മലബാര്‍ സിമന്റ്‌സ് അഴിമതി. വ്യവസായി വി.എം.രാധാകൃഷ്ണന്‍ കീഴടങ്ങി. 

മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യവസായി വി.എം.രാധാകൃഷ്ണന്‍ കീഴങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പി എം.സുകുമാരന്‍ മുന്‍പാകെയാണ് രാധാകൃഷ്ണന്‍ കീഴടങ്ങിയത്. സിമന്റ്‌സിലെ ഫ്‌ളൈആഷ് കരാറില്‍ സിമന്റ്‌സിന് 52 ലക്ഷം രൂപ നഷ്ടം ഉണ്ടായ കേസിലാണ് നടപടി. രാധാകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. രാധാകൃഷ്ണന്‍ ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാകുമ്പോള്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.വിജിലന്‍സിനു മുന്നില്‍ കീഴടങ്ങിയ രാധാകൃഷ്ണനെ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

മുന്‍ എം.ഡി. പത്മകുമാര്‍ അടക്കം കേസില്‍ നാല് പ്രതികളാണുള്ളത്. കെ. പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റു ചെയ്തിട്ടുണ്ട്. മലബാര്‍ സിമന്റ്‌സ് ഉദ്യോഗസ്ഥരായ ജി. വേണുഗോപാല്‍, പ്രകാശ് ജോസഫ് എന്നിവര്‍ ചില കേസുകളില്‍ മുന്‍കൂര്‍ജാമ്യം നേടിയിട്ടുണ്ട്.

ഒമ്പതു വര്‍ഷത്തേക്ക് ഫ്‌ലൈ ആഷ് നല്‍കാന്‍ മലബാര്‍ സിമന്റ്‌സുമായി രാധാകൃഷ്ണന്റെ സ്ഥാപനമായ എ.ആര്‍.കെ. വുഡ് ആന്‍ഡ് മെറ്റല്‍സ് കരാറുണ്ടാക്കിയിരുന്നു. നാലു വര്‍ഷത്തിനുശേഷം അതിന് കെട്ടിവെച്ച ബാങ്ക് ഗാരണ്ടി തുക പലിശസഹിതം പിന്‍വലിച്ചു. ബാങ്ക് ഗാരണ്ടിയും പലിശയുമുള്‍പ്പെടെ 52.45 ലക്ഷം രൂപ പിന്‍വലിച്ചത് മലബാര്‍ സിമന്റ്‌സിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഇതിന് ഒത്താശചെയ്‌തെന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണം.