താരങ്ങള്‍ അഡ്വാന്‍സ് വാങ്ങിക്കൂട്ടുന്നു; പലിശ മാത്രം കോടികള്‍

തിരുവനന്തപുരം: രണ്ടായിരത്തിന്റെ പകുതിവരെ സിനിമയ്ക്ക് നിര്‍മാതാവിനെ കണ്ടെത്തുക എന്നത് വലിയ പ്രയാസമായിരുന്നു. സൂപ്പര്‍സ്റ്റാറാണെങ്കിലും മാര്‍ക്കറ്റില്ലെങ്കില്‍ വിതരണക്കാര്‍ തിരിഞ്ഞ് നോക്കില്ല, തിയേറ്റര്‍ അഡ്വാന്‍സും കിട്ടില്ല.

അങ്ങനെയിരിക്കുമ്പോഴാണ് ചാനലുകള്‍ തമ്മിലുള്ള മല്‍സരം ആരംഭിച്ചത്. എന്ത് വില കൊടുത്തും ഏത് ചപ്പും ചവറും വാങ്ങാനവര്‍ തയ്യാറായി. അങ്ങനെ സിനിമ തിയേറ്ററില്‍ ഓടിയില്ലെങ്കിലും പ്രശ്നമില്ല എന്ന അവസ്ഥയെത്തി. എന്നിലിന്ന് അങ്ങനെയല്ല. തിയേറ്ററില്‍ ഓടുന്ന സിനിമകള്‍ക്ക് മാത്രമേ സാറ്റലൈറ്റ് അവകാശം ലഭിക്കൂ. പക്ഷെ, ഒരു കാര്യത്തില്‍ മാത്രം മാറ്റം വന്നു. താരങ്ങളുടെ ഡേറ്റുണ്ടെങ്കില്‍ നിര്‍മാതാക്കളെ കിട്ടും.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, ദുല്‍ഖര്‍, നിവിന്‍, കുഞ്ചാക്കോബോബന്‍, ജയസൂര്യ, ബിജുമേനോന്‍ എന്നിവരുടെ ഡേറ്റുണ്ടെങ്കില്‍ നിര്‍മാതാക്കള്‍ ക്യൂ നില്‍ക്കും. ഒരുവര്‍ഷം അഞ്ചോ, ആറോ സിനിമകളില്‍ കൂടുതല്‍ ഇവര്‍ക്കൊന്നും അഭിനയിക്കാന്‍ കഴിയില്ല. നിര്‍മാതാക്കളും സംവിധായകരും അഡ്വാന്‍സുമായി ക്യൂ നില്‍ക്കുമ്പോള്‍ ആരെങ്കിലും വേണ്ടെന്ന് പറയുമോ. അഡ്വാന്‍സ് വാങ്ങി കരാറൊപ്പിടും. പടം എന്ന് നടക്കുമെന്ന് ഉറപ്പ് നല്‍കില്ല. ചിലപ്പോ 2020 ആകുമെന്ന് പറയും. എന്നാല്‍ ഇതിനിടെ ഏതെങ്കിലും പടം മാറിയാല്‍ ആ ഗ്യാപ്പില്‍ ചെയ്യാമെന്ന് മോഹിപ്പിക്കുകയും ചെയ്യും. പാവം സംവിധായകരും നിര്‍മാതാക്കളും അതില്‍ വീഴും.

മിനിമം 25 ലക്ഷം മുതല്‍ ഒരു കോടിവരെയാണ് താരങ്ങള്‍ അഡ്വാന്‍സ് വാങ്ങുന്നത്. അഡ്വാന്‍സ് വാങ്ങി രണ്ട് വര്‍ഷം മുതല്‍ നാല് വര്‍ഷം വരെ കഴിഞ്ഞാണ് പടം നടക്കുന്നത്. ഇക്കാലത്തിനിടെ 20 പടങ്ങളുടെ അഡ്വാന്‍സിന്റെ പലിശ മാത്രം കണക്ക് കൂട്ടിയാല്‍ കോടികളാണ് ഒന്നുമറിയാതെ കീശയിലെത്തുന്നത്. ഇനി ആരെങ്കിലും അഡ്വാന്‍സ് തിരികെ വാങ്ങിയാലോ പലിശ നല്‍കില്ല.

മാത്രമല്ല അവര്‍ക്ക് നല്‍കാനിരുന്ന ഡേറ്റ് താരങ്ങളുടെ കൂടെയുള്ള ഉപഗ്രഹങ്ങള്‍ക്ക് നല്‍കിയിട്ട്, അവരെ കൊണ്ട് ഏതെങ്കിലും നിര്‍മാതാവിന് ഡേറ്റ് മറിച്ച് വില്‍ക്കും. ഇതേക്കുറിച്ച് ചോദിക്കാനും പറയാനും നിര്‍മാതാക്കളുടെ സംഘടന തയ്യാറാകുന്നില്ല.