മലയാളിക്ക് അഭിമാനിക്കാം! കേരളം അഴിമതി കുറവുള്ള സംസ്ഥാനം; സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് പഠനം

ദില്ലി: രാജ്യത്തെ അഴിമതി കുറവുള്ള സംസ്ഥാനങ്ങളില്‍ കേരളം മുന്‍നിരയില്‍. ദില്ലിയിലെ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് അഴിമതി സംബന്ധിച്ച് നടത്തിയ പഠനത്തില്‍ ഏറ്റവും അഴിമതി കുറവുള്ളത് ഹിമാചല്‍പ്രദേശിലാണെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2016-17 കാലഘട്ടത്തില്‍ മൂന്നു ശതമാനം മാത്രമാണ് ഹിമാചലിലെ അഴിമതി നിരക്ക്. കേരളത്തില്‍ ഇത് നാലു ശതമാനമാണ്. എന്നാല്‍ കര്‍ണാടകയിലെ അഴിമതി നിരക്ക് 77 ശതമാനമാണ്. തൊട്ടുപിന്നില്‍ ആന്ധ്രാപ്രദേശാണ്. ഇവിടെ 74 ശതമാനമാണ് അഴിമതി. തമിഴ്നാട്ടില്‍ ഇത് 68 ശതമാനമാണ്.

രാജ്യത്ത് ഏറ്റവുമധികം അഴിമതി നടക്കുന്നത് പൊലീസിലാണെന്നാണ് റിപ്പോര്‍ട്ട്. പൊലീസില്‍ 34 ശതമാനമാണ് അഴിമതി നിരക്ക്. 2005ല്‍ ഇത് 74 ശതമാനമായിരുന്നു. അതുവെച്ച് നോക്കുമ്പോള്‍ പൊലീസിലെ അഴിമതി നിരക്ക് കുറയുന്നുവെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. അതുകഴിഞ്ഞാല്‍ ഭൂമി/ഹൗസിങ് മേഖലയാണുള്ളത്. ജുഡീഷ്യറിയില്‍ 18 ശതമാനം അഴിമതിയുണ്ട്. നികുതി, പൊതുവിതരണം തുടങ്ങിയ മേഖലകളാണ് അഴിമതിയുടെ കാര്യത്തില്‍ തൊട്ടുപിന്നിലുള്ളത്.

2005നെ അപേക്ഷിച്ച് 2016-17 കാലഘട്ടത്തില്‍ അഴിമതി നിരക്ക് രാജ്യത്ത് പൊതുവെ കുറഞ്ഞതായാണ് പഠനത്തില്‍ വ്യക്തമായത്. 2005ല്‍ രാജ്യത്ത് കൈക്കൂലിയായി 20500 കോടി രൂപ നല്‍കിയിരുന്നെങ്കില്‍ 2016ല്‍ ഇത് 6350 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. 20 സംസ്ഥാനങ്ങളിലെ ഗ്രാമ-നഗര മേഖലകളില്‍ നടത്തിയ പഠനത്തിലാണ് അഴിമതി സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് സെന്റര്‍ ഫോര്‍ മീഡിയ സര്‍വ്വീസ് തയ്യാറാക്കിയിരിക്കുന്നത്.