വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തിരുനല്‍വേലി സ്വദേശി മുരുകനെ ആറ് ആശുപത്രികള്‍ ചികിത്സ നല്‍കാതെ തിരിച്ചയച്ചതും ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചതും അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതേക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം ഭാവിയില്‍ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള സംവിധാനവും ക്രമീകരണവും സര്‍ക്കാര്‍ ഉണ്ടാക്കും. ചികിത്സ നല്‍കാതെ രോഗിയെ തിരിച്ചയ്ക്കുന്നതു നിയമവിരുദ്ധമായതുകൊണ്ട് ബന്ധപ്പെട്ട ആശുപത്രികള്‍ക്കെതിരെ ഇതിനകം തന്നെ കേസ് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇന്നലെയാണ് വാഹനാപകടത്തിൽ പരുക്കേറ്റ തമിഴ്നാട് സ്വദേശി, ചികിൽസ നൽകാൻ സ്വകാര്യ ആശുപത്രികൾ വിസമ്മതിച്ചതിനെതുടർന്നു മണിക്കൂറുകൾക്കുശേഷം ആംബുലൻസിൽ കിടന്ന് മരിച്ചത്. മുരുകൻ (47) ആണു മരിച്ചത്. ഇന്നലെ രാത്രി 11നു ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിച്ചായിരുന്നു അപകടം. നാട്ടുകാരും ട്രാഫിക് വൊളന്റിയർമാരും ചേർന്നു മുരുകനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ഇല്ലെന്നു പറഞ്ഞു മടക്കി.
തുടർന്ന് വെന്റിലേറ്ററുള്ള ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അവിടെയും വെന്റിലേറ്റർ ഇല്ലെന്നു പറഞ്ഞു തിരിച്ചയച്ചു. കൊല്ലം നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലും കൊണ്ടുപോയെങ്കിലും ഒപ്പം ബന്ധുക്കളാരും ഇല്ലെന്നും വെന്റിലേറ്റർ ഒഴിവില്ലെന്നും പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. തുടർന്നു കൊല്ലം ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പുലർച്ചെ ആറിനു മരിച്ചു.











































