കോടനാട് കൊലക്കേസില്‍ പോലീസ് വിവരങ്ങള്‍ ചോര്‍ത്തിയത് ആരെ സംരക്ഷിക്കാന്‍?

പാലക്കാട് : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അവധിക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ കൊലപാതകക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ കേരളാ പോലീസ് വിവരങ്ങള്‍ ചോര്‍ത്തിയതായി വാര്‍ത്ത.
തമിഴ്നാട് പോലീസ് നല്‍കിയ വിവരങ്ങള്‍ ദുരുപയോഗം ചെയ്താണ് കേസിലുള്‍പ്പെട്ട രണ്ടു പ്രതികളുടെ അറസ്റ്റ് ഇവിടെ രേഖപ്പെടുത്തിയതെന്നാണ് ആക്ഷേപം. വിവരശേഖരണത്തിനായി തമിഴ്നാട് ക്രൈം സ്‌ക്വാഡ് സമീപിച്ച മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സര്‍ക്കിള്‍ പരിധിയിലെ ഒരു എ.എസ്.ഐയാണ് വാഹന ഉടമയായ സുഹൃത്തിനുവേണ്ടി ചരടുവലിച്ചത്.

കേസില്‍ തമിഴ്നാട് പോലീസ് തെരഞ്ഞെത്തിയ പ്രതികളെ ഇവിടെ നിസാര കേസില്‍ കുടുക്കിയിട്ടത് തെറ്റായ കീഴ്വഴക്കമാണ്.
കഴിഞ്ഞമാസം 23- ന് അര്‍ധരാത്രിക്കുശേഷമാണ് ഊട്ടിയിലെ ബംഗ്ലാവില്‍ കവര്‍ച്ചയും കാവല്‍ക്കാരന്റെ കൊലപാതകവും നടന്നത്.

സംഭവത്തില്‍ ഉള്‍പ്പെട്ട ഫോഡ് എന്‍ഡേവര്‍ കാര്‍ സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നു തിരിച്ചറിഞ്ഞു. കാര്‍ ഉടമ മലപ്പുറം എടവണ്ണ സ്വദേശിയാണെന്ന് കണ്ടെത്തിയ തമിഴ്നാട് സംഘം വിവരശേഖരണത്തിനായാണ് മലപ്പുറത്തെ ക്രൈം സ്‌ക്വാഡിലുള്ള എ.എസ്.ഐയെ വിളിച്ചത്.

അന്വേഷണത്തിനായി കാര്‍ ഉടമയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിക്കാനായിരുന്നു ശ്രമം. കാര്‍ ഉടമ സുഹൃത്താണെന്ന് സമ്മതിച്ച ഉദ്യോഗസ്ഥന്‍ മൊബൈല്‍ നമ്പര്‍ കൈവശമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു. ഇതിനു പിന്നാലെ വാടകയ്ക്ക് എടുത്ത കാര്‍ തിരിച്ചുനല്‍കിയില്ലെന്ന് ഉടമ അരീക്കോട് സ്റ്റേഷനില്‍ പരാതിപ്പെട്ടു. കോടനാട് ബംഗ്ലാവിലെ കവര്‍ച്ചയ്ക്കായി അരീക്കോട് കുനിയില്‍ സ്വദേശിയുടെ ഇന്നോവ കാറും ഉപയോഗിച്ചിരുന്നു.

ഈ രണ്ടുകാറും കവര്‍ച്ചാസംഘത്തിനു വേണ്ടി സംഘടിപ്പിച്ചത് മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ സ്വദേശി ജിതിന്‍ ജോയി(19)യാണെന്ന് പറയുന്നു. കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ജിതിനില്‍ എത്തുമെന്ന് ഉറപ്പുള്ളതിനാല്‍ തമിഴ്നാട് പോലീസിന്റെ പിടിയെത്തും മുമ്പേ ജിതിനെ മറ്റൊരു സ്റ്റേഷന്‍ പരിധിയിലുള്ള സ്‌ക്വാഡിനു മുന്നില്‍ ഹാജരാക്കി നല്‍കി. കോടനാട് കേസിലെ പ്രതി കസ്റ്റഡിയിലായെന്ന് ഒരു പ്രമുഖപത്രത്തില്‍ വാര്‍ത്തയും വന്നു.

അന്വേഷണ സംഘം പ്രതിയെ തമിഴ്നാട് പോലീസിന് കൈമാറണോ അറസ്റ്റ് രേഖപ്പെടുത്തണോ എന്നതു സംബന്ധിച്ച് തീരുമാനത്തിലെത്തും മുമ്പു തന്നെ വാര്‍ത്ത നല്‍കിയതിനു പിന്നിലും ഇതേ ഉദ്യോഗസ്ഥനാണെന്ന് സൂചനയുണ്ട്. സാധാരണ വാഹനം കാണാനില്ലെന്ന പരാതികളില്‍ വണ്ടി പണയം വെച്ചതാണോ, തട്ടിയെടുത്തതാണോ, മാസഅടവു തെറ്റി പിടിച്ചെടുത്തതാണോ എന്നിവയൊക്കെ പരിശോധിച്ചശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്യുക.

എന്നാല്‍, ഈ കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനെടുത്ത തിടുക്കവും സംശയകരമാണ്.
കോടനാട് കേസിലെ മറ്റൊരു മുഖ്യപ്രതിയായ ജംഷീര്‍ അലിയെയും വാഹനത്തട്ടിപ്പു കേസില്‍ കൂട്ടുപ്രതിയാക്കി. ഇരുവരെയും നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. ഇന്നോവ കാര്‍ തമിഴ്നാട് പോലീസ് സംഘം പിടിച്ചെടുത്തെങ്കിലും എന്‍ഡേവര്‍ കാര്‍ അരീക്കോട് പോലീസിന്റെ കസ്റ്റഡിയിലായി. ഇനി പ്രതികളെയും കാറും വിട്ടുകിട്ടാന്‍ തമിഴ്നാട് പോലീസ് കോടതി മുഖേന അപേക്ഷ നല്‍കണം. തമിഴ്നാട് പോലീസ് നല്‍കിയ വിവരം ദുരുപയോഗം ചെയ്ത ഉദ്യോഗസ്ഥന്‍ അവധിയെടുത്ത് മഹാരാഷ്ട്രയിലേക്ക് പോയതായി വിവരമുണ്ട്.

കേസ് അന്വേഷണത്തില്‍ സത്യസന്ധമായ നിലപാട് സ്വീകരിക്കാതിരുന്ന ഈ ഉദ്യോഗസ്ഥനെ തമിഴ്നാട് ക്രൈം സ്‌ക്വാഡിന്റെ വാട്സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി. ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കേരളം, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്ര സംസ്ഥാനങ്ങളിലെയും ക്രൈം സ്‌ക്വാഡ് അംഗങ്ങളെ ഉള്‍പ്പെടുത്തി തമിഴ്നാട് കേന്ദ്രീകരിച്ച് രൂപീകരിച്ചിരുന്ന വാട്സ് ആപ് ഗ്രൂപ്പില്‍ നിന്നാണ് ഇയാളെ പുറത്താക്കിയത്.