23 മിനിട്ടുള്ള നഗ്ന ദൃശ്യം ആവശ്യപ്പെട്ടു; അക്രമിക്കപ്പെട്ട നടിയുടെ മൊഴിയുടെ പ്രസക്ത ഭാഗങ്ങള്‍

ഇന്‍ജക്ഷന്‍ കൊടുത്ത് മയക്കാന്‍ ക്വേട്ടേഷന്‍ കൊടുത്തവര്‍ പറഞ്ഞു;

രണ്ടുകൈയിലും ബലമായി പിടിച്ച് വായ പൊത്തിപ്പിടിച്ചു

17.02.17

ഏകദേശം വൈകുന്നേരം ഏഴു മണിയോട് ഷൂട്ടിങ്ങിനായി ഞാന്‍ ലാല്‍ ക്രിയേഷന്‍സ് അയച്ചു തന്ന കെ.എല്‍. 39 എഫ്. 5744 മഹീന്ദ്ര എക്‌സ് യു.വി വാഹനത്തില്‍ എന്റെ വീട്ടില്‍ നിന്ന് എറണാകുളത്തേക്ക് പോന്നു. എന്നെ കൊണ്ടു പോരാന്‍ വന്ന ഡ്രൈവറെ എനിക്ക് മുന്‍ പരിചയമില്ല. ഞാന്‍ തനിച്ചാണ് ഷൂട്ടിംഗിന് പോകാറുള്ളത്. ഞാന്‍ വണ്ടിയില്‍ കയറി കഴിഞ്ഞപ്പോള്‍ ഹൈവേ എത്തുന്നതുവരെ വഴി പറഞ്ഞു തരണമെന്ന് ഡ്രൈവര്‍ എന്നോട് പറഞ്ഞപ്രകാരം ഞാന്‍ വഴി പറഞ്ഞു കൊടുത്തു. പതിയേ പോയാല്‍ മതിയോ എന്ന് ഡ്രൈവര്‍ എന്നോടു ചോദിച്ചു. ലാല്‍ മീഡിയയിലേക്കാണോ പോകേണ്ടത് എന്ന് എന്നോട് ചോദിച്ചു. അല്ല, പനമ്പള്ളി നഗറിലുള്ള എന്റെ ഫ്രണ്ടിന്റെ വീട്ടിലേക്കാണ് പോകേണ്ടതെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ ഹൈവേയില്‍ കയറിക്കഴിഞ്ഞപ്പോള്‍ മുതല്‍ ഡ്രൈവര്‍ മൊബൈലില്‍ മെസേജ് അയക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാളെ പരിചയമില്ലാത്തു കൊണ്ട് ഞാന്‍ അയാളോട് ഒന്നും ചോദിച്ചില്ല.

ഞാന്‍ സഞ്ചരിച്ച കാര്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുന്ന ജംഗ്ഷന്‍ കഴിഞ്ഞ അല്പം മുമ്പോട്ടെത്തിയപ്പോള്‍ 8.30 മണിയോടെ ഒരു വാന്‍ വന്ന് ഞങ്ങളുടെ കാറിന്റെ പുറകില്‍ ഇടിച്ചു. ഞങ്ങള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ വാന്‍ മുന്നില്‍ കയറ്റി ഇടതു സൈഡില്‍ ഒതുക്കി നിര്‍ത്തി. കാര്‍ നിര്‍ത്തി ഡ്രൈവറും ഇറങ്ങിച്ചെന്നു. അവര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. ഉടനെ തന്നെ എന്റെ കാറിന്റെ ഡ്രൈവര്‍ വന്ന് വണ്ടിയില്‍ കയറുകയും അതോടൊപ്പം തന്നെ വാനില്‍ വന്ന രണ്ടു പേര്‍ കാറിലേക്ക് കയറുകയും ചെയ്തു. എന്നെ നടുക്കിരുത്തി അവര്‍ രണ്ടു പേരും രണ്ടു സൈഡിലുമായി ഇരിക്ുകകയും എന്റെ രണ്ടു കൈയിലും രണ്ടു പേരും ബലമായി പിടിച്ച് വലതു സൈഡില്‍ ഇരുന്നയാള്‍ അയാളുടെ കൈ കൊണ്ട് എന്റെ വായ പൊത്തിപിടിക്കുകയും എന്റെ കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങിയിട്ട് മിണ്ടരുത്, ഒച്ചവെയ്ക്കരുത് എന്ന് എന്നോട് പറഞ്ഞു. നിങ്ങളുടെ പ്രശ്‌നം നിങ്ങള്‍ തന്നെ പറഞ്ഞു തീര്‍ക്ക്, എന്നെ വിട് എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്നെ അവര്‍ വിട്ടില്ല.

