പിണറായിക്ക് വേണ്ടി സാല്‍വെയെ എത്തിച്ചത് ബഹ്‌റ

പീഡനകാലത്ത് കസേര സംരക്ഷിക്കാനെന്ന് ആക്ഷേപം

അഭിഭാഷകനെ കണ്ടത് പരിചയം പുതുക്കാനെന്ന് ഡി.ജി.പി 

സാല്‍വെ- ബഹ്‌റ കൂടിക്കാഴ്ച വിവാദമാക്കാന്‍ പ്രതിപക്ഷം 

കൊച്ചി: ലാവ്‌ലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ സംസ്ഥാനത്തെത്തിച്ചതിന് പിന്നില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയെന്ന് സൂചന.

കൊച്ചിയിലെ ഹോട്ടലില്‍ തങ്ങുന്ന ഹരീഷ് സാല്‍വെയെ പിണറായി വിജയന്‍ കണ്ടതിന് പിന്നാലെ ബഹ്‌റയും സന്ദര്‍ശിച്ചു. ഇതുതന്നെയാണ് സാല്‍വെയെ എത്തിച്ചതിന് പിന്നില്‍ ബഹ്‌റയാണെന്ന സംശയം ബലപ്പെടുത്തുന്നത്. അതേസമയം താനുമായി ബന്ധപ്പെട്ട ഒരു കേസില്‍ പണ്ട് ഹാജരായതിന്റെ പരിചയത്തിലായിരുന്നു കൂടിക്കാഴ്ചയെന്നാണ് ബഹ്‌റ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

ലാവ്‌ലിന്‍ കേസില്‍ 2009-ല്‍ ഹരീഷ് സാല്‍വെ സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്നു. എന്നാല്‍ ഇന്ന് ഹാജരാകുന്നത് പ്രതിയായ പിണറായി വിജയന് വേണ്ടിയാണ്. നേരത്തെ ഈ കേസില്‍ പിണറായിക്കു വേണ്ടി ഹാജരായിരുന്നത് അദ്ദേഹത്തിന്റെ വ്ിശ്വസ്തനായ എം.കെ ദാമോദരനായിരുന്നു. എന്നാല്‍ ഇത്തവണ ബെഹ്റയുടെ ഉപദേശപ്രകാരമാണ് സാല്‍വയെ ലക്ഷങ്ങള്‍ മുടക്കി കേരളത്തിലെത്തിച്ചതെന്നാണ് സൂചന. നേരത്തെ സര്‍ക്കാരിന് വേണ്ടി ഹാജരായപ്പോള്‍ 30 ലക്ഷം രൂപയാണ് സാല്‍വെ ഫീസായി ഈടാക്കിയത്.

അതേസമയം മുഖ്യമന്ത്രി പ്രതിയായ അഴിമതിക്കേസില്‍ സംസ്ഥാന പൊലീസ് മേധാവി ഇടപെടുന്നത് ശരിയല്ലെന്ന നിലപാടിലാണ് യു.ഡി.എഫും ബ.ജെ.പിയും. സംസ്ഥാനത്ത് ദിനംപ്രതി സ്ത്രീപീഡനങ്ങളും നിയമലംഘനങ്ങളും തുടരുന്ന സാഹചര്യത്തില്‍ ഡി.ജി.പി സ്ഥാനത്ത് നിന്ന് ബഹ്‌റയെ നീക്കണമെന്ന് സി.പി.എം നേതാക്കള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ബഹ്‌റ മുഖ്യമന്ത്രിക്ക് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. നാടുനീളെ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ സംസ്ഥാന പൊലീസ് മേധാവി കൊച്ചിയിലെത്തി മുഖ്യമന്ത്രിയുടെ അഭിഭാഷകനുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയത് സ്വകാര്യ സന്ദര്‍ശനം മാത്രമാണെന്ന് മറ്റുള്ളവര്‍ വിശ്വസിക്കുമോയെന്നതും സംശയമാണ്.