പുതിയ മാര്‍ക്കറ്റിംഗ് തന്ത്രം; സംയുക്തയെയും ബിജുവിനെയും ജോഡിയാക്കുന്നു

കൊച്ചി: അഭിനയത്തിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് സംയുക്താവര്‍മ അഭിനയം നിര്‍ത്തിയത്. ഇപ്പോള്‍ കുടുംബ ജീവിതത്തില്‍ മാത്രമാണ് ശ്രദ്ധ. മലയാളസിനിമയില്‍ ക്ലീന്‍ ഇമേജുള്ള അപൂര്‍വം നായികമാരില്‍ ഒരാളാണ് സംയുക്താവര്‍മ. ബിജുമേനോനുമായി പ്രണയം തുടങ്ങിയ നാള്‍ മുതല്‍ കുടുംബജീവിതത്തെ കുറിച്ച് മാത്രമാണ് താരം ചിന്തിച്ചത്. ഇപ്പോള്‍ തൃശൂരിലെ വീട്ടില്‍ കഴിയുന്ന സംയുക്തയെ നായികയാക്കാനുള്ള ശ്രമത്തിലാണ് മലയാളത്തിലെ ചില സംവിധായകര്‍. മാര്‍ക്കറ്റിംഗ് തന്ത്രമെന്നനിലയില്‍ ബിജുമേനോനെ നായകനാക്കാനുമാണ് തീരുമാനം. ബിജുമേനോന് ഇതില്‍ എതിര്‍പ്പുമില്ല.

എന്നാല്‍ അഭിനയം ഉപേക്ഷിച്ചിട്ടില്ലെങ്കിലും തല്‍ക്കാലം വേണ്ടെന്ന നിലപാടിലാണ് സംയുക്തയെന്ന് അറിയുന്നു. മകന്‍ ജനിച്ച് കുറേ വര്‍ഷം കഴിഞ്ഞ് പല സംവിധായകരും സംയുക്താവര്‍മയെ സമീപിച്ചിരുന്നു. എന്നാല്‍ സമയമായില്ലെന്ന് പറഞ്ഞ് അവരെയെല്ലാം താരം സന്തോഷത്തോടെ പറഞ്ഞ് വിട്ടു. ഇപ്പോള്‍ അഭിനയിക്കുമെന്നോ, ഇല്ലെന്നോ താരം പറയുന്നില്ല. പൊതുചടങ്ങുകളിലും താരം വളരെ അപൂര്‍വമായേ പങ്കെടുക്കൂ. എന്നാല്‍ സംയുക്തയുടെ മനസില്‍ ഒരാഗ്രഹമുണ്ട്. ദേശീയ അവാര്‍ഡ്. അതിന് സ്‌കോപ്പുള്ള കഥാപാത്രങ്ങളോ, തിരക്കഥയോ ലഭിക്കുകയാണെങ്കില്‍ അഭിനയിക്കാന്‍ തയ്യാറാണ്. ബിജുമേനോനും എതിര്‍പ്പില്ല. എന്തായാലും ബിജുമേനോനുമായി അടുത്തബന്ധമുള്ള സംവിധായകരാണ് ഇരുവരെയും ജോഡികളാക്കാന്‍ നീക്കം നടത്തുന്നത്. ഈ വര്‍ഷം അവസാനം സിനിമ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.