പീഡനത്തിനിരയായ യുവതിക്ക് ഗര്‍ഭഛിത്രത്തിന് അനുമതി

കൊച്ചി: പീഡനത്തിനിരയായ യുവതിയുടെ അഞ്ച് മാസത്തിലേറെ എത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈകോടതിയുടെ അനുമതി. ഭ്രൂണവളര്‍ച്ച 20 ആഴ്ചയിലേറെ കഴിഞ്ഞ ഗര്‍ഭം അലസിപ്പിക്കാന്‍ നിയമ തടസ്സമുണ്ടെങ്കിലും ഗര്‍ഭാവസ്ഥ തുടരുന്നതും പ്രസവവും യുവതിയുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്ന സാധ്യത മുന്‍നിര്‍ത്തിയാണ് അലസിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയത്. ഇതിന് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
കാമുകന്‍ വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ കാസര്‍കോട് സ്വദേശിനിയാണ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി കോടതിയിലത്തെിയത്. മേയ് 14ന് കാമുകന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതിയുടെ പരാതി പ്രകാരം അയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഗര്‍ഭം അലസിപ്പിക്കാനുള്ള യുവതിയുടെ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. കാസര്‍കോട് സര്‍ക്കാര്‍ ആശുപത്രിയെയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിനെയും സമീപിച്ചെങ്കിലും അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഹൈകോടതിയിലത്തെിയത്.
തനിക്ക് വളരെ അടുപ്പമുണ്ടായിരുന്നയാള്‍ വിവാഹവാഗ്ദാനം നല്‍കി ചതിക്കുകയായിരുന്നെന്നും അതിനാല്‍ തന്റെ ഗര്‍ഭത്തെ മാനസികമായി അംഗീകരിക്കാനാവുന്നില്‌ളെന്നും യുവതി ചൂണ്ടിക്കാട്ടി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രിഗ്‌നന്‍സി ആക്ട് 1971 പ്രകാരം ഗര്‍ഭം അലസിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നിരിക്കെ ഇത് സാധ്യമാണോയെന്നാണ് കോടതി പരിഗണിച്ചത്.
അവസാനം, യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 20 ആഴ്ചയില്‍ കൂടുതല്‍ വളര്‍ച്ചയത്തെിയ ഭ്രൂണത്തെ നശിപ്പിക്കാന്‍ അനുമതി നല്‍കാമെന്ന് വിലയിരുത്തിയാണ് ഹരജിക്കാരിക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചത്. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഭ്രൂണത്തിന്റെ ഡി.എന്‍.എ പരിശോധനക്കുള്ള ഘടകങ്ങള്‍ ശേഖരിച്ചശേഷമേ അലസിപ്പിക്കാവൂ. റിപ്പോര്‍ട്ട് കേസന്വേഷണത്തില്‍ തെളിവായി സ്വീകരിക്കണമെന്ന് കാസര്‍കോട് വിദ്യാനഗര്‍ സി.ഐയോടും കോടതി നിര്‍ദേശിച്ചു.