ഭാര്യയെ കെട്ടിയിട്ട ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

ലക്‌നോ: ഭാര്യയെ കെട്ടിയിട്ട് യുവാവ് തൂങ്ങി മരിച്ചു. യു.പി സ്വദേശി 24കാരനായ റിസ്വാനാണ് തൂങ്ങി മരിച്ചത്. ഖസിയാബാദിലെ ഖോദയിലാണ് സംഭവം. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് വീട്ടുകാരെ എതിര്‍ത്ത് പ്രണയിച്ച് വിവാഹം ചെയ്തവരാണ് റിസ്വാനും – നസ്രിനും. സ്ഥിരമായൊരു ജോലി ഇല്ലാതിരുന്ന റിസ്വാന്‍ വിഷാദത്തിന് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. നോയിഡയിലെ ഒരു ഫാക്ടറിയില്‍ താത്കാലിക ജോലി ചെയ്യുകയായിരുന്നു റിസ്വാന്‍.

വെള്ളിയാഴ്ച വൈകീട്ട് നാലിന് ജോലി കഴിഞ്ഞെത്തിയ റിസ്വാന്‍ തനിക്ക് നല്ല സുഖം തോന്നുന്നില്ലെന്ന് ഭാര്യയെ അറിയിച്ചിരുന്നു. എന്നാല്‍ നല്ല ജോലി ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജോലി ലഭിച്ചില്ലെങ്കില്‍ ഇനിയും കഷ്ടപ്പെടേണ്ടി വരുമെന്നും നസ്രിന്‍ റിസ്വാനെ അറിയിച്ചു.

തര്‍ക്കം ഉണ്ടായ ശേഷം റിസ്വാന്‍ നസ്രിന്റെ കൈകള്‍ കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കൈകളിലെ കെട്ടഴിച്ച നസ്രിന്‍, ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയും ആളുകളെ വിളിച്ചുകൂട്ടുകയും ചെയ്തു. റിസ്വാന്‍ പിടഞ്ഞുമരിക്കുന്നതു കണ്ടതോടെ ബോധരഹിതയായി എന്നും നസ്രിന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

റിസ്വാനും നസ്രിനും വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഒന്നിച്ചു ജീവിക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് നാടുവിട്ട ഇവര്‍ക്ക് എതിരെ നസ്രിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.