മാഡത്തിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇത് ഇങ്ങനെയാവുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് എന്റെ വലതു സൈഡില്‍ ഇരുന്നയാള്‍ പറഞ്ഞു. മാഡത്തിനെ ലാല്‍ മീഡിയയില്‍ എത്തിക്കാം. ഈ ഡ്രൈവറെയാണ് ഞങ്ങള്‍ക്ക് ആവശ്യം എന്നു പറഞ്ഞു. വലതു ഭാഗത്തിരുന്നയാള്‍ ഞങ്ങളുടെ ലൊക്കേഷന്‍ മറ്റാര്‍ക്കോ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. കളമശ്ശേരി എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി വലതു സൈഡില്‍ ഇരുന്നയാള്‍ ഇറങ്ങുകയും വലതുഭാഗത്തു കൂടി മറ്റൊരാള്‍ കയറുകയും ചെയ്തു. അയാള്‍ ഒരു കറുത്ത ടീഷര്‍ട്ട് ധരിച്ച കറുത്ത നിറമുള്ള ആളായിരുന്നു. വീണ്ടും എന്നെ അവരുടെ രണ്ടു പേരുടെയും നടുവില്‍ ഇരുത്തി. എന്നെ ഉപദ്രവിക്കരുതെന്ന് അവരോട് ഞാന്‍ പറഞ്ഞു. എന്റെ ഫോണ്‍ ഒന്ന് തരാമോ എന്ന് ചോദിച്ചെങ്കിലും അവര്‍ തന്നില്ല.

ആദ്യം കയറിയ ആള്‍ ഞങ്ങള്‍ ഇടപ്പള്ളി കഴിഞ്ഞു എന്നും മറ്റും മറ്റാരോടോ വിളിച്ചു പറയുന്നതു കേട്ടു. പാലാരിവട്ടം എത്താറായപ്പോള്‍ വണ്ടി നിര്‍ത്തി കളമശ്ശേരിയില്‍ നിന്നും കയറിയ ആള്‍ ഇറങ്ങുകയും എന്റെ ഇടതുവശത്തും വേറെയൊരാള്‍ ഡ്രൈവര്‍ സീറ്റിന്റെ ഇപ്പുറത്തും കയറുകയും ചെയ്തു. ഫ്രണ്ടില്‍ കയറിയ ആള്‍ എന്നോട് 15 മിനിറ്റിനകം മാഡത്തിനെ ലാല്‍ മീഡിയയില്‍ എത്തിക്കാമെന്നും ഞങ്ങള്‍ക്ക് ഈ ഡ്രൈവറെ മാത്രം മതിയെന്നും പറഞ്ഞു. പാലാരിവട്ടത്തേക്ക് പോകാതെ തന്നെ മറ്റൊരു വഴിയേ പോയി ലെഫ്റ്റ് തിരിഞ്ഞ് ഗ്രില്ലിട്ട ഗേറ്റിനുള്ളിലേക്ക് വണ്ടി കയറ്റി നിര്‍ത്തി. മുന്നിലിരുന്നയാള്‍ ഇറങ്ങുകയും മറ്റൊരാള്‍ വന്ന് ഡ്രൈവറെ ഇറക്കി കൊണ്ടു പോവുകയും ചെയ്തു. ടവ്വല്‍ കൊണ്ടു മുഖം മറച്ച ഒരാള്‍ ഡ്രൈവര്‍ സീറ്റില്‍ കയറി. അയാള്‍ വണ്ടി കാക്കനാട് ഭാഗത്തേക്ക് ഓടിച്ചു കൊണ്ടു പോയി. വലിയ ഒരു ബ്രിഡ്ജിന്റെ ഭാഗത്ത് എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി.

