നന്തൻകോട് കൂട്ടക്കൊല: പ്രതി കേഡലിന് വിചാരണ നേരിടാൻ ആവില്ലെന്ന് പ്രോസിക്യൂഷൻ

നന്തൻകോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡൽ ജീൻസൺ രാജ വിചാരണ നേരിടാൻ സജ്ജനല്ലെന്ന് പ്രോസിക്യൂഷൻ. പ്രതി കേഡലിന് സ്‌ക്രീസോഫ്രീനിയ ആണെന്ന് മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേഡലിന്റെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ കേഡലിനെ ചികിത്സിച്ച ഡോക്ടർ കോടതിയിൽ ഹാജരാകണമെന്ന് മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

2017 ഏപ്രില്‍ ഒമ്പതിനാണ് നന്തൻകോട് ക്ലിഫ്ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ താമസിക്കുന്ന വിവിഐപി മേഖലയിലെ വീട്ടിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ കേഡലിനെ തമ്പാനൂര്‍ റെയിൽവേ സ്‌റ്റേഷനില്‍ നിന്ന് റെയില്‍വേ പൊലീസാണ് പിടികൂടിയത്. മനഃശാസ്ത്ര വിദഗ്ദരുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നത്. കൊലക്ക് പിന്നില്‍ ചെകുത്താന്‍ സേവയാണെന്നായിരുന്നു ആദ്യം പുറത്ത് വന്നിരുന്ന വിവരം. എന്നാൽ പിതാവിനോടുള്ള വ്യക്തിവൈരാഗ്യം മൂലമാണ് കൊല നടത്തിയത് എന്നും കേഡൽ പറഞ്ഞിരുന്നു.