നടിയെ തട്ടിക്കൊണ്ടുപോകല്‍: സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു 

സൂപ്പര്‍താരത്തെ ഒഴിവാക്കി അന്വേഷണം നിര്‍ത്തിയാല്‍ ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലാകുമെന്ന് ഉപദേശം

നടി ആക്രമിക്കപെട്ട സംഭവം മോശമാക്കുന്നത് ഇടത് സര്‍ക്കാറിന്റെ പ്രതിഛായയെ. സൂപ്പതാരത്തിന് പങ്കുണ്ടെന്ന ആരോപണത്തില്‍ വ്യക്തത വരുത്താതെ അന്വേഷണം അവസാനിപ്പിച്ചാല്‍ നാറുക ആഭ്യന്തരംകൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍ തന്നെ.

നടി നേരെ ആക്രമണമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രധാന പ്രതിയെന്ന് പോലീസ് പറയുന്ന പള്‍സര്‍സുനിയെ പിടിക്കാനാവത്തതില്‍ തന്നെ പോലീസിന് നേരെ കടുത്ത വിമര്‍ശനമുണ്ട്. സംഭവം നടന്ന് മണിക്കൂറുകളോളം എറണാകുളത്ത് തന്നെ സുനിയുണ്ടായിരുന്നുവെന്നാണ് മൊബൈല്‍രേഖകള്‍ തെളിയിക്കുന്നത്. അടിയന്തരമായി നടപടിയെടുക്കാന്‍ പോലീസ് പരാജയപ്പെട്ടതാണ് സുനിക്ക് രക്ഷപെടാന്‍ സഹായകമായത്.

സംഭവത്തിനു പിന്നിലെ ഗൂഡാലോചനയുടെ ഉറവിടംകണ്ടെത്താനാകാതെ നട്ടംതിരിയുകയാണ് അന്വേഷണസംഘം ഇപ്പോഴും. സുനിയെ പിടികൂടിയാലെ പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുകയുള്ളൂ. പള്‍സര്‍ സുനി വെറുമൊരു ആയുധം മാത്രമാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല. ഈ ആയുധം ആരാണ് ഉപയോഗിച്ചത് എന്നതിലാണ് അന്വേഷണം നടക്കേണ്ടത്. സംഭവത്തിനു പിന്നില്‍ ജനപ്രീയനായകന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. ഇതിന് ഒരു സ്ഥിതീകരണവും ലഭ്യമല്ല. വസ്തു വാങ്ങിയതു സംബന്ധിച്ച തര്‍ക്കം. നടനായ ഒരുജനപ്രതിനിധി കടം കൊടുത്ത പണം സംബന്ധിച്ച തര്‍ക്കം ഇങ്ങനെ ഊഹാപോഹങ്ങള്‍ ഏറെയാണ്. ഇതിലെല്ലാം വ്യക്തത വരുത്തേണ്ട ബാധ്യത ഇപ്പോള്‍ സര്‍ക്കാറിനാണ്.

കേസ്ന്വേഷണം പള്‍സര്‍ സുനിയില്‍ മാത്രമവസാനിച്ചാല്‍ സൂപ്പര്‍താരത്തിനൊപ്പം ചേര്‍ന്ന് കേസ് ഒതുക്കിയെന്ന ആരോപണം സര്‍ക്കാറിനും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് നേരേയും പ്രതിപക്ഷം ഉയര്‍ത്തും. ഇത് ഇരട്ട ചങ്കന്‍ എന്ന വിളിക്കുന്ന പിണറായി വിജയന് ഏറെ ക്ഷീണം ചെയ്യും. ലോ അക്കാദമി വിഷയത്തില്‍ പൊതുജന വിശ്വാസം നേടിയെടുക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും മുഖ്യമന്ത്രിയുചടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന വിമര്‍ശനത്തിനു പിന്നാലെ ഈ ആരോപണം കൂടിയാകുമ്പോള്‍ പിണറായിയുടെ മുഖം ഇനിയുംചുളിയും. ഈ സാഹചര്യത്തില്‍

ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാകും സര്‍ക്കാര്‍ തീരുമാനം.ജനപ്രീയനടന്റെ അടുത്ത സുഹൃത്തായ സിദ്ധാര്‍ഥ് ഭരതന്റെ വീട്ടില്‍ നടത്തിയ പോലീസ് റെയ്ഡ് നല്‍കുന്ന സൂചനയും ഇതുതന്നെയാണ്. ആരോപണവിധേയനായ താരത്തെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. വിവാദങ്ങള്‍ ഒഴിയാതെ മുന്നോട്ടു പോകുന്ന പിണറായിസര്‍ക്കാറിനു മുന്നിലുള്ള വെല്ലുവിളിയാവുകയാണ് നടിക്കു നേരെയുണ്ടായ ആക്രമണം.