ഈ സമയങ്ങളിലൊക്കെ ഞങ്ങളുടെ വണ്ടിയിലിടിപ്പിച്ച വാന്‍ ഞങ്ങളുടെ കാറിനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. വണ്ടി നിര്‍ത്തി വണ്ടിയോടിച്ചിരുന്ന ആള്‍ പിറകില്‍ വന്ന് ഞാന്‍ ഇരുന്ന സീറ്റില്‍ കയറുകയും പിറകിലിരുന്ന ആളെ നീ പൊയ്‌ക്കോ എന്നു പറഞ്ഞ് മറ്റേ വണ്ടിയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. പുറകില്‍ വന്ന് കയറിയ ആളെ എനിക്ക് മുമ്പ് പരിചയമുണ്ട്. ഷൂട്ടിംഗിനായി ജനുവരിയില്‍ ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എന്നെ പിക്ക് ചെയ്യാന്‍ വന്നതും പിന്നീട് ഷൂട്ടിംഗ് തീരുന്നതു വരെ വണ്ടിയോടിച്ചതും അയാളായിരുന്നു. എന്റെ വണ്ടിയില്‍ വാനിടിച്ച സ്ഥലത്തു നിന്നും കയറിയ ആള്‍ കാറിന്റെ മുന്‍ സീറ്റില്‍ കയറി വണ്ടി തിരിച്ച് റോഡിലൂടെ ചുറ്റിക്കറങ്ങി ഓടിച്ചു കൊണ്ടിരുന്നു. പുറകില്‍ എന്നോടൊപ്പം ഇരുന്നയാള്‍ എനിക്ക് ഒരു ക്വട്ടേഷന്‍ ഉണ്ട്… (നടി)യുടെ നേക്കഡ് വീഡിയോ എടുത്തു കൊടുക്കണം. അല്ലെങ്കില്‍ എനിക്ക് പ്രശ്‌നമാണ്. സഹകരിച്ചാല്‍ 23 മിനിറ്റ് നീളമുള്ള വീഡിയോ എടുത്ത ശേഷം എത്തേണ്ട സ്ഥലത്ത് കൊണ്ടു ചെന്നു വിടാം. അല്ലെങ്കില്‍ ഡിഡി റിട്രീട്ട് ഫ്‌ളാറ്റില്‍ ഒരുപാട് ആളുകളുണ്ട് അവിടെ കൊണ്ടു പോയി ആക്കും. അവര്‍ എന്താണ് ചെയ്യുക എന്ന് പറയാന്‍ പറ്റില്ല. ഇന്‍ജക്ഷന്‍ കൊടുത്ത് മയക്കാനാണ് അവര്‍ എന്റെ അടുത്ത പറഞ്ഞിരുന്നത്. ഞാന്‍ അതൊന്നും ചെയ്യുന്നില്ല. അതു കൊണ്ട് പെട്ടെന്ന് സഹകരിക്കണം. എന്ന് എന്നെ ഭീഷണിപ്പെടുത്തി. എന്റെ ജീവിതം തകര്‍ക്കല്ലേ എന്നു പറഞ്ഞു ഞാന്‍ കരഞ്ഞു. സെന്റിമെന്റ്‌സ് ഒന്നും എന്റെയടുത്ത് കാണിക്കേണ്ട അതൊന്നും എന്റെ തലയില്‍ കയറില്ല എന്നു പറഞ്ഞ് വീണ്ടും എന്നെ ഭീഷണിപ്പെടുത്തി.

