കാവ്യാ മാധവന്‍ കുടുങ്ങും

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ ദിലീപിനു പിന്നാലെ ഭാര്യയും നടിയുമായ കാവ്യാ മാധവനും കുടുങ്ങിയേക്കും.
കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു. സുനിക്ക് ലക്ഷ്യയില്‍ വച്ച് പണം കൈമാറുന്ന ദൃശ്യങ്ങളും പൊലിസിന് ലഭിച്ചിട്ടുണ്ട്.

സമീപത്തെ കടയില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലിസിനു ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാവ്യയെ ഉടന്‍ പൊലിസ് ചോദ്യം ചെയ്യുമെന്നും അറിയുന്നു.
തെളിവുകള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചതും മനഃപൂര്‍വം പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാവും കാവ്യയെ അറസ്റ്റ് ചെയ്യുക. പള്‍സര്‍ സുനി ദിലീപിനായി നല്‍കിയ കത്തിലും കാക്കനാട്ടെ വസ്ത്രസ്ഥാപനത്തിന്റെ കാര്യം പറയുന്നുണ്ട്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കാനാണ് സ്ഥാപനത്തിലെത്തിയതെന്നും ദൃശ്യം മെമ്മറി കാര്‍ഡില്‍ സൂക്ഷിച്ചു ലക്ഷ്യയില്‍ എത്തിച്ചുവെന്നും സുനി പറഞ്ഞിരുന്നു.

മെമ്മറി കാര്‍ഡ് കൈമാറിയപ്പോള്‍ തന്നെയായിരിക്കും പണം സുനിക്ക് നല്‍കിയിട്ടുണ്ടാകുകയെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.
ആരാണു പണം കൈമാറിയതെന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. താന്‍ സംഭവ ശേഷം കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലാക്കി ലക്ഷ്യയില്‍ നല്‍കിയെന്നു പൊലിസിനോടു സുനി പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണു ലക്ഷ്യയില്‍ പൊലിസ് പരിശോധന നടത്തിയത്.

അതേസമയം, നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷക്കു പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രശ്‌നങ്ങളുടെ ഏതെങ്കിലും ഘട്ടത്തില്‍ നാദിര്‍ഷയുടെ സാന്നിധ്യം ഉണ്ടായിട്ടില്ല. എന്നാല്‍, ദിലീപിന്റെ സ്വഭാവ ദൂഷ്യങ്ങളെ തള്ളിപ്പറയാന്‍ നാദിര്‍ഷക്കു കഴിഞ്ഞിരുന്നില്ല. ഇതാണു നാദിര്‍ഷയിലേക്കു സംശയം നീളാന്‍ കാരണം.

അതേസമയം, ഇന്നലെ മുതല്‍ കാവ്യാ മാധവന്റെ ഫേസ്ബുക്ക് പേജ് പ്രവര്‍ത്തന രഹിതമായി. വിവാഹശേഷം കാവ്യ ഫേസ്ബുക്കില്‍ സജീവമായിരുന്നില്ല. അടുത്തിടെ കേസുമായി ബന്ധപ്പെട്ട് പേജില്‍ നെഗറ്റീവ് കമന്റുകള്‍ നിറഞ്ഞിരുന്നു. ഇന്നലെ വരെ ആക്ടീവ് ആയിരുന്ന പേജ് ഇന്നാണ് ഡി ആക്ടീവായത്.