രണ്‍ജിപണിക്കര്‍ നിര്‍മാതാവാകുന്നു

 തിരുവനന്തപുരം: തിരക്കഥാകൃത്തായി സിനിമയില്‍ വന്ന് സംവിധായകനും നടനുമായി രണ്‍ജിപണിക്കര്‍ നിര്‍മാതാവും വിതരണക്കാരനുമാകുന്നു. അതിന്റെ ആദ്യപടിയായി പൃഥ്വിരാജ് ഓണച്ചിത്രം ആദം ജോണ്‍ വിതരണത്തിനെടുത്തു. രണ്‍ജിപണിക്കര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് എന്നാണ് കമ്പനിയുടെ പേര്. മകന്‍ നിഥിന്റെ സിനിമകളും നിര്‍മിക്കുകയാണ് പണിക്കരുടെ ലക്ഷ്യം. തിരക്കഥാകൃത്തായും സംവിധായകനായും പ്രവര്‍ത്തിച്ച കാലത്തെങ്ങും കിട്ടാത്ത പ്രതിഫലമാണ് ഇപ്പോള്‍ പണിക്കര്‍ക്ക് ലഭിക്കുന്നത്. ഇത് സിനിമയില്‍ തന്നെ നിക്ഷേപിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. സാധാരണ സിനിമാക്കാര്‍ റിയല്‍ എസ്റ്റേറ്റിലും മറ്റുമാണ് പണം ഇന്‍വെസ്റ്റ് ചെയ്യുന്നത്.
 മലയാളസിനിമയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ തിരക്കുള്ള നടനാണ് ഈ ബഹുമുഖ പ്രതിഭ. ഇതിനിടയില്‍ പുതിയ സിനിമയ്ക്ക് തിരക്കഥയും തയ്യാറാക്കി. സൂര്യാ ടി.വിയില്‍ ഷോയും അവതരിപ്പിക്കുന്നു. അതാണ് ടൈറ്റില്‍ ടൈം എന്ന് ചേര്‍ത്തത്. പോയ വര്‍ഷം 12 ചിത്രങ്ങളാലാണ് അദ്ദേഹം അഭിനയിച്ചത്. ഏറ്റവും ശ്രദ്ധേയമായത് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ടൈറ്റില്‍ വേഷം തന്നെ. ശരിക്കും തന്റെ ശരീരഭാഷയെ ഉടച്ച് വാര്‍ത്താണ് അതിലെ ക്ളൈമാക്സില്‍ രണ്‍ജി അഭിനയിച്ചിരിക്കുന്നത്. ലേലത്തിന്റെ രണ്ടാംഭാഗത്തിന് തിരക്കഥ എഴുതാന്‍ പോവുകയാണ്.
സ്വഭാവനടനായി രണ്‍ജി പണിക്കര്‍ അരങ്ങ് വാഴുമ്പോള്‍ മുമ്പ് ഇത്തരം വേഷങ്ങള്‍ ചെയ്തിരുന്ന പല നടന്‍മാര്‍ക്കും ഭീഷണിയായി. സിദ്ധിഖും വിജയരാഘവനും തങ്ങളുടെ പ്രതിഫലം കുറച്ചിട്ടും പലരും വിളിക്കാതിരിക്കുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ വേഷമാണ് ഏറെക്കാലത്തിന് ശേഷം സിദ്ധിഖിന് കിട്ടിയ നല്ല വേഷം. ലാലുഅലക്സിനെ കാണാനേയില്ല. വിജയരാഘവന് വേട്ടയില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം നല്ലൊരു വേഷം ലഭിച്ചത്. സിനിമ ക്ലിക്കാകാത്തത് കൊണ്ട് വേഷവും ആരും ശ്രദ്ധിച്ചില്ല.