നിങ്ങളെ ഇറക്കിവിട്ട ശേഷം ഇത് (ചിത്രീകരിച്ച വീഡിയോ) എത്തേണ്ട സ്ഥലത്ത് ഞാന്‍ എത്തിച്ചു കൊള്ളാം. നാളെ രാവിലെ 10 മണിക്കു ശേഷം അവര്‍ വിളിച്ചു കൊള്ളും. ബാക്കി ഡീലിങ്‌സൊക്കെ അവര്‍ സംസാരിച്ചു കൊള്ളും. എന്നും അയാള്‍ എന്നോടു പറഞ്ഞു. എന്നോട് എന്റെ മൊബൈല്‍ നമ്പര്‍് അയാള്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കൊടുക്കാതിരുന്നപ്പോള്‍ അയാളുടെ ഫോണില്‍ എന്റെ മ്പര്‍ എന്നെ കൊണ്ട് ഭീഷണിപ്പെടുത്തി ടൈപ്പ് ചെയ്യിപ്പിച്ചു. എന്നോട് എവിടെ പോകണമെന്ന് ചോദിച്ചപ്പോള്‍ പടമുകളില്‍ വിട്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അവിടെയാരാണുള്ളത് എന്ന് ചോദിച്ചു. എന്റെ… ചേച്ചി ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. രാത്രി 11 മണിയോടെ കാര്‍ അവിടെ നിര്‍ത്തിച്ച് അവര്‍ വന്ന വാനില്‍ അവര്‍ കയറുകയും എന്റെ ഡ്രൈവര്‍ വന്ന് എന്റെ വണ്ടിയില്‍ കയറുകയും ചെയ്തു.

വണ്ടി പടമുകളിലുള്ള ലാലേട്ടന്റെ വീട്ടിലേക്ക് വിടാന്‍ പറഞ്ഞു. ഞാന്‍ ഇവിടെ വന്നപ്പോള്‍ ലാലേട്ടനും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഞാന്‍ അവരോട് ഉണ്ടായ വിവരങ്ങള്‍ പറഞ്ഞ് കരഞ്ഞു. ലാലേട്ടനാണ് പൊലീസില്‍ വിവരം പറഞ്ഞത്. എന്റെ വണ്ടിയെ ഫോളോ ചെയ്തു വന്ന വാനിന്റെ നമ്പര്‍ കെ.എല്‍. 8 എ-9338 ആണെന്നാണ് എന്റെ ഓര്‍മ്മ. അതൊരു കാറ്ററിംഗ് വാനായിരുന്നു. മുന്‍ഭാഗം വെള്ളയും ബാക്കി മഞ്ഞ കളറുമായിരുന്നു. എന്റെ വണ്ടിയോടിച്ചിരുന്ന കമ്പനിയുടെ ഡ്രൈവറോട് പേര് ചോദിച്ചപ്പോള്‍ മാര്‍ട്ടില്‍ എന്നാണ് പേരെന്ന് പറഞ്ഞു. മാര്‍ട്ടിനും കൂടി അറിഞ്ഞാണോ ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ എനിക്കൊന്നും അറിയില്ല എന്നു പറഞ്ഞു. ഞാന്‍ ലാലേട്ടനോട് വിവരങ്ങള്‍ പറഞ്ഞപ്പോഴാണ് എന്നെ ഉപദ്രവിച്ച ആളിന്റെ പേര് സുനില്‍ എന്നാണെന്ന് അറിഞ്ഞത്.

വണ്ടിയില്‍ കയറിയ ആളുകള്‍ തമ്മില്‍ സംസാരിച്ചതില്‍ നിന്നും ഒരാളുടെ പേര് പ്രദീപ് എന്നും മറ്റൊരാളുടെ പേര് അരുണ്‍ എന്നും പിന്നീട് അയാളെ സലീം എന്നും വിളിക്കുന്നുണ്ടായിരുന്നു. ആസിഫ് എന്ന് ഒരാള്‍ എന്നോട് പേര്‍ പറഞ്ഞയാളെ ഉണ്ണീ എന്നും അവര്‍ വിളിക്കുന്നുണ്ടായിരുന്നു. ഇവരെയെല്ലാം എനിക്ക് ഇനിയും കണ്ടാല്‍ അറിയാം. ഷൂട്ടിംഗിനായി വീട്ടില്‍ നിന്നും പുറപ്പെട്ട എന്നെ വഴിയില്‍ തടഞ്ഞു നിര്‍ത്തി എന്റെ കാറില്‍ ബലമായി അതിക്രമിച്ചു കയറി എന്നെ ഭീഷണിപ്പെടുത്തിയ ആളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം