ബി.ജെ.പി നേതാവിന്റെ ഗോശാലയില്‍ 200 പശുക്കള്‍ പട്ടിണി മൂലം ചത്തു

റായ്പൂര്‍: ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയില്‍ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ പട്ടിണിയും മരുന്നുമില്ലാതെ ഇരുനൂറോളം പശുക്കള്‍ ചത്തു. അമ്പതിലധികം പശുക്കള്‍ ഗുരുതരാവസ്ഥയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഗോശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പശുക്കളുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്നാണ് പട്ടിണിമൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചത്.

ബിജെപി നേതാവ് ഹരീഷ് വര്‍മയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോശാല. കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ പശുക്കള്‍ മരിച്ചിരുന്നെന്നും ജെസിബി ഉപയോഗിച്ച് ഇവയെ കുഴിച്ചുമൂടിയെന്നും സമീപവാസികള്‍ പറഞ്ഞു.

പശുക്കള്‍ ചത്തത് സംബന്ധിച്ച് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എന്നാല്‍ മതില്‍ ഇടിഞ്ഞ് വീണാണ് പശുക്കള്‍ ചത്തതെന്നാണ് ഹരീഷ് ശര്‍മയുടെ വാദം. 27 പശുക്കള്‍ മാത്രമാണ് പട്ടിണി മൂലം ചത്തതെന്നാണ് ഔദ്യോഗികമായ കണക്ക്.

ചാകുന്ന പശുക്കളെ അപ്പപ്പോള്‍ കുഴിച്ചുമൂടുന്നതായും നിരവധി പശുക്കളുടെ ജഡങ്ങള്‍ ഗോശാലയിലും പരിസരത്തും കിടക്കുന്നതായും ഗ്രാമവാസികള്‍ പറയുന്നു.