ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ജയലളിതയോടുള്ള ആദരസൂചകമായി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിച്ചിടും. ചൊവ്വാഴ്ച ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ യോഗമാണ് പ്രമേയം പാസാക്കിയത്.. ജനറല്‍ കൗണ്‍സില്‍ യോഗം സ്റ്റേ ചെയ്യണമെന്ന ടിടിവി ദിനകരന് പക്ഷത്തിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ജനറല്‍ കൗണ്‍സില്‍ യോഗം വിളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിനകരന് പക്ഷത്തെ എസ് വെട്രിവേല്‍ എംഎല്‍എയാണ് കോടതിയെ സമീപിച്ചത്. അനാവശ്യ ഹര്‍ജി നല്കി കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് വെട്രിവേലിന് ഒരു ലക്ഷം രൂപയുടെ പിഴയും കോടതി വിധിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് വിമര്‍ശിച്ച കോടതി യോഗത്തിനെതിരെ പരാതി ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
മുഖ്യമന്ത്രി മാറിയില്ലെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന മുന്നറിയിപ്പുമായി ടി.ടി.വി ദിനകരന് മുന്നറിയിപ്പുമായി രംഗത്തുണ്ട്.
ജനറല്‍ കൗണ്‍സിലും എക്സിക്യൂട്ടീവ് കമ്മറ്റിയും നടക്കുന്ന ചെന്നൈ മധുരവയല്‍ വാ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തി അഞ്ഞൂറിലധികം ഭാരവാഹികള്‍ പങ്കെടുക്കുന്നു. പാർട്ടി മേല്‍നോട്ടത്തിനായി രൂപീകരിച്ച സ്റ്റിയറിങ് കമ്മിറ്റിയുടെ സെക്രട്ടറിയായി ഉപമുഖ്യന്ത്രി ഒ.പനീർസെൽവത്തേയും ഡെപ്യൂട്ടി സെക്രട്ടറിയായി മുഖ്യമന്ത്രി എടപ്പാടി പളനിസാമിയേയും തിരഞ്ഞെടുത്ത നടപടിക്ക് യോഗം അംഗീകാരം നൽകി. പാര്‍ട്ടിയില്‍ ഒ.പി.എസിനും ഇ.പി.എസിനുമുള്ള സ്വാധീനം ദൃഢപ്പെടുത്തുന്ന തീരുമാനങ്ങളാണ് യോഗത്തില്‍ കൈക്കൊണ്ടത്.
നേരത്തെ, രാത്രിവരെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ, എക്സിക്യൂട്ടീവ് യോഗങ്ങൾ തടയണമെന്ന ദിനകരൻ പക്ഷത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയത്. പി.വെട്രിവേൽ എംഎൽയുടെ ഹർജി രാവിലെ തന്നെ സിംഗിൾ ബെഞ്ച് തള്ളുകയും കോടതിയുടെ സമയം നഷ്ടമാക്കിയതിന് ഒരുലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വെട്രിവേൽ ചീഫ് ജസ്റ്റിസിനെ സമീപിച്ചതോടെയാണു ഹർജി ഡിവിഷൻ ബെഞ്ചിനു കൈമാറിയത്. രാത്രിവരെ നീണ്ട വാദം കേൾക്കലിനൊടുവിൽ സിംഗിൾ ബെഞ്ച് വിധി ശരിവയ്ക്കുകയായിരുന്നു.
എന്നാല്‍, കൗണ്‍സില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ കോടതിയാവും അന്തിമ വിധി പുറപ്പെടുവിക്കുക. 24നു ഹർജി വീണ്ടും പരിഗണിക്കുമ്പോൾ ഇന്നത്തെ യോഗത്തിലെ തീരുമാനങ്ങൾ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ, ജനറല്‍ കൗണ്‍സില്‍ സ്റ്റേ ചെയ്ത് ബംഗലൂരു സിറ്റി സെഷന്‍സ് കോടതി ഉത്തരവിട്ടെങ്കിലും ഹൈക്കോടതി വിധിയോടെ അത് അസാധുവായി.