മണിപ്പൂര്‍ സമരനായിക ഇറോം ഷര്‍മ്മിള വിവാഹിതയാകുന്നു. ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിനോയാണ് വരന്‍. ഇപ്പോള്‍ തമിഴ്നാട്ടിലെ മധുരയില്‍ വിശ്രമത്തില്‍ കഴിയുകയാണ് ഇറോം ഷര്‍മ്മിള. വിവാഹം കേരളത്തില്‍ വെച്ച് നടത്തണമെന്നാണ് ഇരുവരുടെയും ആഗ്രഹം.
എട്ടുവര്‍ഷം നീണ്ട പ്രണയമാണ് ഇറോം ഷര്‍മ്മിളയും ഡെസ്മണ്ട് കുടിനോയും തമ്മില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂരില്‍ വെച്ചാണ് കുടിനോ ഇറോമിനെക്കുറിച്ച് കേള്‍ക്കുന്നത്. പിന്നീട് ഇവര്‍ പരിചയപ്പെട്ടു. പ്രണയമായി. എന്നാല്‍ മണിപ്പൂരി ജനതയ്ക്കായുള്ള പോരാട്ടത്തിനിടയില്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല ഇറോം.
പക്ഷേ, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം ഇറോമിനെ വല്ലാതെ ഒറ്റപ്പെടുത്തി. സ്വന്തം ജനത തിരസ്‌കരിച്ചതിന്റെ വേദനയില്‍ ആശ്വാസം തേടി കേരളത്തിലെത്തിയ ഇറോം വിവാഹത്തിന് മാനസികമായി തയ്യാറെടുത്തു. വിദേശത്തുള്ള ഡെസ്‌മെണ്ടോയുടെ അടുത്തുപോകാന്‍ പാസ്‌പോര്‍ട്ടിനായി നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും അധികൃതര്‍ അനുമതി നല്‍കിയില്ല.
അങ്ങനെയാണ് വിവാഹം ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചത്. ഇറോം ഷര്‍മ്മിള ഇപ്പോള്‍ മധുരയിലാണ് ഉള്ളത്. ഡെസ്‌മെണ്ടോയും മധുരയിലെത്തിയിട്ടുണ്ട്. ഇരുവരും കേരളത്തിലെത്തി വിവാഹിതരാകും എന്നാണ് തീരുമാനം. എന്നാല്‍ എന്നാണ് വിവാഹമെന്ന് ഇരുവരും മനസ്സ് തുറക്കുന്നില്ല. എന്തായാലും, വിവാഹത്തിന് കേരളം വേദിയാകുന്നതില്‍ അതിയായ സന്തോഷത്തിലാണ് ഇറോമിനെ ഏറെ സ്‌നേഹിക്കുന്ന മലയാളികള്‍.