ഒരു മലയാളി കൂടി ഐഎസ് കേന്ദ്രത്തില്‍ എത്തിയതായി സ്ഥിരീകരണം. മലപ്പുറത്ത് നിന്നും കാണാതായ യുവാവ് ഐഎസ് കേന്ദ്രത്തിലെത്തി എന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ മാതാവിന് ലഭിച്ചു. പള്ളിപ്പടി സ്വദേശി നജിബാണ് ഇസ്ലാമിക്ക് സ്റ്റേറ്റിലെത്തിയതായി സന്ദേശം അയച്ചിരിക്കുന്നത്. തന്നെ ഇനി കാത്തിരിക്കേണ്ടെന്നും ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും ടെലഗ്രാം ആപ്പ് വഴി അയച്ച സന്ദേശത്തില്‍ പറയുന്നു.
കഴിഞ്ഞമാസം 26 ആം തിയതിയാണ് മലപ്പുറം പൊന്‍വള പള്ളിപ്പടി സ്വദേശി നജീബ് രാജ്യം വിട്ടത്. ഐഎസ് ആശയങ്ങളില്‍ തല്പ്പരനായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് കുടുംബത്തിന് ലഭിച്ചത്. ലക്ഷ്യസ്ഥാനത്തെത്തിയെന്നും, ഞങ്ങള്‍ മരണം വരിക്കാന്‍ കാത്തിരിക്കുന്നുവെന്നും മാതാവിന് അയച്ച സന്ദേശത്തില്‍ നജീബ് പറയുന്നു. നജീബ് മാതാവിന് അയച്ച സന്ദേശത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
താന്‍ അയച്ച സന്ദേശം പൊലീസിന് നല്‍കരുതെന്നും, തന്നെ കാത്തിരിക്കേണ്ടെന്നും നജീബ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഇത് അവസാനമായി അയക്കുന്ന സന്ദേശമാണെന്നും പൊലീസിനെ അറിയിച്ചാല്‍ നിങ്ങള്‍ക്ക് തന്നെയാകും കുഴപ്പമെന്നും സന്ദേശത്തില്‍ നജീബ് പറഞ്ഞു.
അതേസമയം തങ്ങള്‍ ഇന്ത്യക്കാരാണെന്നും, ഇവിടെ താമസിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും പലായനം ചെയ്യാന്‍ ആവശ്യപ്പെട്ട മകനോട് മാതാവ് വ്യക്തമാക്കി. നജീബിന്റെ തിരോധാനത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിച്ചുവരികയാണ്.