ബിയര്‍ ബോട്ടിലില്‍ ഗണപതി, ഷൂസില്‍ ഓം; പൊലീസ് കേസെടുത്തു

ന്യൂഡല്‍ഹി: ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രണ്ട് അമേരിക്കന്‍ ഓണ്‍ലൈന്‍ കമ്പനികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിയര്‍ ബോട്ടിലില്‍ ഗണപതിയുടെ ചിത്രം പതിപ്പിച്ചതിനും ഷൂസില്‍ ഓം പതിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

അമേരിക്കന്‍ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ യെസ് വി വൈബ്. കോം, ലോ കോസ്റ്റ്.കോം എന്നിവയ്‌ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഓം പതിപ്പിച്ചിരിക്കുന്ന ഷൂ വിറ്റതിനാണ് യെസ് വി വൈബ്. കോമിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ഗണപതിയുടെ ചിത്രം ബിയര്‍ ബോട്ടിലില്‍ പതിപ്പിച്ചതിനാണ് ലോ കോസ്റ്റ്.കോമിനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കമ്മിഷണര്‍ നരേഷ് കഡയാനാണ് പരാതി നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തിനും അദ്ദേഹം കത്ത് നല്‍കിയിട്ടുണ്ട്. വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടി എടുക്കണമെന്നും ഉല്‍പ്പന്നങ്ങള്‍ സൈറ്റുകളില്‍ നിന്ന് നീക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച ചവിട്ടി വില്‍പ്പനയ്ക്ക് വച്ചതിന് ആമസോണിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു