മമ്മൂട്ടിയെ ബ്രാന്‍ഡ് അംബാസഡറാക്കി കോടികള്‍ പിരിച്ചു മുങ്ങിയ അവതാര്‍ ഗോള്‍ഡ് ജ്വല്ലറി ഉടമയുടെ ഭാര്യ അറസ്റ്റില്‍

മമ്മൂട്ടിയെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കി അവതരിപ്പിച്ച അവതാര്‍ ജ്വല്ലറി പൊട്ടിയതിനു പിന്നാലെ പണം നഷ്ടമായ നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് അവതാര്‍ ഗോള്‍ഡ് ഉടമയുടെ ഭാര്യ ഫൗസിയ അബ്ദുല്ലയെ പൊലീസ് അറസ്റ്റ്‌ചെയ്തു. പെരുമ്പാവൂരില്‍ ഒരു ജ്വല്ലറി ഏറ്റെടുത്ത് നടത്താന്‍ കരാര്‍ ഒപ്പുവെച്ചശേഷം ജ്വല്ലറിയിലുണ്ടായിരുന്ന 12 കോടി രൂപയുടെ ആഭരണങ്ങള്‍ കടത്തിക്കൊണ്ടുപോയി തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്.

തുടര്‍ന്ന് മുങ്ങുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തോടെ വിദേശത്തുനിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഫൗസിയയെ ചാവക്കാട്ടുനിന്ന് പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ കേസില്‍ അവതാര്‍ ഉടമ ഒ. അബ്ദുല്ലയെ നേരത്തേ പിടികൂടിയിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഫൗസിയയും മകന്‍ ഫാരിസും അറസ്റ്റ് ഒഴിവാക്കാന്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. ഇതില്‍ പ്രമുഖ പാര്‍ട്‌നര്‍മാരില്‍ ഒരാളായ ഫാരിസ് ഇപ്പോഴും ഒളിവിലാണ്.

മമ്മൂട്ടിയെ ബ്രാന്‍ഡ് അമ്പാസിഡറാക്കി കോടികളുടെ തട്ടിപ്പാണ് ഒ. അബ്ദുല്ലയും സംഘവും നടത്തിയത്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികളുമായി എത്തിയ ജ്വല്ലറി വിവിധ ജില്ലകളിലെ ഷോറൂമുകള്‍ ഒന്നിനു പിന്നാലെ ഒന്നെന്ന രീതിയില്‍ പൂട്ടിക്കെട്ടി. എന്നാല്‍, പണപ്പിരിവിനുശേഷം ഷോറൂമുകള്‍ പൂട്ടിക്കെട്ടി ഉടമകള്‍ മുങ്ങുകയായിരുന്നു.

ഏറ്റവുമൊടുവില്‍ കൊച്ചി ലുലുമാളിലെ ഷോറൂമും അടച്ചുപൂട്ടിയതോടെയാണ് അവതാര്‍ ഗ്രൂപ്പിന്റെ തട്ടിപ്പ് പൂര്‍ണമായത്.മമ്മൂട്ടിയെ ഉപയോഗിച്ചുള്ള വന്‍ പ്രചാരണങ്ങള്‍ക്ക് ലഭിച്ച സ്വീകര്യത മുതലാക്കിയാണ് സ്വര്‍ണ നിക്ഷേപ തട്ടിപ്പ് ആരംഭിച്ചത്. അവതാറിന്റെ ശാഖകളില്‍ ഗോള്‍ഡ് ഏല്‍പ്പിച്ചാല്‍ പ്രതിമാസം പലിശ നിരക്കിലുള്ള സ്വര്‍ണം ലഭിക്കുമെന്നുള്ള വാഗ്ദാനത്തില്‍ വഞ്ചിതരായവര്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടമായിരിക്കുന്നത്.ആയിരത്തിലധികം പേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്.

പെരുമ്പാവൂരിലെ ഫഫാസ് ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ ഉടമ വെങ്ങോല പട്ടരുമഠം സലീമിന്റെ പരാതിയിലാണ് അറസ്റ്റ്. ജ്വല്ലറി ഏറ്റെടുത്തുനടത്താമെന്ന് അബ്ദുള്ള കരാര്‍ ഒപ്പിട്ടിരുന്നു. തുടര്‍ന്ന്, ജ്വല്ലറിയിലുണ്ടായിരുന്ന 30 കിലോയിലേറെ സ്വര്‍ണം കൈക്കലാക്കി വഞ്ചിച്ചെന്നാണ് പരാതി. പൊലീസ് കേസെടുത്തത് അറിഞ്ഞ അബ്ദുല്ലയും കുടുംബവും ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.

തിരികെ കോഴിക്കോട്ടെത്തിയ സമയത്ത് പ്രത്യേക അന്വേഷണ സംഘം അബ്ദുല്ലയെ പിടികൂടി. പിന്നാലെ ഫൗസിയയും മകന്‍ ഫാരിസും കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്തു. രണ്ടാഴ്ച മുമ്പ് കേരളത്തിലേക്ക് മടങ്ങിയെങ്കിലും മംഗളൂരു എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ വിഭാഗം ഇവരെ അറസ്റ്റ്‌ചെയ്‌തെങ്കിലും മുന്‍കൂര്‍ ജാമ്യം ഹാജരാക്കി ഇരുവരും പുറത്തെത്തി. പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചതോടെ ഇരുവരുടെയും മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതോടെയാണ് വീണ്ടും അറസ്റ്റ് നടന്നത്.

