കുട്ടിക്കടത്ത്; ബിജെ.പി ജനറല്‍ സെക്രട്ടറിയും എം.പിയും കുരുക്കില്‍

പശ്ചിമ ബംഗാളിലെ കുട്ടിക്കടത്ത് മാഫിയയെ നിയന്ത്രിച്ചിരുന്നത് ബി.ജെ.പി ദേശീയ നേതാക്കളായ രൂപ ഗാംഗുലിയും കൈലാഷ് വിജയ്വര്‍ഗീയയുമാണെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരി അറസ്റ്റിലായതിന് പിന്നാലെയാണ് ബി.ജെ.പി ദേശീയ നേതാക്കളുടെ പങ്ക് പുറത്തുവരുന്നത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയായ കൈലാഷ് വിജയ്വര്‍ഗീയയ്ക്കും പാര്‍ട്ടി വനിത വിഭാഗം പ്രസിഡന്റ് രൂപ ഗാംഗുലിക്കുമെതിരെ ഗുരുതര ആരോപണമുയര്‍ന്നത് കേന്ദ്രസര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കുന്ന സന്നദ്ധ സംഘടനകളായ ബിമല ശിശു ഗ്രിഹോ, നോര്‍ത്ത് ബംഗാള്‍ പീപ്പിള്‍സ് ഡെവലപ്‌മെന്റ് സെന്റര്‍, ആശ്രയ് എന്നിവയുടെ മറവിലായിരുന്നു രാജ്യാന്തര ബന്ധമുള്ള മാഫിയയുടെ പ്രവര്‍ത്തനം. ഇരുനേതാക്കളും ബിമല ശിശു ഗ്രിഹോയില്‍ സജീവ അംഗങ്ങളാണ്. രാഷ്ട്രീയ ബന്ധം മുതലെടുത്ത് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടും ലൈസന്‍സും സംഘടനകള്‍ കൈക്കലാക്കിയിരുന്നു. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെതടക്കം കോടിക്കണക്കിന് രൂപയുടെ ആനുകൂല്യവും ഇവര്‍ ക്ക് ലഭിച്ചു. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലെ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി 22.5 ലക്ഷം രൂപയാണ് അടുത്തിടെ ആശ്രയക്ക് ഗ്രാന്റ് നല്‍കിയത്. രൂപ ഗാംഗുലിയുടെയും വിജയ് വര്‍ഗീയയുടെയും ഇടപെടല്‍ മൂലമാണ് ഇത് സാധ്യമായതെന്നും പ്രത്യുപകാരമായി ഇരുവര്‍ക്കും പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കിയിരുന്നതായും ജൂഹി ചൗധരി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇരുനേതാക്കളുമായി ചൗധരി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പശ്ചിമബംഗാള്‍ കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി). വ്യക്തമായ തെളിവു ലഭിച്ചാല്‍ നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് നീക്കം. അതേസമയം രാജ്യത്തിനകത്തും പുറത്തുമായി 17 കുട്ടികളെ സംഘം വിറ്റതായി സി.ഐ.ഡി കണ്ടെത്തി. ഒരു വയസിനും 14 വയസിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ ഇതില്‍പ്പെടും. നിയമാനുസൃത ചട്ടങ്ങള്‍ പാലിച്ചുള്ള ദത്തു നല്‍കലാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു വിദേശികള്‍ക്കടക്കം സംഘം കുട്ടികളെ കൈമാറിയിരുന്നത്. കുട്ടികളെ കടത്തുന്നതിന് വ്യാജ രേഖകള്‍ നിര്‍മിച്ചത് ജൂഹിയുടെ സഹായത്തോടെയാണെന്ന് നേരത്തെ അറസ്റ്റിലായ ചന്ദന ചക്രബര്‍ത്തി മൊഴി നല്‍കിയിരുന്നു. ഇതിന് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്.