ജേക്കബ് തോമസിന്റെ പുസ്തകം; ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി

സര്‍വീസിലിരിക്കെ ഡി.ജി.പി ജേക്കബ് തോമസ് തന്റെ ആത്മകഥ രചിച്ചതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ജേക്കബ് തോമസ് ആത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുന്‌പോള്‍’ എന്ന പുസ്തകം രചിച്ചത്.

പുസ്തകത്തിലെ 14 ഇടങ്ങളില്‍ ചട്ടലംഘനത്തിന് കാരണമാവുന്ന പരാമര്‍ശങ്ങള്‍ ഉണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. പുസ്തകത്തിലെ ഭാഗങ്ങള്‍ വിശദമായി പരിശോധിക്കാനും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രസ് ക്‌ളബ്ബില്‍ വച്ച് പ്രകാശനം നടത്താനിരുന്ന പുസ്തകം അവസാനനിമിഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറിയതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. നിയമപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ പിന്മാറ്റം.

സര്‍വീസിലിരിക്കെ ജേക്കബ് തോമസ് പുസ്തകം എഴുതിയത് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി കെ.സി. ജോസഫ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ജേക്കബ് തോമസിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണെന്നും ജോസഫ് വിശദീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറിയത്.

പുറത്തിറങ്ങുന്നതിനു മുമ്പേ വിവാദങ്ങളുടെ നിഴല്‍വീണ പുസ്തകമാണ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍. മുന്‍ യു.ഡി.എഫ് സര്‍ക്കാരിനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എതിരായ പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടെന്നാണ് പ്രധാന സൂചന. സപ്ലൈകോ എം.ഡിയായിരിക്കേ കോടികളുടെ ക്രമക്കേടുകള്‍ കണ്ടെത്തിയെങ്കിലും തട്ടിപ്പിലെ പ്രധാന കണ്ണി മരണമടഞ്ഞതിനാല്‍ പുസ്തകത്തില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.