രണ്ടാം ഘട്ടത്തിലാണ് കേരളത്തിലാദ്യാമായി സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുമായി അവതാര്‍ രംഗത്തെത്തുന്നത്. ആദ്യ ഘട്ടത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് കൃത്യമായി പലിശ ലഭിച്ചു. പിന്നീട് കോടികളുടെ സ്വര്‍ണം കുമിഞ്ഞു കൂടിയതോടെ അവതാര്‍ അടച്ചുപൂട്ടി മുങ്ങിയത്. കേരളത്തില്‍ വന്‍ തട്ടിപ്പിനുവേണ്ടിയുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്.

മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം 600 ല്‍ പരം നിക്ഷേപകരില്‍നിന്ന് 150 കോടി രൂപ തട്ടിയെടുത്തിരുന്നു. ഈ കേസ് പോലീസിലെ പ്രത്യേക സെല്‍ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ലഭിച്ച പരാതിയെ തുടര്‍ന്നു ഉത്തരവിട്ടിരുന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.

നിരവധി സാധാരണക്കാരുടെ അധ്വാനത്തിന്റെ ഫലമാണ് പ്രതികള്‍ കൈക്കലാക്കിയതെന്ന് കമ്മിഷന്‍ വ്യക്തമാക്കി. പ്രതികളില്‍ ചിലര്‍ക്കുള്ള വിദേശബന്ധം വ്യക്തമാണ്. വിവിധ ജില്ലകളിലായാണ് കേസ് വ്യാപിച്ചു കിടക്കുന്നത്. ചില സ്‌റ്റേഷനുകളില്‍ പരാതി സ്വീകരിക്കാന്‍ പോലീസ് തയാറാകുന്നില്ലെന്നത് ഗൗരവതരമാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. അവതാര്‍ തട്ടിപ്പ് സംബന്ധിച്ച മറ്റ് കേസുകളും പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്നു കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.

കോടിക്കണക്കിന് രൂപ തട്ടിയെടുത്തശേഷം എതിര്‍കക്ഷികള്‍ ആഡംബര ജീവിതം നയിക്കുകയാണെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി അബുബക്കര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഈ ഉത്തരവ് ഉണ്ടായത്.നേരത്തേ, അവതാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മമ്മൂട്ടിക്കെതിരേയും ആക്ഷന്‍ കമ്മിറ്റി രംഗത്തെത്തിയിരുന്നു. അവതാര്‍ തട്ടിപ്പില്‍ ബ്രാന്‍ഡ് അംബാസിഡറായിരുന്ന നടന്‍ മമ്മൂട്ടിയെ പ്രതിചേര്‍ക്കണമെന്ന നിക്ഷേപകരുടെ പരാതി മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് നിക്ഷേപകരെ അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഉടമകള്‍ കബളിപ്പിച്ചെന്നാണ് പരാതി. 150 കോടിയുടെ നിക്ഷേപത്തട്ടിപ്പ് അവതാര്‍ ഗോള്‍ഡ് നടത്തിയതെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നേരത്തെ അവതാര്‍ ഗോള്‍ഡിന്റെ മൂന്ന് ഉടമകളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. മമ്മൂട്ടിക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നിക്ഷേപകര്‍ നേരത്തെ അറിയിച്ചിരുന്നു.

നിക്ഷേപ സമാഹരണത്തിന്റെ സമയത്തേ ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡര്‍ മമ്മൂട്ടിയാണെന്ന് ഉടമകള്‍ തങ്ങളോട് പറഞ്ഞിരുന്നതായി സമരസമിതി കണ്‍വീനര്‍ അബൂബക്കര്‍ വ്യക്തമാക്കിയിരുന്നു. ‘മമ്മൂട്ടിയിലുള്ള വിശ്വാസംകൊണ്ടാണ് പലരും രണ്ടാമതൊന്നാലോചിക്കാതെ അന്ന് നിക്ഷേപം നടത്തിയത്. ഇത്രയധികം നിക്ഷേപകരും പണവും എത്തിയതും മമ്മൂട്ടി എന്ന സാന്നിധ്യം ഉള്ളതിനാലാണ്’, ഇത് വ്യക്തമാക്കിയാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയതും. അവതാര്‍ ഗോള്‍ഡ് ഉടമയുടെ ഭാര്യ ഫൗസിയ അബ്ദുല്ലയും അറസ്റ്റിലായതോടെ നിക്ഷേപകരെ പരസ്യത്തിലൂടെ ആകര്‍ഷിച്ച മമ്മൂട്ടിക്ക് എതിരെയും പോലീസ് അന്വേഷണം വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണം ഉയര്‍ന്നാണ് മലയാള സിനിമയിലെ മെഗാസ്റ്റാറും കേസില്‍ കുടുങ്ങും.