അമേരിക്കയില്‍ മുസ്ലിം വേട്ട തുടരുന്നു: 67 % വര്‍ദ്ധനയെന്ന് എഫ്.ബി.ഐ

Criminal defense attorney and founder of the American Muslim Women's Political Action Committee Mirriam Seddiq.
Criminal defense attorney and founder of the American Muslim Women’s Political Action Committee Mirriam Seddiq.

വാഷിങ്ടണ്‍: യുഎസില്‍ കഴിഞ്ഞവര്‍ഷം മുസ്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങള്‍ 67 ശതമാനം വര്‍ധിച്ചതായി എഫ്ബിഐ വാര്‍ഷിക റിപോര്‍ട്ട്. ലോക വ്യാപാരകേന്ദ്രം ആക്രമിക്കപ്പെട്ട 2001 സപ്തംബര്‍ 11ന് ശേഷം മുസ്‌ലിംകള്‍ ഏറ്റവും അധികം ആക്രമണങ്ങള്‍ നേരിടേണ്ടിവന്ന വര്‍ഷമാണ് 2015. കഴിഞ്ഞവര്‍ഷം രാജ്യത്ത് 5,850 വിദ്വേഷ സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. 2014ല്‍ 5,479 ആയിരുന്നു.
ഇതില്‍ 57 ശതമാനവും വംശീയവും ജാതീയവുമായി ബന്ധപ്പെട്ടായിരുന്നു. വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഏഴു ശതമാനത്തോളം വര്‍ധനവുണ്ടായിട്ടുണ്ടെന്നും അതില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിലെ വന്‍ വര്‍ധനവ് ആശങ്കയുളവാക്കുന്നതാണെന്നും എഫ്ബിഐ റിപോര്‍ട്ട് വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങളില്‍ 20 ശതമാനം മതവുമായി ബന്ധപ്പെട്ടതാണ്.
2014ല്‍ മുസ്‌ലിംകള്‍ക്കെതിരേ 154 വിദ്വേഷപ്രകടന സംഭവങ്ങളുണ്ടായപ്പോള്‍ 2015ല്‍ അത് 257 ആയി ഉയര്‍ന്നു. മുസ്‌ലിംകളെ പോലെ ജൂതര്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും എതിരെയുള്ള ആക്രമണങ്ങളിലും കഴിഞ്ഞവര്‍ഷം വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം, എഫ്ബിഐ റിപോര്‍ട്ട് യഥാര്‍ഥ വസ്തുത വെളിപ്പെടുത്തുന്നതല്ലെന്ന് അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സിലില്‍നിന്നുള്ള ഇബ്രാഹിം ഹൂപ്പര്‍ ആരോപിക്കുന്നു. കഴിഞ്ഞവര്‍ഷം മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ആക്രമണം കുത്തനെ വര്‍ധിച്ചിരുന്നതായും ഹൂപ്പര്‍ പറഞ്ഞു. ഇസ്‌ലാമോഫോബിയ ഫലപ്രദമായി ചൂഷണം ചെയ്ത ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതോടെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുമെന്നു ഭയപ്പെടുന്നതായും ഹൂപ്പര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഹിജാബ് നീക്കിയില്ലെങ്കില്‍ ജീവനോടെ കത്തിക്കുമെന്ന് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവതി ഷിക്കാഗോ പോലിസില്‍ പരാതിനല്‍കിയിട്ടുണ്ട്.