികിത്സ മൂന്നാഴ്ചയിലൊരിക്കലേക്ക് മാറ്റി.

ടൈലിന്റെ പണിനോക്കിയിരുന്ന അരുണും ഓട്ടോ ഓടിക്കുന്ന ഹരിയും ആയിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. അരുണ്‍ തളര്‍ന്ന് കിടപ്പായതോടെ ചെറിയ ചായക്കട നടത്തുന്ന ഉഷയ്ക്കും ഹരിക്കും വല്ലപ്പോഴും മാത്രമാണ് ജോലിക്ക് പോകാന്‍ കഴിയുന്നത്. നാട്ടുകാരുടെ സഹായമാണ് ഇപ്പോഴുള്ള ആശ്രയം. വീല്‍ചെയര്‍ ഉരുട്ടികൊണ്ട് പോകാനുള്ള വഴിയെങ്കിലും ലഭിച്ചാല്‍മതിയെന്ന പ്രാര്‍ത്ഥനിയിലാണ് ഈ കുടുംബം.