സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: വിനായകന്‍ നടന്‍, മാന്‍ഹോള്‍ മികച്ച ചിത്രം

തിരുവനന്തപുരം: 2016ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പ്രകടനത്തിന് വിനായകന്‍ മികച്ച നടനായി. രജിഷ വിജയന്‍ മികച്ച നടിയായി അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ പ്രകടനമാണ് രജിഷയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ ആണ് മികച്ച ചിത്രം. രാജ്യാന്തര ചലച്ചിത്ര മേളയിലും മാന്‍ഹോള്‍ പുരസ്‌കാരം നേടിയിരുന്നു. വിധുവിന് തന്നെയാണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം.

സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒഡീഷ സംവിധായകനും ഛായാഗ്രാഹകനുമായ എ.കെ ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.

സൂപ്പര്‍താരം മോഹന്‍ലാലിനോട് ഏറ്റുമുട്ടിയാണ് വിനായകന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മോഹന്‍ലാലിനെ പുരസ്‌കാരത്തിന് പരിഗണിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് കാവ്യ, റിമ കല്ലിങ്കല്‍ എന്നിവരോട് മത്സരിച്ചാണ് രജിഷ ആദ്യ ചിത്രത്തിന് തന്നെ പുരസ്‌കാരം നേടിയത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കാവ്യയെ പരിഗണിച്ചത്. കാട് പുക്കുന്ന നേരം എന്ന ചിത്രത്തിലെ പ്രകടനത്തിന് റിമയും പരിഗണിക്കപ്പെട്ടു.